ആളുകൾക്ക് എന്നും സ്ഥിര നിക്ഷേപം അഥവാ ഫിക്സഡ് ഡെപ്പോസിറ്റിനോട് ഒരു പ്രത്യേക താൽപ്പര്യമാണ്. നിക്ഷേപിക്കുന്ന തുകയുടെ സുരക്ഷ, ഉറപ്പായ വരുമാനം എന്നിവയാണ് സ്ഥിര നിക്ഷേപത്തെ ജനപ്രിമാക്കുന്ന ഘടകങ്ങൾ. കല്യാണം, പുതിയ വാഹനം വാങ്ങാൽ, റിട്ടയർമെന്‍റ് ജീവിതം ആസ്വദിക്കാൻ തുടങ്ങി എല്ലാ പ്രധാനപ്പെട്ട കാര്യങ്ങൾക്കുമായി സ്ഥിര നിക്ഷേപത്തിലൂടെ സമ്പാദ്യം വർധിപ്പിക്കുന്നവരാണ് എല്ലാവരും.
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയിൽ സ്ഥിര നിക്ഷേപം ലഭ്യമാണ്. അതുകൊണ്ടു തന്നെ എന്താണ് സാമ്പത്തിക ലക്ഷ്യമെന്ന് ആദ്യമേ കണക്ക് കൂട്ടി അതിനനുസരിച്ചുള്ള കാലാവധി തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാലാവധിക്കനുസരിച്ച് പലിശ നിരക്കിലും മാറ്റമുണ്ടാകും.
രാജ്യത്തെ പ്രധാനപ്പെട്ട ബാങ്കുകൾ 3 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉയർന്ന പലിശ നിരക്ക് നൽകുന്ന ബാങ്കുകൾ ഏതെന്ന് പരിശോധിക്കാം.
1. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 2024 ജൂലൈ 1 മുതൽ സ്ഥിര നിക്ഷേപത്തിന്‍റെ പലിശ നിരക്കുകൾ പരിഷ്കരിച്ചതായി ബാങ്കിൻ്റെ വെബ്‌സൈറ്റിൽ പറയുന്നു. 3 കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപത്തിന് പുതിയ നിരക്കുകൾ ബാധകമാണ്. മുതിർന്ന പൗരന്മാർക്ക് 666 ദിവസം കാലാവധിയുള്ള നിക്ഷേപത്തിന് 7.8 ശതമാനം പലിശ നേടാം. അതേസമയം സാധാരണ നിക്ഷേപകർക്ക് ഇതേ കാലാവധിയിൽ ലഭിക്കുക 7.3 ശതമാനം പലിശയാണ്.

2. ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് ഓഫ് ഇന്ത്യ 2024 ജൂൺ 30 മുതൽ ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്ഡി) പലിശ നിരക്കുകൾ പരിഷ്കരിച്ചതായി ബാങ്കിൻ്റെ വെബ്‌സൈറ്റിൽ പറയുന്നു. 3 കോടി രൂപ വരെയുള്ള എഫ്ഡികൾക്ക് പുതുക്കിയ എഫ്ഡി നിരക്കുകൾ ബാധകമാണ്. 666 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിനാണ് ബാങ്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ധാനം ചെയ്യുന്നത്. 7.8 ശതമാനം. സാധാരണ നിക്ഷേപകർക്ക് 7.3 ശതമാനം പലിശ ലഭിക്കും.
3. ഇൻഡസ്ഇൻഡ് ബാങ്ക്
ഇൻഡസ്ഇൻഡ് ബാങ്ക് മൂന്ന് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്ക് പരിഷ്കരിച്ചു. ബാങ്കിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, പുതിയ നിരക്കുകൾ 2024 ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വന്നു.
സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 3.50% മുതൽ 7.75% വരെ പലിശ നേടാം. 1 മുതൽ 2 വർഷം വരെ കാലാവധിയുള്ള നിക്ഷേപത്തിനാണ് ഏറ്റവും ഉയർന്ന പലിശയായ 7.75 ശതമാനം ബാങ്ക് നൽകുന്നത്.

4. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്
ഉജ്ജീവന് സ്മോൾ ഫിനാൻസ് ബാങ്ക് 2024 ജൂലൈ 1 മുതൽ ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) പലിശ നിരക്കുകൾ പരിഷ്കരിച്ചതായി ബാങ്കിൻ്റെ വെബ്‌സൈറ്റിൽ പറയുന്നു. 3 കോടി രൂപ വരെയുള്ള എഫ്ഡികൾക്ക് പുതുക്കിയ എഫ്ഡി നിരക്കുകൾ ബാധകമാണ്. 12 മാസത്തെ കാലാവധിയിൽ മുതിർന്ന പൗരന്മാർക്ക് ബാങ്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് 8.75% വാഗ്ദാനം ചെയ്യുന്നു. സാധാരണ നിക്ഷേപകർക്ക് 12 മാസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 8.25 ശതമാനം പലിശ നേടാം.
5. ആക്സിസ് ബാങ്ക്
ആക്‌സിസ് ബാങ്ക് അതിൻ്റെ ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) പലിശ നിരക്കുകൾ 2024 ജൂലൈ 1 മുതൽ പരിഷ്കരിച്ചതായി ബാങ്കിൻ്റെ വെബ്‌സൈറ്റിൽ പറയുന്നു. 3 കോടി രൂപ വരെയുള്ള എഫ്ഡികൾക്ക് പുതുക്കിയ എഫ്ഡി നിരക്കുകൾ ബാധകമാണ്. 5 വർഷം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ മുതിർന്ന പൗരന്മാർക്ക് ബാങ്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.75% വാഗ്ദാനം ചെയ്യുന്നു. 17 മുതൽ 18 മാസം വരെ കാലാവധിയുള്ള നിക്ഷേപത്തിന് 7.2 ശതമാനം പലിശയും നേടാം.


Click it and Unblock the Notifications