നിങ്ങളുടെ എൽഐസി പ്രീമിയം നഷ്ടമായോ? പേടിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ല, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
സാമ്പത്തിക സുരക്ഷയും ആരോഗ്യ സുരക്ഷയും ഒരുപോലെ വാഗ്ദാനം ചെയ്യുന്ന പദ്ധതികളാണ് എൽഐസി പോളിസികൾ വാഗ്ദാനം ചെയ്യുന്നത്. ഓരോ പോളിസികളും വ്യത്യസ്ത സ്വഭാവമുള്ളവയാണ്. എന്നാൽ ഇവയുടെ പ്രീമിയം വളരെ പ്രധാനപ്പെട്ടതാണ്. ഓരോ സ്കീമിൻ്റെയും പ്രീമിയം തുക വേറിട്ടതാണ്. ഒരുപക്ഷേ എന്തെങ്കിലും കാരണത്താൽ ഒരു പ്രീമിയം പേഔട്ട് നഷ്ടമായാൽ പോളിസി വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങളും നഷ്ടമാവില്ലേ?.
എങ്കിൽ ഇനി ആ പേടി വേണ്ട. പോളിസി ഉടമ പ്രീമിയം തുക അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ അതിന് അനുയോജ്യമായ ഓപ്ഷനുകൾ ഉപയോഗിച്ച് പോളിസി പ്ലാനുകൾ വീണ്ടും സജീവമാക്കാൻ സാധിക്കും. നിങ്ങൾക്ക് പോളിസിയിൽ തുടരണമെന്ന് ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും ഇത് ഉറപ്പാക്കാം.
എൽഐസി പ്രീമിയം പേയ്‌മെന്റുകൾ നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കുമെന്നും പോളിസി കാലഹരണപ്പെട്ടാൽ എങ്ങനെ അത് വീണ്ടും സജീവമാക്കാമെന്നും വിശദമായി അറിയാം;
നിങ്ങളുടെ എൽഐസി പ്രീമിയം അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തായിരിക്കും അതിൻ്റെ പരിണിത ഫലം? നിങ്ങളുടെ പോളിസി നിഷ്ടമാവുന്നതിലേക്ക് ഇത് എത്തുമോ? ഇന്ത്യയിലെ ഒരു പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പോളിസികൾക്ക് ഒരു ഗ്രേസ് പിരീഡ് വാഗ്ദാനം ചെയ്യുന്നു. അതായത് പ്രതിമാസ പേയ്‌മെന്റുകൾക്ക് 15 ദിവസവും ത്രൈമാസ, അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക പേയ്മെൻ്റുകൾക്കും 30 ദിവസവും പേയ്മെൻ്റിന് സമയം അനുവദിക്കുന്നുണ്ട്.
ഒരുപക്ഷേ നിങ്ങളുടെ പ്രീമിയം പേഔട്ട് നഷ്ടമായാൽ ഈ അധിക സമയപരിധി പ്രയോജനപ്പെടുത്താം. ഈ ഗ്രേസ് പിരീഡിനുള്ളിൽ പ്രീമിയം അടച്ചില്ലെങ്കിൽ മാത്രമേ നിങ്ങളുടെ പോളിസി ലാപ്‌സ് ആകുകയുള്ളൂ. ഗ്രേസ് പിരീഡ് അവസാനിച്ചാൽ ലൈഫ് കവർ താൽക്കാലികമായി നിർത്തിവെക്കും. ഒപ്പം ബോണസും ലോയൽറ്റി ആനുകൂല്യങ്ങളും നിർത്തിവെക്കും. കൂടാതെ മെച്യൂരിറ്റി അല്ലെങ്കിൽ സർവൈവൽ ആനുകൂല്യങ്ങൾക്കുള്ള യോഗ്യത നിങ്ങൾക്ക് നഷ്ടപ്പെടും. അതിനാൽ പിന്നീട് നിങ്ങളുടെ പോളിസി ആക്ടിവേറ്റ് ചെയ്യാൻ സാധിക്കില്ല.

നിങ്ങളുടെ പോളിസി എങ്ങനെ വീണ്ടും സജീവമാക്കാം?
നിങ്ങളുടെ എൽഐസി പോളിസി 2 വർഷത്തിനുള്ളിൽ അല്ലെങ്കിൽ ചിലപ്പോൾ 5 വർഷം വരെ വീണ്ടും സജീവമാക്കാം. അതിനു താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം;
ഓർഡിനറി റിവൈവൽ: ഈ രീതി പരീക്ഷിക്കുകയാണെങ്കിൽ നിങ്ങൾ 8-10 ശതമാനം പലിശയോടെ നഷ്ടപ്പെട്ട എല്ലാ പ്രീമിയങ്ങളും അടയ്ക്കേണ്ടിവരും.
സ്പെഷ്യൽ റിവൈവൽ: പോളിസി ആരംഭിച്ച തീയതിയിൽ മാറ്റങ്ങൾ വരുത്തുക. 2-5 വർഷം വരെ ലാപ്സായ പോളിസികൾക്ക് ഈ രീതി ഉപയോഗിക്കാം.
ലോൺ-കം-റിവൈവൽ: പോളിസിയുടെ സറണ്ടർ മൂല്യം ഒരു ലോണായി ഉപയോഗിച്ച്, പോളിസി വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ആവശ്യമായ തുക അടയ്ക്കുന്ന രീതിയാണിത്.
ഇൻസ്റ്റാൾമെന്റ് റിവൈവൽ: എൽഐസി പോളിസി വീണ്ടും പ്രവർത്തനക്ഷമമാക്കുന്നതിന് കുടിശ്ശികയുള്ള തുക ഓരോ ഭാഗങ്ങളായി അടയ്ക്കുക.
റിവൈവൽ കാമ്പയിനുകൾ: ചില പ്രത്യേക കാമ്പയിനുകളിൽ, എൽഐസി നിങ്ങളുടെ വൈകിയ ഫീസുകൾ ഒഴിവാക്കിയേക്കാം.
പോളിസി വീണ്ടെടുക്കുന്നതിനുള്ള പ്രക്രിയ
- അടുത്തുള്ള എൽഐസി ബ്രാഞ്ചിലോ, അല്ലെങ്കിൽ ഏജന്റിനെയോ സന്ദർശിച്ച് നിങ്ങളുടെ പോളിസി സ്റ്റാറ്റസ് പരിശോധിക്കുക.
- ഫോം 680 അല്ലെങ്കിൽ എൽഐസി നൽകുന്ന ഒരു റിവൈവൽ റിക്വസ്റ്റ് ഫോം പൂരിപ്പിക്കുക.
- നഷ്ടപ്പെട്ട എല്ലാ പ്രീമിയങ്ങളും പലിശ സഹിതം അടയ്ക്കുക.
- നിങ്ങളുടെ പോളിസികൾ 6 മാസത്തിൽ കൂടുതൽ കാലഹരണപ്പെട്ടതോ അല്ലെങ്കിൽ ഉയർന്ന തുകയുള്ള ഇൻഷുറൻസ് പ്ലാനുള്ളതോ ആണെങ്കിൽ എൽഐസി ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്ന് മെഡിക്കൽ റിപ്പോർട്ടുകളോ ഹെൽത്ത് ഡിക്ലറേഷൻ ഫോമോ ആവശ്യപ്പെട്ടേക്കാം.
- ഇത്രയും പ്രക്രിയ പൂർത്തിയായാൽ നിങ്ങളുടെ പോളിസി വീണ്ടും സജീവമായി. ഇത് അറിയിക്കുന്ന എൽഐസിയുടെ ഔദ്യോഗിക സന്ദേശവും നിങ്ങൾക്ക് ലഭിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


