ദിവസവും ഇപ്പോൾ മ്യൂച്വൽ ഫണ്ടിന്‍റെ പരസ്യം നമ്മൾ ടിവിയിലും പത്രങ്ങളിലും മറ്റിടങ്ങളിലുമായി കാണുകയും വായിക്കുകയും കേൾക്കുകയും ചെയ്യാറുണ്ട് അല്ലേ. കൃത്യമായ ധാരണ മ്യൂച്വൽ ഫണ്ടിനെക്കുറിച്ചുണ്ടെങ്കിൽ വലിയ ലാഭം നേടാൻ സാധിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തിയ ആളുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട് എന്നത് പുതിയ കാലത്ത ജനപ്രിയ നിക്ഷേപ മാർഗമായി മ്യൂച്വൽ ഫണ്ട് മാറുന്നു എന്നതിന്‍റെ സൂചനയാണ്.
നമുക്ക് എന്തായാലും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെക്കുറിച്ചും കഴിഞ്ഞ ഒരു വർഷത്തിനിടെ മികച്ച ലാഭം നൽകിയ ഒരു മ്യൂച്വൽ ഫണ്ടിനെക്കുറിച്ചും വിശദമായി അറിയാം.
എന്താണ് മ്യൂച്വൽ ഫണ്ടുകൾ..?
ഒരു കൂട്ടം ആളുകൾ അഥവാ നിക്ഷേപകർ ചേർന്ന് സമാഹരിക്കുന്ന പണം ഒന്നിച്ച് ചേർത്ത് രൂപീകരിക്കുന്നതാണ് മ്യൂച്വൽ ഫണ്ട്. ഒരു പ്രൊഫഷണൽ ഫണ്ട് മാനേജരാകും മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുക. പൊതുവായ നിക്ഷേപ ലക്ഷ്യങ്ങളുള്ള ഒരു കൂട്ടം നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ചുകൊണ്ടാണ് മ്യൂച്വൽ ഫണ്ട് രൂപീകരിക്കുക.
വിവിധതരം മ്യൂച്വൽ ഫണ്ടുകൾ
ഇക്വിറ്റി ഫണ്ട്, സെക്ടർ ഫണ്ട്, തീമാറ്റിക് ഫണ്ട് തുടങ്ങി നിരവധി മ്യൂച്വൽ ഫണ്ട് വിഭാഗങ്ങളുണ്ട്. ദീർഘകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമായ സ്കീമാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ. ഇക്വിറ്റി ഫണ്ടുകളിൽ ഉയർന്ന വരുമാനം ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. വിപണിയിൽ ഏകദേശം 265 ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുണ്ട്. അതിൽ മികച്ച പ്രകടനം നടത്തിയ മ്യൂച്വൽ ഫണ്ടാണ് ക്വാണ്ട് വാല്യു ഫണ്ട്.

ക്വാണ്ട് വാല്യു ഫണ്ട്
വാല്യൂ റിസർച്ച് അനുസരിച്ച്, ക്വാണ്ട് വാല്യു ഫണ്ട് കഴിഞ്ഞ വർഷം 75.36 ശതമാനം റിട്ടേൺ നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്. 2021 നവംബർ 30-ന് ആരംഭിച്ച ക്വാണ്ട് വാല്യു ഫണ്ട്, മൂല്യമുള്ള സ്റ്റോക്കുകളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയിൽ നിക്ഷേപിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഓപ്പൺ-എൻഡ് ഇക്വിറ്റി സ്‌കീമാണ്. 2024 മെയ് 17 വരെ, ഫണ്ടിൻ്റെ മൊത്തം അസറ്റ് മൂല്യം 19.94 രൂപയാണ്.
നിക്ഷേപ ലക്ഷ്യം
പ്രധാനമായും മൂല്യമുള്ള സ്റ്റോക്കുകളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയിൽ നിക്ഷേപിച്ച് ദീർഘകാലാടിസ്ഥാനത്തിൽ മൂലധന വിലമതിപ്പ് നേടുക എന്നതാണ് ഫണ്ടിന്‍റെ പ്രാഥമിക ലക്ഷ്യം.
നിക്ഷേപം ഏത് രീതിയിൽ..?
ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 5000 രൂപയാണ്. അതേസമയം എസ്ഐപി നിക്ഷേപമാണെങ്കിൽ 1000 രൂപയും. ലോക് ഇൻ കാലയളവില്ല എന്നതും നേട്ടമാണ്. നിക്ഷേപം നടത്തി 15 ദിവസത്തിനുള്ളിൽ പുറത്തുകടക്കുകയാണെങ്കിൽ 1 ശതമാനം തുക എക്സിറ്റ് ലോഡായി ഈടാക്കും.
ഫണ്ട് മാനേജ്‌മെൻ്റ് ടീം
സന്ദീപ് ടണ്ടൻ, അങ്കിത് പാണ്ഡെ, സഞ്ജീവ് ശർമ്മ, വാസവ് സഹഗൽ എന്നിവരടങ്ങുന്നതാണ് ഫണ്ട് മാനേജ്‌മെൻ്റ് ടീം.

മികച്ച നിക്ഷേപ മാർഗം
ഫണ്ടിന്‍റെ സമീപകാല പ്രകടനം കണക്കിലെടുക്കുമ്പോൾ, ഉയർന്ന വരുമാനം തേടുന്ന നിക്ഷേപകർക്ക് ക്വാണ്ട് വാല്യു ഫണ്ട് ഒരു മികച്ച നിക്ഷേപ മാർഗമാണ്. അതേ സമയം ഫണ്ടിൻ്റെ ഡൈനാമിക് സ്ട്രാറ്റജി, പ്രതിഫലം നൽകുമ്പോൾ, ഉയർന്ന അപകടസാധ്യതയും ഉണ്ടാക്കിയേക്കാം. ഫണ്ടുകൾ നിക്ഷേപിക്കുന്നതിന് മുമ്പ് നിക്ഷേപകർ അവരുടെ റിസ്ക് ടോളറൻസ് വിലയിരുത്തണം.
വിപണി സാഹചര്യങ്ങൾ
മുൻകാല പ്രകടനം എല്ലായ്പ്പോഴും ഭാവി ഫലങ്ങളെ സൂചിപ്പിക്കുന്നില്ല എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. വിപണിയുടെ വികാരത്തിൽ മാറ്റം സംഭവിക്കാം. ഇത് ഫണ്ടിൻ്റെ പ്രകടനത്തെ ബാധിക്കും. അതുകൊണ്ടു തന്നെ ദീർഘകാല നിക്ഷേപം നടത്തുന്നതാണ് ഏറ്റവും അനുയോജ്യം.
അറിയിപ്പ് :
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications