യുപിഐ മുതൽ ക്രെഡിറ്റ് കാർഡ് വരെ മാറും: 2025 ജൂലൈ മുതൽ പുതിയ സാമ്പത്തിക നിയമങ്ങൾ വരുന്നു
2025 ജൂലൈ മുതൽ പ്രാബല്യത്തിൽ വരുന്ന സാമ്പത്തിക നിയമങ്ങൾ ഓരോ വ്യക്തികളെയും ബിസിനസ്സുകളെയും ഒരുപോലെ ബാധിക്കാൻ സാധ്യതയുണ്ട്. പുതുക്കിയ യുപിഐ ചാർജ്ബാക്ക് നിയമങ്ങൾ, തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ, പാൻ കാർഡിന് അപേക്ഷിക്കാൻ ആധാർ നിർബന്ധമാക്കൽ എന്നിവ 2025 ജൂലൈ മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങളിൽ ചിലതാണ്. ഇത്തരത്തിൽ 2025 ജൂലൈ മുതൽ ശ്രദ്ധിക്കേണ്ട പ്രധാന സാമ്പത്തിക മാറ്റങ്ങൾ എന്തെല്ലാം? ഓരോന്നും അറിയാം.
യുപിഐ ചാർജ്ബാക്ക് നിയമങ്ങൾ
യുപിഐ ഇടപാടുകളിലെ തട്ടിപ്പുകൾ കുറയ്ക്കുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അടുത്തിടെ യുപിഐ ചാർജ്ബാക്ക് നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച്, ഒരു ചാർജ്ബാക്ക് അപേക്ഷ നിരസിക്കപ്പെട്ടാൽ, ബാങ്കുകൾക്ക് എൻപിസിഐയുടെ അനുമതിയില്ലാതെ തന്നെ അത്തരം അപേക്ഷകൾ വീണ്ടും പരിഗണിക്കാവുന്നതാണ്.
നിലവിലെ നിയമം അനുസരിച്ച്, ഒരു ചാർജ്ബാക്ക് അപേക്ഷ നിരസിക്കപ്പെട്ടാൽ ബാങ്ക് യുപിഐ റഫറൻസ് കംപ്ലയിന്റ്സ് സിസ്റ്റം (യുആർസിഎസ്) വഴി എൻപിസിഐയെ അറിയിക്കുകയും അവരുടെ അനുമതി ലഭിച്ച ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂ. ഈ രീതി ഒഴിവാക്കുന്നതിലൂടെ നടപടിക്രമങ്ങൾ എളുപ്പമാകും.

പാൻ കാർഡിന് ആധാർ നിർബന്ധം
പുതിയ പാൻ കാർഡിന് അപേക്ഷിക്കുന്നതിന് 2025 ജൂലൈ 1 മുതൽ ആധാർ കാർഡ് നിർബന്ധമാകും. നേരത്തെ, ഏതെങ്കിലും തിരിച്ചറിയൽ രേഖയും ജനന സർട്ടിഫിക്കറ്റും ഉപയോഗിച്ച് പാൻ കാർഡിന് അപേക്ഷിക്കാമായിരുന്നു. എന്നാൽ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്സസ് (സിബിഡിടി) പ്രകാരം 2025 ജൂലൈ 1 മുതൽ ആധാർ വെരിഫിക്കേഷൻ നിർബന്ധമാണ്.
തത്കാൽ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ
2025 ജൂലൈയിൽ തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. 2025 ജൂലൈ 1 മുതൽ ഐആർസിടിസിയുടെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ വെരിഫിക്കേഷൻ നിർബന്ധമാണ്. കൂടാതെ, ജൂലൈ 15 മുതൽ തത്കാൽ ടിക്കറ്റ് ബുക്കിംഗിന് ഒടിപി നിർബന്ധമാക്കും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താക്കളുടെ മൊബൈലിലേക്ക് ഒടിപി ലഭിക്കുകയും അത് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതുമാണ്. കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) കൗണ്ടറുകളിൽ നിന്നും തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ ഒടിപി നിർബന്ധമാണ്.
അംഗീകൃത ടിക്കറ്റിംഗ് ഏജന്റുമാർക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതിന് ശേഷമുള്ള ആദ്യ 30 മിനിറ്റിനുള്ളിൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവാദമില്ല. എസി ക്ലാസ് തത്കാൽ ടിക്കറ്റുകൾ രാവിലെ 10:00 മുതൽ 10:30 വരെയും, നോൺ-എസി ക്ലാസ് തത്കാൽ ടിക്കറ്റുകൾ രാവിലെ 11:00 മുതൽ 11:30 വരെയുമാണ് ബുക്ക് ചെയ്യാൻ സാധിക്കുക.
ജിഎസ്ടി റിട്ടേൺ ഫയലിംഗ് നിയമങ്ങൾ
2025 ജൂലൈ മുതൽ പ്രതിമാസ ജിഎസ്ടി പേയ്‌മെന്റ് ഫോമായ ജിഎസ്ടിആർ-3ബി എഡിറ്റ് ചെയ്യാൻ സാധിക്കാത്ത രൂപത്തിലേക്ക് മാറുമെന്ന് ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് നെറ്റ്‌വർക്ക് (ജിഎസ്ടിഎൻ) 2025 ജൂൺ 7-ന് അറിയിച്ചു. കൂടാതെ, നിശ്ചിത തീയതി കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷം ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യാൻ നികുതിദായകരെ അനുവദിക്കില്ലെന്നും ജിഎസ്ടിഎൻ അറിയിച്ചു. ജിഎസ്ടിആർ-1, ജിഎസ്ടിആർ-3ബി, ജിഎസ്ടിആർ-4, ജിഎസ്ടിആർ-5, ജിഎസ്ടിആർ-5എ, ജിഎസ്ടിആർ-6, ജിഎസ്ടിആർ-7, ജിഎസ്ടിആർ-8, ജിഎസ്ടിആർ-9 തുടങ്ങിയ ഫോമുകളെ ഇത് ബാധിക്കും.
എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഫീസിലും, റിവാർഡിലും മാറ്റം
എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഫീസുകളിലും റിവാർഡ് പ്രോഗ്രാമുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. പ്രതിമാസം 10,000 രൂപയിൽ കൂടുതൽ വരുന്ന എല്ലാ ഇടപാടുകൾക്കും 1% ഫീസ് ഈടാക്കും. യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾക്ക് 50,000 രൂപയിൽ കൂടുതലും, ഓൺലൈൻ ഗെയിമിംഗ് ഇടപാടുകൾക്ക് 10,000 രൂപയിൽ കൂടുതലും, വാടക പേയ്‌മെന്റുകൾ, 15,000 രൂപയുടെ ഇന്ധന പേയ്‌മെന്റുകൾ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള പേയ്‌മെന്റുകൾ എന്നിവയ്ക്കും ഈ നിരക്ക് ബാധകമാണ്.
ഈ നിരക്കുകൾ 4,999 രൂപ വരെ പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ, ഓൺലൈൻ സ്കിൽ-ബേസ്ഡ് ഗെയിമിംഗ് ഇടപാടുകൾക്ക് റിവാർഡ് പോയിന്റുകൾ ലഭിക്കില്ലെന്നും ഇൻഷുറൻസ് റിവാർഡ് പോയിന്റുകൾക്ക് പ്രതിമാസ പരിധി ഏർപ്പെടുത്തിയിട്ടുമുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


