വർദ്ധിച്ചു വരുന്ന രോഗങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ പ്രാധാന്യം നിർണായകമാവുന്നു. പ്രായഭേദമന്യേ എല്ലാവർക്കും കേട്ടുകേൾവി പോലുമില്ലാത്ത രോഗങ്ങളാണ് പിടിപെടുന്നത്. എന്നാൽ ഈ രോഗങ്ങളുടെ ചികിത്സക്കും ആശുപത്രിവാസത്തിനുമെല്ലാം വലിയൊരു തുകയും നിങ്ങളുടെ പക്കൽ ഉണ്ടായിരിക്കണം. ആരോഗ്യ ഇൻഷുറൻസ് ഉണ്ടെങ്കിൽ കാര്യങ്ങൾ അൽപം എളുപ്പമാവും. പക്ഷേ പ്രായം വർദ്ധിക്കുന്നതും, രോഗങ്ങളും കാരണം പല മുതിർന്ന പൗരന്മാർക്കും താങ്ങാനാവുന്ന പ്രീമിയമുള്ള പോളിസികൾ ലഭിക്കുന്നില്ല.
ഇതുകൊണ്ട് തന്നെ പ്രായമായവർ അവരുടെ റിട്ടയർമെൻ്റ് ഫണ്ടോ അല്ലെങ്കിൽ നേരത്തെ സ്വരൂപിച്ച സമ്പാദ്യത്തിൽ നിന്നോ ചികിത്സാ ചെലവുകൾ കരുതേണ്ടി വരും. എന്നാൽ 60 വയസ്സിനു മുകളിലുള്ള നികുതിദായകർക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസി ഇല്ലെങ്കിൽ പോലും, ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾ കൈകാര്യം ചെയ്യുന്ന ആദായനികുതി നിയമത്തിലെ സെക്ഷൻ 80D പ്രകാരമുള്ള നികുതി കിഴിവ് ലഭിക്കും.
നിങ്ങൾ പഴയ നികുതി വ്യവസ്ഥയിൽ തന്നെയാണോ ഇപ്പോഴും തുടരുന്നത്? ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി സെപ്റ്റംബർ 15 നാണ്. ഈ തിയ്യതിക്കു മുന്നേ ഈ നികുതി ആനുകൂല്യങ്ങൾ നിങ്ങൾ ക്ലെയിം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
എന്താണ് സെക്ഷൻ 80D?
ആദായ നികുതി ഇളവുകൾ നൽകുന്ന ഒരു സെക്ഷനാണിത്. പല നിക്ഷേപ പദ്ധതികളിലും സെക്ഷൻ 80Dയുടെ ആനുകൂല്യം ലഭിക്കാറുണ്ട്. സെക്ഷൻ 80D പ്രകാരം ആരോഗ്യ ഇൻഷുറൻസിൽ ലഭിക്കുന്ന ഇളവുകൾ എത്ര രൂപ വരെയാണ്? അതിനെ കുറിച്ച് അറിയാം;
ഒരു നികുതിദായകന് ഒരു സാമ്പത്തിക വർഷത്തിൽ അടച്ച ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾക്കും, നിങ്ങൾക്കും സ്വന്തം കുടുംബത്തിനും ആരോഗ്യ പരിശോധനകൾക്കായി ചെലവഴിക്കുന്ന തുകക്കും ആകെ 25,000 രൂപ വരെ കിഴിവ് ക്ലെയിം ചെയ്യാം.

ഇതിനുപുറമെ, നികുതിദായകന് ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടച്ചതിനും മാതാപിതാക്കൾക്കുള്ള ആരോഗ്യ പരിശോധനയ്ക്കായി ചെലവഴിച്ചതിനും 25,000 രൂപ കൂടി കിഴിവ് അവകാശപ്പെടാം.
പ്രീമിയം അടയ്ക്കുന്നത് ഒരു മുതിർന്ന പൗരനാണെങ്കിൽ കിഴിവ് പരിധി 50,000 രൂപയായി ഉയരും. അതിനാൽ, നിങ്ങൾ ഒരു മുതിർന്ന പൗരനാണെങ്കിൽ, നിങ്ങളുടെ മാതാപിതാക്കൾക്കായി പ്രീമിയങ്ങൾ അടയ്ക്കുകയാണെങ്കിലും, നിങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ മൊത്തം കിഴിവ് ക്ലെയിം ചെയ്യാൻ സാധിക്കും.
ഇൻഷുറൻസ് ഇല്ലെങ്കിലും ഇളവ് കിട്ടും
ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്ത മുതിർന്ന പൗരന്മാരും പേടിക്കേണ്ട. അവർക്കും ഇളവ് ലഭിക്കും. ഇത്തരം മുതിർന്ന പൗരൻമാർക്ക് വരുന്ന മെഡിക്കൽ ചെലവുകളിൽ പ്രതിവർഷം 50,000 രൂപ വരെ കിഴിവുകൾ ക്ലെയിം ചെയ്യാൻ സാധിക്കും. പക്ഷേ 60 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമേ ഈ ആനുകൂല്യങ്ങൾ ലഭിക്കുള്ളൂ. എന്നാൽ പുതിയ നികുതി വ്യവസ്ഥയിൽ ഉള്ളവർക്ക് ഈ ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ സാധിക്കില്ലെന്ന് ഓർമിപ്പിക്കുന്നു.
ആദായ നികുതി കിഴിവുകൾ ക്ലെയിം ചെയ്യുന്നതിന് മുന്നേ അറിയേണ്ട കാര്യങ്ങൾ
- സഹോദരൻ, സഹോദരി, മുത്തശ്ശിമാർ, അമ്മായിമാർ മറ്റേതെങ്കിലും ബന്ധുക്കൾ എന്നിവർക്കായി അടച്ച മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ക്ലെയിം ചെയ്യാൻ കഴിയില്ല.
- ജോലി ചെയ്യുന്ന മക്കളുടെ പേരിൽ അടയ്ക്കുന്ന പ്രീമിയം നികുതി ആനുകൂല്യത്തിന് സ്വീകരിക്കാൻ കഴിയില്ല.
- നിങ്ങളും നിങ്ങളുടെ മാതാപിതാക്കളും ചേർന്ന് ഭാഗികമായി അടക്കുന്ന പ്രീമിയത്തിൽ രണ്ടുപേർക്കും കിഴിവ് അവകാശപ്പെടാം.
- പ്രീമിയം തുകയിൽ നിന്ന് സേവന നികുതിയും സെസ്സും കാണിക്കാതെയാണ് കിഴിവ് സ്വീകരിക്കേണ്ടത്.
- കമ്പനി നൽകുന്ന ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തിന് കിഴിവ് ലഭിക്കില്ല.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications