രാജ്യത്ത് ജീവിതശൈലി രോഗങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) പഠനം അനുസരിച്ച്, ഏകദേശം 35 ശതമാനം ഇന്ത്യക്കാർക്കും ഹൈപ്പർ ടെൻഷൻ, 10 ശതമാനം പേർക്ക് പ്രമേഹം, 28 ശതമാനം പേർക്ക് ഉയർന്ന കൊളസ്ട്രോൾ എന്നിവയുണ്ട്. അതുകൊണ്ട് മെഡിക്കൽ അടിയന്തരാവസ്ഥകൾക്കുള്ള സാമ്പത്തിക തയ്യാറെടുപ്പ് ഇപ്പോൾ തന്നെ ആരംഭിക്കേണ്ടതുണ്ട്.
പല അസുഖങ്ങളുടേയും ചികിത്സയെ കുറിച്ചും അതിന്റെ ചെലവുകളെ കുറിച്ചും കണക്കിലെടുക്കുമ്പോൾ വലിയൊരു തുക ആശുപത്രികളിൽ ചിലവഴിക്കേണ്ടി വരുന്നു. ആളുകൾക്കെല്ലാം ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യം അറിയുമെങ്കിലും പലപ്പോഴും ഇവയുടെ പ്രീമിയം തുകകൾ നിരാശയുണ്ടാക്കുന്നു. ഇൻഷൂറൻസ് കവറേജിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രീമിയങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഫലപ്രദമായ മാർഗങ്ങളുണ്ട്. അവയെ കുറിച്ച് വിശദമായി അറിയാം.
1. നേരത്തെ തന്നെ ഇൻഷൂറൻസ് ഉറപ്പാക്കൂ...
നിങ്ങൾ ആരോഗ്യവാനായിരിക്കുമ്പോൾ തന്നെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരുക. നിങ്ങളുടെ പ്രായത്തെയും ആരോഗ്യസ്ഥിതിയെയും അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ പ്രീമിയം നിശ്ചയിക്കുന്നത്. അതിനാൽ ചെറു പ്രായത്തിൽ ഇൻഷൂറൻസ് എടുത്താൽ കുറഞ്ഞ പ്രീമിയം തുകയിൽ നേട്ടം ലഭിക്കും. അതിനാൽ തന്നെ 25 വയസ്സുള്ള ഒരാൾക്ക് ലഭിക്കുന്ന കവറേജിനേക്കാൾ കുറവായിരിക്കും 40 വയസ്സുള്ള ഒരാൾ ലഭിക്കുന്നത്.
2. നെറ്റ് വർക്ക് ആശുപത്രികൾ
നെറ്റ്‌വർക്ക് ആശുപത്രികളിൽ ചികിത്സ തിരഞ്ഞെടുക്കുന്നത് ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾ ഗണ്യമായി കുറയ്ക്കും. ഏകദേശം 15 ശതമാനം വരെ കുറഞ്ഞേക്കും. ഇതിലൂടെ ആശുപത്രിവാസത്തിന്റെ ചിലവുകളും കുറയും.

3. പ്രീമിയം തുക ഇ.എം.ഐകളാക്കാം...
മുഴുവൻ പ്രീമിയവും മുൻകൂട്ടി അടയ്ക്കുന്നത് പലർക്കും ബുദ്ധിമുട്ടായിരിക്കും. ഒറ്റത്തവണയായി പ്രീമിയം അടക്കുന്നതിനു പകരം ഇഎംഐ ഓപ്ഷൻ പരിഗണിക്കാവുന്നതാണ്. പ്രതിവർഷം 20,000 രൂപയുള്ള ഒരു പ്രീമിയം തുക ഇ.എം.ഐ ഓപ്ഷനിലൂടെ 1,600 രൂപ മാത്രമുള്ള പ്രതിമാസ പേയ്‌മെന്റുകളായി മാറ്റാം.
4. സിബിൽ സ്കോർ ശ്രദ്ധിക്കുക
നിങ്ങൾക്ക് ഉയർന്ന സിബിൽ സ്കോറുണ്ടെങ്കിൽ പല ഇൻഷുറൻസുകളും പ്രീമിയങ്ങളിൽ കിഴിവുകൾ നൽകുന്നു. കാരണം, ഉയർന്ന സിബിൽ സ്കോറുള്ള ഒരു വ്യക്തി സാമ്പത്തികമായി സ്ഥിരതയുള്ളവരാണെന്ന് സൂചിപ്പിക്കുന്നു. അതിനാൽ പ്രീമിയം 15 ശതമാനം വരെ കുറയ്ക്കാൻ സാധ്യതയുണ്ട്.
5. സൂപ്പർ ടോപ്പ്-അപ്പ് പ്ലാനുകൾ
ടോപ്പ്-അപ്പ് അല്ലെങ്കിൽ സൂപ്പർ ടോപ്പ്-അപ്പ് പ്ലാൻ ഉപയോഗിച്ച് നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് കൂടുതൽ മെച്ചപ്പെടുത്താം. ഉയർന്ന അടിസ്ഥാന ഇൻഷുറൻസ് തുക തിരഞ്ഞെടുക്കാതെ തന്നെ ഇത് നിങ്ങളുടെ കവറേജ് വർദ്ധിപ്പിക്കും. ഈ പ്ലാനുകൾക്ക് ഒരു പരിധിയുണ്ട്. നിങ്ങളുടെ മെഡിക്കൽ ബില്ലുകൾ ആ പരിധി കവിഞ്ഞാൽ ഈ പ്ലാനുകൾ നിങ്ങൾക്ക് കവറേജ് നൽകും.
അതിനാൽ നിങ്ങളുടെ അടിസ്ഥാന പോളിസി 10 ലക്ഷം രൂപ പരിരക്ഷയുള്ളതും, അതിനൊപ്പം നിങ്ങൾ 90 ലക്ഷം രൂപയുടെ സൂപ്പർ ടോപ്പ്-അപ്പ് പ്ലാൻ തിരഞ്ഞെടുക്കുകയും ചെയ്താൽ, നിങ്ങൾക്ക് 1 കോടി രൂപയുടെ കവറേജ് ലഭിക്കും.
6. ഓൺലൈനായി ഇൻഷൂറൻസ് ഉറപ്പാക്കാം.
ഓൺലൈനായി ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കുന്നത് പണം ലാഭിക്കാനുള്ള ഒരു മികച്ച മാർഗമാണ്. കാരണം ഇതിലൂടെ അധിക ചാർജുകളെല്ലാം ഒഴിവാകുന്നു. അതായത് നിങ്ങൾക്ക് കുറഞ്ഞ പ്രീമിയം ലഭിക്കുമെന്ന് അർത്ഥം. മാത്രമല്ല ഏതാണ് മികച്ച പ്ലാനെന്ന് ഓൺലൈനിലൂടെ തന്നെ എളുപ്പത്തിൽ താരതമ്യം ചെയ്യാൻ കഴിയും.
ആരോഗ്യ ഇൻഷൂറൻസ് പ്രധാനമാണ്. പക്ഷേ മധ്യ വർഗ വിഭാഗത്തിന് പലപ്പോഴും അധിക പ്രീമിയം ചാർജുകൾ താങ്ങാനാവുന്നില്ല. മികച്ച പ്ലാനുകൾ തിരഞ്ഞെടുത്ത് വലിയ നേട്ടം ഉറപ്പാക്കാൻ സാധിക്കും. ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾ കുറയ്ക്കുക എന്നതിനർത്ഥം കവറേജിൽ വിട്ടുവീഴ്ച ചെയ്യുക എന്നല്ല. ഉയർന്ന കവറേജിൽ തന്നെ പ്രീമിയം കുറക്കാൻ സാധിക്കുന്നതാണ് പ്രധാനം.


Click it and Unblock the Notifications