വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ കഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. ഇതിനായി ഭവന വായ്പകളെ ആശ്രയിക്കുക മാത്രമായിരിക്കും മുന്നിലുള്ള മാർഗം. എന്നാൽ ഇത്തരം ഭവന വായ്പകൾ ജീവിതാവസാനം വരെ വലിയ ബാധ്യതയായി തുടർന്നേക്കാം. ഭീമമായ വായ്പ തുകയും ദീർഘകാലത്തെ തിരിച്ചടവും വലിയ പലിശ നിരക്കുമെല്ലാം ഇതിന് കാരണമാകാറുണ്ട്. പല ബാങ്കുകളും വ്യത്യസ്ത പലിശ നിരക്കാണ് ഭവന വായ്പകൾക്ക് ഈടാക്കുന്നത്. ഇതിൽ തന്നെ ഫ്ലോട്ടിംഗ് പലിശ ഈടാക്കുന്ന ബാങ്കുകളുമുണ്ട്. എന്നാൽ, സാധാരണയായി ഉയർന്ന ക്രെഡിറ്റ് സ്കോറുള്ളവർക്ക് കുറഞ്ഞ പലിശയിലും ക്രെഡിറ്റ് സ്കോർ കുറവുള്ളവർക്ക് കൂടിയ പലിശ നിരക്കിലുമാണ് ബാങ്കുകൾ വായ്പ നൽകുന്നത്. രാജ്യത്തെ മുൻനിര ബാങ്കുകൾ നൽകുന്ന ഭവന വായ്പകളും വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കും പരിശോധിക്കാം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) - ഒരു പ്രത്യേക കാമ്പെയ്‌നിന് കീഴിൽ - പ്രതിവർഷം 8.6 ശതമാനം മുതൽ 9.65 ശതമാനം വരെ പലിശ നിരക്കിൽ ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്നു. 750 പോയിന്റിലും കൂടുതൽ സിബിൽ സ്കോറുള്ളവർക്ക് 8.6 ശതമാനം ഫലപ്രദമായ നിരക്കും 700നും 749നും ഇടയിൽ സിബിൽ സ്കോറുള്ളവർക്ക് പ്രതിവർഷം 8.7 ശതമാനം പലിശ നിരക്കിൽ ഭവനവായ്പയ്ക്ക് അർഹതയുണ്ട്. ഇത് സാധാരണ പലിശ നിരക്കിനേക്കാൾ 55-65 ബേസിസ് പോയിൻറിൽ താരതമ്യേന കുറവാണ്. സിബിൽ സ്‌കോർ കൂടുന്തോറും പലിശ നിരക്ക് കുറയുകയും സ്കോർ കുറയുന്നതനുസരിച്ച് പലിശ നിരക്ക് കൂടുകയും ചെയ്യുന്നു.
ഐസിഐസിഐ ബാങ്ക്: വായ്പ തുകയ്ക്ക് അനുസൃതമായാണ് ഐസിഐസിഐ ബാങ്ക് ഭവന വായ്പയ്ക്ക് പലിശ ഈടാക്കുന്നത്. 35 ലക്ഷം രൂപ വരെ ചെലവ് വരുന്ന വീടുകൾക്ക് ശമ്പളക്കാരാണെങ്കിൽ 9.40 ശതമാനവും സ്വയം തെഴിൽ ചെയ്യുന്നവർക്ക് 9.80 ശതമാനവുമാണ് പലിശ നിരക്ക്. 35 മുതൽ 75 ലക്ഷം വരെയുള്ള ഭവനവായ്പകൾക്ക്, പലിശ നിരക്ക് 9.5-9.8 ശതമാനത്തിനും (ശമ്പളമുള്ള ജീവനക്കാർ), സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 9.65 - 9.95 ശതമാനത്തിനും ഇടയിലാണ്. 75 ലക്ഷത്തിന് മുകളിലുള്ള ഭവന വായ്പകൾക്ക് ശമ്പളക്കാരായ ഉപഭോക്താക്കളിൽ നിന്ന് പലിശ നിരക്ക് 9.6 - 9.9 ശതമാനത്തിനും സ്വയം തൊഴിൽ ചെയ്യുന്നവരിൽ നിന്ന് 9.75 - 10.05 ശതമാനത്തിനും ഇടയിലുള്ള പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.
എച്ച്ഡിഎഫ്സി ബാങ്ക്: രാജ്യത്തെ ഏറ്റവും വലിയ സ്വകര്യ ബാങ്കാണ് എച്ച്ഡിഎഫ്സി. മികച്ച വായ്പ പദ്ധതികൾ എച്ച്ഡിഎഫ്സിയെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബാങ്കാക്കി മാറ്റുന്നു. പ്രതിവർഷം 8.75 മുതൽ 9.40 ശതമാനം വരെ പലിശ നിരക്കിലാണ് എച്ച്ഡിഎഫ്സി ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്നത്. പ്രത്യേക ഭവനവായ്പ നിരക്ക് 8.5 മുതൽ 9.15 ശതമാനം വരെയാണ്.
ബാങ്ക് ഓഫ് ബറോഡ: ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും 8.4 മുതൽ 10.60 ശതമാനം വരെ പലിശ നിരക്കിലാണ് ബാങ്ക് ഓഫ് ബറോഡ ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ പ്രീമിയം പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ പലിശ നിരക്കുകള്‍ ഹ്രസ്വകാലത്തേക്ക് കുറയ്ക്കാറുമുണ്ട്. പുതിയ വായ്പകൾ എടുക്കുമ്പോഴും മറ്റ് ബാങ്കുകളിൽ നിന്നും വായ്പ കൈമാറ്റം ചെയ്യുമ്പോഴും പ്രോസസിംഗ് ഫീസും നൽകേണ്ടതില്ല.
കൊട്ടക് മഹീന്ദ്ര ബാങ്ക്: 8.7 ശതമാനം മുതലാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്നത്. ശമ്പളക്കാരയവർക്കായിരിക്കും ഈ നിരക്കിൽ വായ്പകൾ സ്വന്തമാക്കാൻ സാധിക്കുക. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഇത് 8.75 ശതമാനമാണ്. അതേസമയം ഐഡിഎഫ്സി ബാങ്ക് ശമ്പളമുള്ള വ്യക്തികൾക്ക് 8.75 ശതമാനവും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് 8.85 ശതമാനവും പലിശ നിരക്കിൽ ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications