പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ സുരക്ഷിതമായ നേട്ടം നൽകുന്നു. ഒറ്റത്തവണ നിക്ഷേപിച്ചാൽ എല്ലാ മാസവും സ്ഥിരമായ വരുമാനം നൽകുന്ന നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS). സാമ്പത്തിക സുരക്ഷിതത്വം സുപ്രധാനമാണ്. അതിനായി എപ്പോഴും ഒരു നിശ്ചിത തുക മാറ്റി വെക്കണം. എല്ലാവർക്കും റിസ്ക് ഇല്ലാത്ത സ്ഥിരമായ വരുമാനം നൽകുന്ന നിക്ഷേപങ്ങളോടാണ് താത്പര്യം. അതേസമയം എല്ലാ മാസവും അക്കൗണ്ടിലേക്ക് നിശ്ചിത തുക എത്തിയാൽ അത് ഇരട്ടി സന്തോഷം നൽകില്ലേ?.
ജോലിയിൽ നിന്നും വിരമിക്കുന്നതിനു മുന്നേ തന്നെ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ നിശ്ചിത തുക നിക്ഷേപിക്കാം. അങ്ങനെയെങ്കിൽ റിട്ടയർമെൻ്റ് ആസ്വദിക്കുമ്പോൾ എല്ലാ മാസവും പെൻഷൻ പോലെ ഒരു തുക ഈ നിക്ഷേപ പദ്ധതിയിലൂടെ ഉറപ്പാക്കാം.
എത്ര രൂപ നിക്ഷേപിക്കാം?
എല്ലാ പ്രായക്കാർക്കും പോസ്റ്റ് ഓഫീസിന്റെ ഈ സ്കീമിൽ നിക്ഷേപം ആരംഭിക്കാം. ഇവിടെ വെറും 1000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. എന്നാൽ ഒരു സിംഗിൾ അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. ജോയിന്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
ജോയിൻ്റ് അക്കൗണ്ടിലെ എല്ലാ ഉടമകൾക്കും നിക്ഷേപത്തിൽ തുല്യ വിഹിതം ഉണ്ടായിരിക്കണം. അക്കൗണ്ട് തുറന്ന് ഒരു മാസം കഴിഞ്ഞ് കാലാവധി പൂർത്തിയാകുന്നതുവരെ പലിശ ലഭിച്ചു തുടങ്ങും. പ്രതിമാസ പലിശ പിൻവലിച്ചില്ലെങ്കിൽ അധിക പലിശയില്ല. ഇത് ഒറ്റത്തവണ നിക്ഷേപിക്കുന്ന പദ്ധതിയാണ്.

അക്കൗണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ
- 18 വയസ്സിന് മുകളിലുള്ള ഏതൊരു വ്യക്തിക്കും അക്കൗണ്ട് തുറക്കാം.
- ജോയിന്റ് അക്കൗണ്ട് പരമാവധി മൂന്ന് പേർക്ക് ചേർന്ന് തുറക്കാം.
- പ്രായപൂർത്തിയാകാത്ത ഒരാളുടെയും മാനസികാവസ്ഥ മോശമായ വ്യക്തിയുടെയും രക്ഷാധികാരി എന്ന നിലയിൽ നിങ്ങൾക്ക് അക്കൗണ്ട് ആരംഭിക്കാം.
- കുറഞ്ഞത് 1000 രൂപ നിക്ഷേപിച്ചുകൊണ്ട് അക്കൗണ്ട് തുറക്കാം.
നിക്ഷേപത്തിൻ്റെ പലിശ നിരക്കും കാലാവധിയും
ഈ പോസ്റ്റ് ഓഫീസ് പദ്ധതിയുടെ പലിശ നിരക്ക് 7.4 ശതമാനമാണ്. 2023 ഏപ്രിൽ 1 മുതൽ ഈ പലിശ മാറ്റമില്ലാതെ തുടരുന്നു. ഈ സർക്കാർ പദ്ധതിയുടെ കാലാവധി 5 വർഷമാണ്. അക്കൗണ്ട് തുറന്നതിന് ശേഷം ഒരു വർഷത്തേക്ക് ഇതിൽ നിന്ന് പണം പിൻവലിക്കാൻ കഴിയില്ല. അക്കൗണ്ട് തുറന്ന് 5 വർഷത്തിനുശേഷം, ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിൽ പാസ്ബുക്കിനൊപ്പം ഒരു അപേക്ഷ സമർപ്പിച്ചുകൊണ്ട് അക്കൗണ്ട് ക്ലോസ് ചെയ്യാം.
കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ഉടമ മരിച്ചാൽ, അക്കൗണ്ട് അവസാനിപ്പിക്കാനും നിക്ഷേപിച്ച തുക അക്കൗണ്ട് ഉടമയുടെ നോമിനിക്കോ നിയമപരമായ അവകാശിക്കോ നൽകാനും കഴിയും.
പ്രതിമാസം 5500 രൂപ ലഭിക്കും
ഈ പോസ്റ്റ് ഓഫീസ് സ്കീമിൽ ഒറ്റത്തവണ നിക്ഷേപിച്ചാൽ എല്ലാ മാസവും 5500 രൂപ എങ്ങനെ ലഭിക്കുമെന്ന് അറിയാം. സിംഗിൾ അക്കൗണ്ട് ഉടമകൾ അവരുടെ അക്കൗണ്ടിൽ പരമാവധി തുകയായ 9 ലക്ഷം രൂപ നിക്ഷേപിച്ചാൽ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്ന 7.4% പലിശ നിരക്ക് പ്രകാരം, അവർക്ക് എല്ലാ മാസവും 5,500 രൂപ പലിശയിനത്തിൽ ലഭിക്കും. എന്നാൽ ഒരു ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം നിക്ഷേപിച്ചാൽ എല്ലാ മാസവും 9,250 രൂപ വരുമാനമായി ലഭിക്കും.
കാലാവധിക്കു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്താൽ നഷ്ടം
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ അക്കൗണ്ട് തുറന്ന് ഒന്ന് മുതൽ മൂന്ന് വർഷത്തിനുള്ളിൽ അക്കൗണ്ട് ഉടമ അക്കൗണ്ട് ക്ലോസ് ചെയ്താൽ മുതലിൽ നിന്ന് 2 ശതമാനം കുറക്കും. അത്രയും തുക കുറച്ച ശേഷമായിരിക്കും നിങ്ങൾക്ക് ബാലൻസായി ലഭിക്കുക. അക്കൗണ്ട് തുറന്ന് മൂന്ന് മുതൽ അഞ്ച് വർഷങ്ങൾക്കിടയിൽ നിങ്ങൾ അത് ക്ലോസ് ചെയ്താൽ, 1% പിഴ ഈടാക്കും. അതായത് മുതലിൽ നിന്ന് 1 ശതമാനം തുക നഷ്ടമാവും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications