പണം സമ്പാദിക്കണമെങ്കിൽ നിക്ഷേപം നടത്തുക എന്നതാണ് വഴി. എന്നാൽ വലിയ തുക വരുമാനം ഉള്ളവർക്ക് മാത്രമേ നിക്ഷേപം നടത്തി പണം സമ്പാദിക്കാൻ സാധിക്കുകയുള്ളു എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ അത് പൂർണമായും തെറ്റാണ്. നിങ്ങളുടെ വരുമാനത്തിനനുസരിച്ച് നിങ്ങൾക്ക് നിക്ഷേപം ആരംഭിക്കാം. പണം ലാഭിക്കുകയും സുരക്ഷിതമായി നിക്ഷേപിക്കുകയും ചെയ്താൽ ഭാവിയിൽ സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കാൻ സാധിക്കും.
500 രൂപയിൽ താഴെ നിക്ഷേപം ആരംഭിച്ച് നല്ല ആനുകൂല്യങ്ങൾ നേടാവുന്ന നിരവധി പോസ്റ്റ് ഓഫീസ് സ്കീമുകൾ ഉണ്ട്. ഇത്തരം സ്കീമുകളെ പരിചയപ്പെടാം.

1. പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്
പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് അതായത് പിപിഎഫ് ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ്. ഈ സ്കീമിൽ, കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പ്രതിവർഷം നിക്ഷേപിക്കാം. 15 വർഷമാണ് നിക്ഷേപ കാലാവധി. കാലാവധി പൂർത്തിയാകുമ്പോൾ, 5 വർഷത്തേക്ക് നിക്ഷേപം തുടരാനും സാധിക്കും.
പിപിഎഫിൽ നിങ്ങൾ എല്ലാ മാസവും 500 രൂപയെങ്കിലും നിക്ഷേപിക്കുകയാണെങ്കിൽ ഒരു വർഷം നിക്ഷേപിക്കേണ്ട തുക 6,000 രൂപയാണ്. നിലവിൽ 7.1 ശതമാനം നിരക്കിലാണ് പിപിഎഫിന് പലിശ നൽകുന്നത്. പ്രതിവർഷം 6,000 രൂപ പിപിഎഫിൽ നിക്ഷേപിച്ചാൽ 15 വർഷം പൂർത്തിയാകുമ്പോൾ 1,62,728 രൂപ നേടാം. 20 വർഷത്തിൽ 2,66,332 രൂപയും 25 വർഷത്തിൽ 4,12,321 രൂപയും നേടാൻ സാധിക്കും.
2. സുകന്യ സമൃദ്ധി യോജന
പെൺമക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ജനപ്രിയ സർക്കാർ പദ്ധതികളിലൊന്നാണ് സുകന്യ സമൃദ്ധി യോജന. പെൺകുട്ടികളുടെ വിദ്യാഭ്യാസം മുതൽ വിവാഹം വരെയുള്ള സാമ്പത്തിക സംരക്ഷണം സുകന്യ സമൃദ്ധി യോജന നിക്ഷേപം വഴി നേടാൻ സാധിക്കും.
10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാൻ സാധിക്കും. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍അവള്‍ആയിരിക്കും അക്കൗണ്ട് ഉടമ. ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളുടെ പേരില്‍മാത്രമേ അക്കൗണ്ട് തുറക്കാന്‍സാധിക്കൂ. അതേസമയം ഇരട്ട പെൺമക്കളുണ്ടെങ്കിൽ മൂന്ന് പേർക്കും അക്കൗണ്ട് തുറക്കാം.
സുകന്യ സമൃദ്ധി യോജന പദ്ധതിയിൽ പ്രതിവർഷം കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. നിലവിൽ 8.2 ശതമാനം പലിശയാണ് നൽകുന്നത്. പദ്ധതിയുടെ നിക്ഷേപ കാലയളവ് 15 വര്‍ഷവും മെച്യൂരിറ്റി കാലാവധി 21 വർഷവുമാണ്.
പ്രതിമാസം 500 രൂപ സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിച്ചാൽ 15 വർഷത്തിനുള്ളിൽ ആകെ നിക്ഷേപം 90,000 രൂപയാതും. 8.2 ശതമാനം പലിശയിൽ 21 വർഷത്തിനു ശേഷം 2,77,103 രൂപ നേടാം.
3. ആവർത്തന നിക്ഷേപം
പോസ്റ്റ് ഓഫീസുകളിലെ ഏറ്റവും ജനകീയമായൊരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം. മാസത്തിൽ നിശ്ചിത തുക നീക്കിവെച്ച് കാലാവധിയിൽ പലിശ സഹിതം തിരികെ ലഭിക്കും എന്നതാണ് ആവർത്തന നിക്ഷേപത്തിന്റെ ഗുണം. ഈ പദ്ധതി ചെറുകിട നിക്ഷേപകരെ അവരുടെ ഭാവി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു കോർപ്പസ് സൃഷ്ടിക്കാൻ സഹായിക്കുന്നു.

100 രൂപയിൽ പോലും ഇതിൽ നിക്ഷേപം ആരംഭിക്കാം. നിക്ഷേപം തുടങ്ങിയാൽ 5 വർഷം തുടർച്ചയായി നിക്ഷേപിക്കണം. നിലവിൽ ഈ പദ്ധതിയുടെ പലിശ നിരക്ക് 6.7% ആണ്. നിക്ഷേപം ആരംഭിക്കാൻ പ്രായ പരിധിയൊന്നുമില്ല. ജോയിന്‍റ് അക്കൗണ്ടും സംയുക്ത അക്കൗണ്ടും ആരംഭിക്കാം.
എല്ലാ മാസവും 500 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 5 വർഷം കൊണ്ട് ആകെ നിക്ഷേപം 30,000 രൂപയാകും. എന്നാൽ പലിശയിനത്തിൽ 5,681 രൂപ നേടാം. അതായത് 5 വർഷം പൂർത്തിയാകുമ്പോൾ 35,681 രൂപ നേടാൻ സാധിക്കും.


Click it and Unblock the Notifications