സർക്കാർ പിന്തുണയോടെ ഉറപ്പായ റിട്ടേൺസ് ലഭിക്കുന്ന ഉയർന്ന പലിശയുള്ള നിക്ഷേപമാണോ നിങ്ങൾ തേടുന്നത്? പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവ പിപിഎഫ് നിങ്ങൾക്ക് ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. പോസ്റ്റ് ഓഫീസ് വഴിയാണ് പ്രധാനമായും പദ്ധതി അവതരിപ്പിച്ചതെങ്കിലും എല്ലാ ബാങ്കുകളിലും നിങ്ങൾക്ക് പിപിഎഫ് അക്കൗണ്ട് തുറക്കാൻ സാധിക്കും. ഈ സ്കീമിന് കീഴിൽ, നിങ്ങൾ പ്രതിവർഷം 500 രൂപയെങ്കിലും നിക്ഷേപിക്കണം. നിലവിൽ 7.1 ശതമാനം പലിശയാണ് പിപിഎഫ് നിക്ഷേപങ്ങൾക്ക് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം നികുതി ആനുകൂല്യങ്ങളും പദ്ധതിയുടെ എടുത്തു പറയേണ്ട സവിശേഷതകളിലൊന്നാണ്. 1.5 ലക്ഷം രൂപയാണ് പദ്ധതിയിലെ പരമാവധി വാർഷിക പരിധി.
ഇത്തരത്തിൽ പ്രതിദിനം 250 നിക്ഷേപിച്ച് 24 ലക്ഷം രൂപ വരെ റിട്ടേൺസ് നേടാൻ നിങ്ങൾക്ക് സാധിക്കും. ഇതിനായി പ്രതിദിനം 250 എന്ന കണക്കിൽ ഓരോ മാസവും 7500 രൂപ വീതം 15 വർഷത്തേക്കാണ് നിക്ഷേപിക്കേണ്ടത്. നിങ്ങൾ 25 വയസിൽ നിക്ഷേപം ആരംഭിക്കുമെന്ന് കരുതുക. 15 വർഷമാണ് പദ്ധതിയുടെ മെച്വൂരിറ്റി കാലയളവ്. ഇത്തരത്തിൽ നിങ്ങൾ 40 വയസ് വരെ മൊത്തം 13,50,000 രൂപ നിക്ഷേപിക്കും. ഈ സ്‌കീമിൽ നിങ്ങൾക്ക് 7.1 ശതമാനം റിട്ടേൺ ലഭിക്കുകയാണെങ്കിൽ, നിങ്ങൾക്ക് പലിശയായി 10,90,926 രൂപ ലഭിക്കും, കൂടാതെ മൊത്തം മെച്യൂരിറ്റി തുക 24,40,926 രൂപയും ആകും.

സർക്കാരിന്റെ ഇഇഇ വിഭാഗത്തിൽ വരുന്നതുകൊണ്ട് തന്നെ ഈ പദ്ധതിയിൽ നിക്ഷേപിക്കുന്ന ആളുകൾക്ക് നകുതി അടയ്ക്കേണ്ടി വരുന്നില്ല. ഇത് പൂർണമായും നികുതി രഹിതമാണ്. ഇതുവഴി, നിക്ഷേപങ്ങൾ, റിട്ടേണുകൾ, മെച്യൂരിറ്റി തുകകൾ എന്നിവയിലും നിങ്ങൾ നികുതി ലാഭിക്കുന്നു എന്നതും എടുത്തു പറയണം.
വായ്പ സൗകര്യമാണ് പിപിഎഫ് അക്കൗണ്ട് ഉടമകൾക്കുള്ള മറ്റൊരു സൗകര്യവും നേട്ടവും. നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയെ അടിസ്ഥാനമാക്കിയാണ് നിങ്ങൾക്ക് വായ്പ ലഭിക്കുന്നത്. നിയമങ്ങൾ അനുസരിച്ച്, പിപിഎഫ് വായ്പയുടെ പലിശ നിരക്ക് പിപിഎഫ് അക്കൗണ്ടിറെ പലിശ നിരക്കിനേക്കാൾ 1 ശതമാനം കൂടുതലാണ്. അതായത്, നിങ്ങൾ പിപിഎഫ് അക്കൗണ്ടിൽ 7.1 ശതമാനം പലിശ എടുക്കുകയാണെങ്കിൽ, വായ്പ എടുക്കുന്നതിന് 8.1 ശതമാനം പലിശ നൽകേണ്ടി വരും.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവ പിപിഎഫ് ഒരു ദീർഘകാല നിക്ഷേപ പദ്ധതിയായതിനാൽ തന്നെ ഭവന നിർമാണം അടക്കമുള്ള ലക്ഷ്യങ്ങൾക്കുവേണ്ടി ഇതിൽ നിന്നുള്ള പണം പ്രയോജനപ്പെടുത്താവുന്നതാണ്. പ്രതിവർഷം 500 രൂപയാണ് പദ്ധയിലെ കുറഞ്ഞ നിക്ഷേപ പരിധി. പരമാവധി ഒരാൾക്ക് 1.5 ലക്ഷം രൂപ വരെ പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കും. മെച്വൂരിറ്റി കലയളവിന് ശേഷം നിങ്ങൾക്ക് വേണമെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ, 5 വർഷത്തേക്കുകൂടി അക്കൗണ്ട് നീട്ടാനും കഴിയും.


Click it and Unblock the Notifications