പിപിഎഫിൽ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? നികുതി ഇളവും വായ്പാ സൗകര്യവും ഉൾപ്പെടെ അറിയേണ്ട സുപ്രധാന കാര്യങ്ങൾ
അപകട സാധ്യതകളില്ലാതെ സമ്പാദിക്കാവുന്ന മികച്ച ദീർഘകാല നിക്ഷേപ മാർഗമാണ് പിപിഎഫ് എന്ന പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. നിക്ഷേപങ്ങൾക്കൊപ്പം ആകർഷകമായ നികുതി ആനുകൂല്യങ്ങളും പിപിഎഫിലൂടെ ഉറപ്പാക്കാം. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരമുള്ള ഇളവുകളാണ് ലഭിക്കുക. സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്നതിനാൽ ഏതൊരു ഇന്ത്യൻ പൗരനും പിപിഎഫിൽ നിക്ഷേപം ആരംഭിക്കാം.
ജോലിയിൽ നിന്നും വിരമിക്കുന്നവർക്ക് ഒരു റിട്ടയർമെൻ്റ് കോർപ്പസായും പിപിഎഫിനെ കണക്കാക്കാം. പിപിഎഫിന്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്. നിക്ഷേപത്തിൻ്റെ കാലാവധി 15 വർഷത്തേക്കാണ്. നിങ്ങൾക്ക് ആവശ്യമെങ്കിൽ 5 വർഷത്തെ ബ്ലോക്കുകളായി കാലാവധി നീട്ടാൻ സാധിക്കും.
പിപിഎഫിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
- 7 വർഷത്തിനുശേഷം ഭാഗിക പിൻവലിക്കാം
15 വർഷത്തെ ലോക്ക്-ഇൻ കാലാവധിയുണ്ടെങ്കിലും ആവശ്യമെങ്കിൽ ഏഴാം വർഷം മുതൽ പണം പിൻവലിക്കാം. എന്നാൽ ബാലൻസിൻ്റെ പരിമിതമായ ശതമാനം വരെ മാത്രമേ പിൻവലിക്കാൻ സാധിക്കു. അതിനാൽ അടിയന്തിര സാഹചര്യങ്ങളിൽ മാത്രം ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്.

- പിപിഎഫിൽ നിന്ന് വായ്പാ സൗകര്യം
ആറ് വർഷം കഴിഞ്ഞാൽ നിങ്ങൾക്ക് ആവശ്യമെങ്കിൽ പിപിഎഫിൽ നിന്നും വായ്പയ്ക്ക് അപേക്ഷിക്കാം. ബാലൻസിൻ്റെ 25 ശതമാനം വരെ നിങ്ങൾക്ക് വായ്പയെടുക്കാം. ഇത് 36 മാസത്തിനുള്ളിൽ തിരിച്ചടയ്ക്കണം എന്നത് പ്രത്യേകം ഓർമിക്കുക. മാത്രമല്ല, പിപിഎഫ് പലിശ നിരക്കിനേക്കാൾ 1 ശതമാനം കൂടുതൽ വായ്പക്ക് ഈടാക്കും. പെട്ടെന്നുള്ള ആവശ്യങ്ങൾ പരിഹരിക്കാൻ ഇതിലൂടെ സാധിക്കും.
- കടബാധ്യതകളിൽ അറ്റാച്ച്മെന്റ് ചെയ്യില്ല
ഗുജറാത്ത് ഹൈക്കോടതി വിധിച്ചത് പോലെ, പിപിഎഫ് അക്കൗണ്ടിലെ ഫണ്ടുകൾ കടങ്ങൾ തിരിച്ചടയ്ക്കുന്നതിന് അറ്റാച്ച് ചെയ്യാൻ കഴിയില്ല. ഇത് പിപിഎഫിൻ്റെ മാത്രം പ്രത്യേകതയാണ്.
- 1.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് ആനുകൂല്യങ്ങളില്ല
നിക്ഷേപങ്ങളിൽ ചില നിയന്ത്രണങ്ങൾ ഉണ്ട്. അതായത് പ്രതിവർഷം കുറഞ്ഞത് 500 രൂപയും, പരമാവധി നിക്ഷേപിക്കാവുന്ന തുക 1.5 ലക്ഷം രൂപയാണ്. 1.5 ലക്ഷം രൂപയ്ക്ക് മുകളിലും നിക്ഷേപിക്കാം, പക്ഷേ പലിശ ലഭിക്കുകയോ നികുതി കിഴിവുകൾ ലഭിക്കുകയോ ഇല്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പിപിഎഫിൽ അക്കൗണ്ട് തുറക്കാൻ വ്യക്തികൾക്ക് മാത്രമേ സാധിക്കൂ. ജോയിൻ്റ് അക്കൗണ്ടുകൾ അനുവദിക്കില്ല.
- നിങ്ങളുടെ മരണശേഷം കോർപ്പസ് സ്വീകരിക്കാൻ നിങ്ങൾക്ക് ഒന്നോ അതിലധികമോ ആളുകളെ നോമിനേറ്റ് ചെയ്യാം.
- ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും പിപിഎഫ് അക്കൗണ്ട് തുറക്കാൻ സാധിക്കും.
അപകട സാധ്യത വളരെ കുറഞ്ഞ നിക്ഷേപമായതിനാൽ പിപിഎഫ് എല്ലാവരും തിരഞ്ഞെടുക്കും. വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ ആഗ്രഹിക്കുന്നവർക്ക് പിപിഎഫ് നല്ല നിക്ഷേപ മാർഗമാണ്. സർക്കാർ നിയന്ത്രണത്തിലുള്ള നിക്ഷേപമായതിനാൽ പൂർണമായും സുരക്ഷിതമായിരിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


