ഉറപ്പായ വരുമാനം നൽകുന്ന നിക്ഷേപ ഓപ്ഷനുകളാണോ ആഗ്രഹിക്കുന്നത്? സ്റ്റോക്കുകളിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപിച്ചാൽ വലിയ തുക സമ്പാദിക്കാൻ സാധിക്കുമെങ്കിലും അപകട സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ആളുകൾ കൂടുതലായും സ്ഥിര നിക്ഷേപങ്ങൾ, പിപിഎഫ് എന്നിവയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു.
എല്ലാ ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്ഡി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ സാധാരണയായി പോസ്റ്റ് ഓഫീസ് വഴിയാണ് പബ്ലിക്ക് പ്രൊവിഡൻ്റ് ഫണ്ട് അഥവാ പിപിഎഫ് നിക്ഷേപം വാഗ്ദാനം ചെയ്യുന്നത്. ഈ രണ്ട് നിക്ഷേപങ്ങളും വ്യത്യസ്ത സ്വഭാവമുള്ളവയാണ്. നിക്ഷേപത്തിൻ്റെ കാലാവധിയും, പലിശ നിരക്കും, വരുമാനവുമെല്ലാം വ്യത്യസ്തമാണ്. അത്തരത്തിൽ ഈ രണ്ട് നിക്ഷേപങ്ങളെയും വേർതിരിക്കുന്ന പ്രധാന മൂന്ന് കാര്യങ്ങൾ അറിഞ്ഞിരിക്കാം;
1. പലിശ നിരക്ക്
സ്ഥിര നിക്ഷേപവും പിപിഎഫും വ്യത്യസ്ത പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ പിപിഎഫ് പ്രതിവർഷം 7.1 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. എന്നാൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഓരോ ധനകാര്യ സ്ഥാപനത്തിലും വ്യത്യസ്തമാണ്. ഇത് കാലാവധിക്ക് അനുസരിച്ചും വ്യത്യാസപ്പെടുന്നു. അതായത് ഏറ്റവും പുതിയ നിരക്കുകൾ പ്രകാരം എസ്ബിഐ നിലവിൽ സാധാരണ നിക്ഷേപകർക്ക് വേണ്ടി 3.05% to 6.60% വരെയാണ് എഫ്ഡി പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്.

2. നികുതി ലാഭിക്കുന്നു
എല്ലാ നിക്ഷേപങ്ങളിൽ നിന്നും നികുതി ഇളവുകൾ ലഭിക്കുന്നില്ല. പിപിഎഫിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനം ആദായ നികുതി നിയമപ്രകാരം നികുതി വിധേയമല്ല. എന്നാൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വരുമാനത്തിൽ നിന്നും നിശ്ചിത നിരക്കിൽ നികുതി ഈടാക്കുന്നുണ്ട്. അതിനാൽ തന്നെ എഫ്ഡിയിലൂടെ വാഗ്ദാനം ചെയ്യുന്ന പലിശയിൽ നിന്നും ലഭിക്കുന്ന വരുമാനം പൂർണമായും നിക്ഷേപകന് ലഭിക്കുന്നില്ല.
3. കാലാവധി
സ്ഥിര നിക്ഷേപങ്ങളുടെയും പബ്ലിക്ക് പ്രൊവിഡൻ്റ് ഫണ്ടിൻ്റെയും കാലാവധിയിൽ വ്യത്യാസമുണ്ട്. അതായത് പിപിഎഫിന് ഒരു ലോക്ക്-ഇൻ കാലാവധിയുണ്ട്. 15 വർഷത്തേക്കാണ് കാലാവധി ലോക്ക് ചെയ്തിരിക്കുന്നത്. എന്നാൽ നിങ്ങൾക്ക് നിക്ഷേപം ആരംഭിച്ച് അഞ്ച് വർഷം കഴിഞ്ഞാൽ ഭാഗികമായി പിൻവലിക്കാൻ സാധിക്കും. പക്ഷേ ഇത് കാര്യമായ നേട്ടം നൽകില്ല.
എന്നാൽ സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപിച്ച തുകക്ക് ഇത്തരം ലോക്ക്-ഇൻ കാലാവധിയില്ല. നിക്ഷേപം ആരംഭിച്ച് 7 ദിവസം കഴിഞ്ഞാൽ പിൻവലിക്കാൻ സാധിക്കും. മാത്രമല്ല 10 വർഷം വരെ കാലാവധിയിൽ നിക്ഷേപം തുടരാൻ സാധിക്കും.
ഈ രണ്ട് നിക്ഷേപങ്ങളും വ്യത്യസ്ത നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഉയർന്ന വരുമാനം ആഗ്രഹിക്കുന്നവർക്കും നികുതി ഇളവുകൾ ആഗ്രഹിക്കുന്നവർക്കും പിപിഎഫ് മികച്ച തിരഞ്ഞെടുപ്പായിരിക്കും. എന്നാൽ കാലാവധിയിൽ തടസ്സങ്ങളില്ലാതെ എളുപ്പത്തിൽ പിൻവലിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്ഥിര നിക്ഷേപങ്ങളാണ് മികച്ച ഓപ്ഷൻ. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കും, ആവശ്യങ്ങൾക്കും അനുസരിച്ചായിരിക്കണം ഈ സമ്പാദ്യ പദ്ധതികൾ തിരഞ്ഞെടുക്കേണ്ടത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications