രാജ്യത്തെ തൊഴിലവസരങ്ങളെ കൂടുതൽ ശാക്തീകരിക്കുന്നതിന് സർക്കാർ പ്രാധാന്യം നൽകാറുണ്ട്. അത്തരത്തിൽ യുവാക്കൾക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണ് വികസിത് ഭാരത് റോസ്ഗർ യോജന (PM-VBRY). യുവാക്കൾക്കിടയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പ്രോത്സാഹിപ്പിക്കുക, തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. അതിനാൽ തൊഴിൽ മേഖലയെ ശക്തിയാർജ്ജിക്കാൻ ഈ പദ്ധതിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ പദ്ധതിയുടെ ഭാഗമായി യോഗ്യരായവർക്ക് 15,000 രൂപ വരെ പ്രോത്സാഹനമായി ലഭിക്കും.
2025 ആഗസ്റ്റ് 15 ന് ഡൽഹിയിലെ ചെങ്കോട്ടയിൽ വെച്ച് സ്വാതന്ത്ര്യ ദിന പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി ഈ പദ്ധതി അവതരിപ്പിച്ചത്. പദ്ധതിയുടെ നടത്തിപ്പിനായി സർക്കാർ ഏകദേശം 99,446 കോടി രൂപയാണ് കരുതിയിരിക്കുന്നത്, അതായത് 1 ലക്ഷം കോടിയോളം രൂപയുടെ പദ്ധതി. എല്ലാ തൊഴിലുടമകളും ആദ്യമായി ജോലി ചെയ്യുന്നവരും ഈ പദ്ധതിക്ക് അർഹരാണ്.
പ്രോത്സാഹന ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് സർക്കാർ വെബ്‌സൈറ്റായ pmvbry.epfindia.gov.in അല്ലെങ്കിൽ ഉമാങ് ആപ്പ് വഴി രജിസ്റ്റർ ചെയ്യാം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) വഴി പ്രധാനമന്ത്രി വികസിത് ഭാരത് റോജ്ഗാർ യോജനയുടെ മേല്‍നോട്ടം വഹിക്കാനുള്ള ഉത്തരവാദിത്തം തൊഴിൽ മന്ത്രാലയത്തിനാണ്.
ആർക്കാണ് യോഗ്യത?
ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന്, ജീവനക്കാർ ചില നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. അതായത് 2025 ആഗസ്റ്റ് 1-നും 2027 ജൂലൈ 31-നും ഇടയിൽ ഒരു സ്ഥാപനത്തിൽ ജോലിക്ക് പ്രവേശിക്കുകയും, എന്നാൽ 2025 ആഗസ്റ്റ് 1-ന് മുമ്പ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിലോ (EPFO) ഏതെങ്കിലും അംഗീകൃത ട്രസ്റ്റിലോ അംഗമല്ലാത്തവരുമായ ജീവനക്കാർക്ക് ഈ പദ്ധതിയിൽ നിന്നും നേട്ടം ഉറപ്പാക്കാം. മാത്രമല്ല, 2025 ആഗസ്റ്റ് മുതലായിരിക്കണം അവരുടെ ആദ്യത്തെ ഇപിഎഫ് സംഭാവന നൽകേണ്ടതും. പ്രതിമാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കും പദ്ധതിയിലൂടെ നേട്ടം കിട്ടും.

ഓൺലൈനായി അപേക്ഷിക്കുന്ന പ്രക്രിയ
എംപ്ലോയീ രജിസ്ട്രേഷൻ: ഇപിഎഫ്ഒയുടെ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ഒറ്റത്തവണ രജിസ്ട്രേഷനായി ഔദ്യോഗിക പോർട്ടൽ pmvbry.epfindia.gov.in സന്ദർശിക്കുക.
നിയമനവും എൻറോൾമെന്റും: ആദ്യം യോഗ്യതയുള്ള തൊഴിലാളികളെ നിയമിക്കുക. അവർ ജോലിയിൽ പ്രവേശിച്ച് 30 ദിവസത്തിനുള്ളിൽ അവരെ ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്യുക. ഒപ്പം കെവൈസി വിവരങ്ങളായ ആധാർ, പാൻ, ബാങ്ക് അക്കൗണ്ട് എന്നിവ അപ്‌ലോഡ് ചെയ്യുക.
ക്ലെയിം: ഇപിഎഫ്ഒയുടെ ഏകീകൃത പോർട്ടൽ വഴി ഇൻസെന്റീവുകൾ ഓട്ടോമാറ്റിക്കലി ലഭിക്കും. ജീവനക്കാർക്ക് അവരുടെ യുഎഎൻ നൽകി ഉമാങ് ആപ്പ് വഴി സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം.
വിതരണം: യോഗ്യതാ പരിശോധിച്ച ശേഷം 15-30 ദിവസത്തിനുള്ളിൽ ജീവനക്കാരന്റെയോ/തൊഴിലുടമയുടെയോ ലിങ്ക് ചെയ്‌ത അക്കൗണ്ടിലേക്ക് ഫണ്ടുകൾ എത്തും.
പദ്ധതിയുടെ നേട്ടങ്ങൾ
- 2025 ഓഗസ്റ്റ് 1 മുതൽ 2027 ജൂലൈ 31 വരെ പ്രാബല്യത്തിൽ വരുന്ന ഈ പദ്ധതി പ്രകാരം, പുതുതായി ജോലിയിൽ പ്രവേശിച്ചവർക്ക് രണ്ട് ഗഡുക്കളായി 15,000 രൂപ വരെ സാമ്പത്തിക സഹായം നൽകും.
- ഓരോ പുതിയ തസ്തികയിലേക്ക് ജോലിക്കാരെ നിയമിക്കുമ്പോൾ തൊഴിലുടമകൾക്ക് പ്രതിമാസം 3,000 രൂപ വരെ ലഭിക്കും.
- പാർട്ട് എ പ്രകാരം ആദ്യമായി ജോലിയിൽ കയറിയവർക്ക് ആധാർ ബ്രിഡ്ജ് പേയ്‌മെന്റ് സിസ്റ്റം (ABPS) ഉപയോഗിച്ച് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) വഴി ഫണ്ട് വിതരണം ചെയ്യും. പാർട്ട് ബി പ്രകാരം തൊഴിലുടമകൾക്ക് അവരുടെ പാൻ-ലിങ്ക് ചെയ്ത അക്കൗണ്ടുകളിലേക്ക് ഫണ്ട് എത്തിക്കും.
പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജന രാജ്യത്തിൻ്റെ വളർച്ചക്ക് ഏറ്റവും വലിയ സംഭാവനയാണ് നൽകുക. തൊഴിൽ മേഖലക്ക് പ്രോത്സാഹനം നൽകുന്നതിലൂടെ ഇന്ത്യയുടെ സാമ്പത്തിക ഉയർച്ചക്കും അത് മുതൽകൂട്ടാവും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications