റിട്ടയർമെന്റ് ആസൂത്രണം ചെയ്താലോ? ആദ്യം അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
സാമ്പത്തിക ആസൂത്രണത്തിൽ ഏറെ നിർണായകമായ ഘടകമാണ് വിരമിക്കൽ ഫണ്ട്. എന്നാൽ ആളുകൾ ഇപ്പോഴും റിട്ടയർമെന്റ് ആസൂത്രണത്തിന് നൽകുന്ന പ്രാധാന്യം വളരെ ചെറുതാണ്. പലപ്പോഴും അവഗണിക്കുക പോലും ചെയ്യുന്നു. സർവ്വേകൾ പറയുന്നത് ഇപ്പോഴും ഇന്ത്യയിൽ 70 ശതമാനത്തിലധികം ആളുകളും ജോലിയിൽ നിന്ന് വിരമിച്ച ശേഷം പരമ്പരാഗത സ്വത്തിനെയും മക്കളെ അല്ലെങ്കിൽ ബന്ധുക്കളെ ആശ്രയിച്ചു കഴിയുന്നുവെന്നാണ്. ഈ സ്ഥിതി മാറേണ്ടതുണ്ട്. ജോലിയിൽ നിന്നുള്ള വരുമാനം നിലച്ചാലും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെയും ആശ്രയിക്കാതെയും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ റിട്ടയർമെന്റ് ആസൂത്രണം പ്രധാനമാണ്.
നിങ്ങൾ സമ്പദിച്ചു തുടങ്ങിയതെ ഉള്ളുവെങ്കിലും റിട്ടയർമെന്റിലേക്ക് അടുക്കാറായി എങ്കിലും റിട്ടയർമെന്റ് ആസൂത്രണം പ്രധാനമാണ്. സുരക്ഷിതമായ ഒരു സാമ്പത്തിക ഭാവി കെട്ടിപ്പടുക്കുന്നതിന് ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണം എപ്പോഴും നിർണ്ണായകമാണ്. വൈകി പോയാലും അതിലേക്ക് കടക്കുന്നത് ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ മികച്ചതായിരിക്കും. വിരമിച്ച ശേഷവും നിങ്ങളുടെ ജീവിതശൈലി നിലനിർത്താനും ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റാനും സാമ്പത്തിക സമ്മർദ്ദമില്ലാതെ മനസ്സമാധാനം ആസ്വദിക്കാനും കഴിയുമെന്ന് ഇത് ഉറപ്പാക്കും.

പരമാവധി നേരത്തെ റിട്ടയർമെന്റ് ഫണ്ടിലേക്ക് നിക്ഷേപം ആരംഭിക്കുന്നത് പരമാവധി നേട്ടം സ്വന്തമാക്കാൻ അനുവദിക്കും. ഇതിന് പല തരത്തിലുള്ള നിക്ഷേപ ഫണ്ടുകൾ തിരഞ്ഞെടുക്കാൻ നമുക്ക് സാധിക്കും. ദീർഘകാലത്തേക്കുള്ള നിക്ഷേപത്തിൽ നിന്ന് പരമാവധി റിട്ടേൺസ് നൽകുന്ന എസ്ഐപി അഥവ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ മുതൽ സർക്കാർ ഉറപ്പിൽ ഉറപ്പായ വരുമാനം നേടാൻ സാധിക്കുന്ന ഇപിഎഫ് അഥവ എംപ്ലോയി പ്രൊവിഡന്റ് ഫണ്ടു വരെ നിങ്ങൾക്ക് റിട്ടയർമെന്റ് സമ്പാദ്യം കെട്ടിപ്പടുക്കാൻ പ്രയോജനപ്പെടുത്താവുന്നതാണ്. വരുമാനം, ജീവിതചെലവ്, സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ശരിയായ രീതി തിരഞ്ഞെടുക്കാം. ഇത്തരത്തിൽ റിട്ടയർമെന്റ് ആസൂത്രണം നടത്തുമ്പോൾ പരിഗണിക്കേണ്ട ഏഴ് കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ വിശദമായി ചർച്ച ചെയ്യുന്നത്.
1. നേരത്തെ ആരംഭിക്കുക സ്ഥിരമായി നിക്ഷേപിക്കുക
നിങ്ങൾക്ക് എത്രത്തോളം നേരത്തെ നിക്ഷേപം ആരംഭിക്കാൻ സാധിക്കുമോ അത്രത്തോളം റിട്ടേൺസ് അല്ലെങ്കിൽ പ്രയോജനം നേടാൻ സാധിക്കുന്നതാണ് ഏതൊരു നിക്ഷേപ രീതിയും. പ്രത്യേകിച്ച് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് പ്ലാൻ പോലെയുള്ള രീതികൾ. അത് കോമ്പൗണ്ടിംഗിന്റെ ശക്തിയിലൂടെ നിങ്ങളുടെ പണം വളരാൻ അവസരം നൽകുന്നു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ഫിനാൻഷ്യൽ എഡ്യൂക്കേഷൻ ബുക്ക്ലെറ്റ് അനുസരിച്ച്, 60 വയസ്സിൽ വിരമിക്കൽ ലക്ഷ്യത്തോടെ 25 വയസ്സിൽ സമ്പാദ്യം ആരംഭിക്കുന്നത് 35 വർഷത്തെ നിക്ഷേപ ചക്രവാളം നൽകുന്നു. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), മ്യൂച്വൽ ഫണ്ട്, നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) പോലുള്ള ഉപകരണങ്ങളിൽ മിതമായതും പതിവായതുമായ നിക്ഷേപങ്ങൾ പോലും കാലക്രമേണ ഗണ്യമായ വരുമാനം നേടാൻ ഈ വിപുലീകൃത കാലയളവ് നിക്ഷേപകരെ പ്രാപ്തമാക്കുന്നു.
2. നിങ്ങളുടെ റിട്ടയർമെന്റ് സമ്പാദ്യം എത്ര രൂപയായിരിക്കണമെന്ന് കണക്കാക്കുക
വിരമിച്ചതിന് ശേഷം നിങ്ങൾക്ക് എത്ര രൂപ റിട്ടയർമെന്റ് സമ്പാദ്യം ആവശ്യമായി വരുന്നുവെന്ന് കൃത്യമായി കണക്കാക്കുക. ഇത് റിട്ടയർമെന്റ് ആസൂത്രത്തിലെ ഒഴിച്ചുകൂടാനാകത്ത ഘടകമാണ്. അതിനായി നിങ്ങളുടെ ദൈനംദിന ചെലവുകൾ, പ്രതീക്ഷിക്കുന്ന മറ്റു ചെലവുകൾ, പണപ്പെരുപ്പം തുടങ്ങിയ മാനദണ്ഡങ്ങൾ വിലയിരുത്തേണ്ടതുണ്ട്. വിരമിക്കൽ സമയത്തുള്ള നിങ്ങളുടെ വാർഷിക ചെലവുകളുടെ 20 മുതൽ 25 മടങ്ങ് വിരമിക്കൽ സമ്പാദ്യമായി ലക്ഷ്യമിടുന്നത് പൊതുവായ നിയമമാണ്. ആശ്രിതർ, അപ്രതീക്ഷിത ചെലവുകൾ എന്നിവയും പരിഗണിക്കേണ്ടതുണ്ട്.
3. പണപ്പെരുപ്പവും ആരോഗ്യ സംരക്ഷണ ചെലവുകൾ
നിങ്ങളുടെ സമ്പാദ്യത്തിന്റെ മൂല്യം നിർണ്ണയിക്കുന്നതിൽ പണപ്പെരുപ്പം പ്രധാന പങ്കു വഹിക്കുന്നു. ഇപ്പോൾ ഒരാൾക്ക് ലഭിക്കുന്ന 50,000 രൂപ പ്രതിമാസ പെൻഷനായിരിക്കില്ല പത്തോ ഇരുപതോ വർഷങ്ങൾക്കു ശേഷം ഒരാൾക്ക് വേണ്ടി വരിക. പ്രകാരം, കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ശരാശരി പണപ്പെരുപ്പ നിരക്ക് 4 ശതമാനത്തിനും 6 ശതമാനത്തിനും ഇടയിലാണ്. രാജ്യത്തെ ആരോഗ്യ രംഗത്തെ ചെലവുകളും അതിവേഗം വർധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. വിരമിക്കൽ ജീവിതത്തിൽ ആരോഗ്യ സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകേണ്ടതിനാൽ ആരോഗ്യ സംരക്ഷണ പണപ്പെരുപ്പം വർധിക്കുന്നതും നിങ്ങളുടെ റിട്ടയർമെന്റ് ആസൂത്രണത്തെ സ്വാധീനിക്കുന്നു. ആരോഗ്യ സംരക്ഷണ പണപ്പെരുപ്പം നിലവിൽ പ്രതിവർഷം 14 ശതമാനം ആണ്.
4. നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിക്കുക
സാമ്പത്തിക വിദഗ്ധർ എപ്പോഴും മുന്നോട്ടു വെക്കുന്ന നിക്ഷേപ ടിപ്പുകളിലൊന്നാണ് നിക്ഷേപ പോർട്ട്ഫോളിയോയിലെ വൈവിധ്യവൽക്കരണം. നിങ്ങളുടെ എല്ലാ മുട്ടകളും ഒരു കൊട്ടയിൽ ഇടരുത്. ഇക്വിറ്റി, ഡെറ്റ്, സർക്കാർ പിന്തുണയുള്ള പദ്ധതികൾ എന്നിവയിലായി നിക്ഷേപം വൈവിധ്യവൽക്കരിക്കുന്നത് വളർച്ചയും സ്ഥിരതയും ഉറപ്പാക്കുന്നു. യുവ നിക്ഷേപകർ ഇക്വിറ്റികളിലേക്ക് കൂടുതൽ ചായാൻ സാധ്യതയുണ്ട്, അതേസമയം പഴയ നിക്ഷേപകർ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അല്ലെങ്കിൽ ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ പോലുള്ള സുരക്ഷിതമായ നിക്ഷേപ ഉപകരണങ്ങളിലേക്ക് മാറണം.
5. തൊഴിലുടമ വാഗ്ദാനം ചെയ്യുന്ന വിരമിക്കൽ ആനുകൂല്യങ്ങൾ പരിഗണിക്കുക
രാജ്യത്തെ തൊഴിൽ നിയമങ്ങളനുസരിച്ച് തൊഴിലുടമ തന്റെ ജീവനക്കാർക്കായി ഉറപ്പായും നൽകിയിരിക്കേണ്ട അല്ലെങ്കിൽ വാഗ്ദാനം ചെയ്തിരിക്കേണ്ട ആനുകൂല്യങ്ങളുണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, സൂപ്പർആനുവേഷൻ എന്നിവയാണ് ഇതിൽ പ്രാധാനം. ഇത്തരത്തിലുള്ള ആനുകൂല്യങ്ങളിലേക്കുള്ള തൊഴിലുടമയുടെ സംഭാവനകൾ മനസ്സിലാക്കുകയും കണക്കിലെടുക്കുകയും ചെയ്യുക. ഇപിഎഫ്ഒ ഡാറ്റ അനുസരിച്ച്, ഇപിഎഫ് 8.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു (2023-24 സാമ്പത്തിക വർഷം). നിങ്ങൾ ജോലി മാറുകയാണെങ്കിൽ, കോമ്പൗണ്ടിംഗ് ആനുകൂല്യം നിലനിർത്താൻ നിങ്ങളുടെ പിഎഫ് തുക കൈമാറ്റം ചെയ്യാനും പിൻവലിക്കാതിരിക്കാനും ശ്രദ്ധിക്കുക. ഇത്തരം ആനുകൂല്യങ്ങൾ ചോദിച്ചു വാങ്ങാനും തൊഴിലിടം മാറുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ വിട്ടുപോകാതെ ചെയ്യുകയും വേണം.
6. നികുതി കാര്യക്ഷമത അവഗണിക്കരുത്
വിരമിക്കൽ ആസൂത്രണം നിങ്ങൾക്ക് ശരിയായി സമ്പാദിക്കാനുള്ള അവസരം കൂടിയൊണൊരുക്കുന്നത്. നിരവിധ നിക്ഷേപ പദ്ധതികൾ നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന നിക്ഷേപ സമ്പാദ്യ പദ്ധതികളും റിട്ടയർമെന്റ് പദ്ധതികളും. ഉദ്ദാഹരണത്തിന് നാഷ്ണൽ പെൻഷൻ സിസ്റ്റത്തിൽ നിക്ഷേപകർക്ക് ആദായ നികുതി നിയമത്തിന്റെ സെക്ഷൻ 80 സി അനുസരിച്ച് നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നു. സെക്ഷൻ 80 സിസിഡി (1ബി), നികുതി രഹിത ഇൻഷുറൻസ് റിട്ടേണുകൾക്കായി സെക്ഷൻ 10(10ഡി) പോലുള്ള നികുതി ലാഭിക്കൽ മാർഗങ്ങൾ ഉപയോഗിക്കുക. വിരമിക്കുന്നതിന് മുമ്പ് പ്രത്യേക ആവശ്യങ്ങൾക്കായി ഭാഗികമായി പിൻവലിക്കാനും എൻപിഎസ് നിക്ഷേപകരെ അനുവദിക്കുന്നു.
7. വിരമിക്കൽ വരുമാന സ്രോതസ്സുകളെക്കുറിച്ച് ചിന്തിക്കുക
ജോലിയിൽ നിന്ന് വിരമിച്ച ശേഷവും സ്ഥിര വരുമാനം ഉണ്ടായിരിക്കുന്നത് നിങ്ങളുടെ സാമ്പത്തിക ഭാവി കൂടുതൽ ഭദ്രമാക്കുന്നു. ജോലിയിൽ നിന്ന് വിരമിച്ച ശേഷവും സ്ഥിര വരുമാനം നൽകാൻ സാധിക്കുന്ന നിരവധി പദ്ധതികളും രീതികളും ഇന്ന് നിലവിലുണ്ട്. വാടകയ്ക്ക് നൽകുന്നത് അത്തരത്തിലൊരു പ്രധാന വരുമാന സ്രോതസ്സാണ്. വീട് അല്ലെങ്കിൽ കടമുറികൾ പോലെയുള്ള പ്രോപ്പർട്ടികളിൽ നിന്നും വരുമാനം നേടാം. ആന്വിറ്റികൾ, സിസ്റ്റമാറ്റിക് പിൻവലിക്കൽ പ്ലാനുകൾ അഥവ എസ്ഡബ്ലുപി അല്ലെങ്കിൽ ഡിവിഡന്റ് നൽകുന്ന നിക്ഷേപങ്ങൾ എന്നിവ പോലുള്ള നിക്ഷേപ രീതികളും ഉൾപ്പെടുന്നു. അടൽ പെൻഷൻ യോജന അല്ലെങ്കിൽ എൽഐസിയിൽ നിന്നുള്ള ലൈഫ് ആന്വിറ്റി പ്ലാനുകൾ അല്ലെങ്കിൽ ഐആർഡിഎ അംഗീകൃത ഇൻഷുറർമാർ പോലുള്ള ഉൽപ്പന്നങ്ങൾ ഉറപ്പായ പ്രതിമാസ പെൻഷനുകൾ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications


