'വിദ്യാർത്ഥികളുടെ ക്രെഡിറ്റ് സ്കോർ', ഉയർത്താനുള്ള 5 മാർഗങ്ങൾ: ഇനി നിങ്ങളൊന്നും കുട്ടികൾ അല്ല
ചെറുപ്പം മുതലേ ഒരു നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കുന്നത് മുന്നോട്ടുള്ള ഭാവി ജീവിതത്തിന് വലിയ പ്രാധാന്യം നൽകും. അതുകൊണ്ടുതന്നെ വിദ്യാർത്ഥികളുടെ ക്രെഡിറ്റ് സ്കോർ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയമാണ്. നിലവിൽ വിദ്യാർത്ഥികൾക്ക് ശക്തമായ ക്രെഡിറ്റ് സ്‌കോർ നിർമ്മിക്കാൻ സഹായിക്കുന്ന 5 പ്രായോഗിക മാർഗങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്. എളുപ്പത്തിൽ ലോണുകളും മികച്ച ക്രെഡിറ്റ് കാർഡുകളും നേടാൻ ഇത് അവരെ സഹായിക്കും.
750-ന് മുകളിലുള്ള ഒരു ക്രെഡിറ്റ് സ്‌കോർ ഉണ്ടായിരിക്കുകയാണെങ്കിൽ, വായ്പകൾക്കോ പുതിയ ക്രെഡിറ്റ് കാർഡുകൾക്കോ അപേക്ഷിക്കുമ്പോൾ അതിന് വലിയ ഗുണം കിട്ടും. കൂടാതെ ഫ്ളാറ്റ് വാടകയ്ക്ക് എടുക്കുമ്പോഴും ചില സ്ഥാപനങ്ങളിൽ ജോലി നേടുമ്പോഴും ഒരു ശുദ്ധമായ ക്രെഡിറ്റ് പ്രൊഫൈൽ വലിയ പ്ലസ് പോയിന്റാവും.
നല്ല ക്രെഡിറ്റ് സ്കോർ, പണനിയന്ത്രണവും കൃത്യമായ ആസൂത്രണവുമുള്ള ജീവിതശൈലിയെ സൂചിപ്പിക്കുന്ന ഒന്നാണ്. കൂടാതെ കുറഞ്ഞ പലിശനിരക്കുകൾ, കൂടുതൽ ക്രെഡിറ്റ് പരിധികൾ തുടങ്ങിയ പല സാമ്പത്തിക ആനുകൂല്യങ്ങളും ഇതുമൂലം ലഭിക്കും.
ആദ്യം സെക്യുർഡ് ക്രെഡിറ്റ് കാർഡിൽ നിന്ന് തുടക്കം കുറിക്കുക
വിദ്യാർത്ഥികൾക്ക് സ്ഥിരമായ വരുമാനമില്ലെങ്കിൽ പോലും, സെക്യുർഡ് ക്രെഡിറ്റ് കാർഡുകൾ ആരംഭിക്കാൻ നല്ല മാർഗമാണ്. സാധാരണയായി ഒരു ഫിക്‌സഡ് ഡിപ്പോസിറ്റിനെതിരെയാണ് ഈ കാർഡുകൾ നൽകുന്നത്, ആ തുകയാണ് ക്രെഡിറ്റ് പരിധിയാകുന്നത്.
ചെറിയ ചെലവുകൾ നടത്തുകയും ഓരോ മാസവും മുഴുവൻ തുകയും തിരിച്ചടയ്‌ക്കുകയും ചെയ്താൽ, ക്രെഡിറ്റ് ഹിസ്റ്ററി പോസിറ്റീവായി രൂപപ്പെടും. ഈ കാർഡുകൾ എല്ലാ പ്രധാന ക്രെഡിറ്റ് ബ്യൂറോകളിലേക്കും റിപ്പോർട്ട് ചെയ്യുന്നുവെന്ന് ഉറപ്പാക്കണം.
സമയത്ത് പണമടയ്ക്കുക
ക്രെഡിറ്റ് സ്‌കോറിന്റെ 35% വരെ നൽകുന്നത് പെയ്മെന്റ് ഹിസ്റ്ററിയാണ്. അതിനാൽ തന്നെ ഓരോ ബിൽ, ഇ എം ഐ, മൊബൈൽ ബിൽ, യൂട്ടിലിറ്റി ബില്ല് എന്നിവയെല്ലാം സമയത്ത് അടയ്ക്കുന്നത് നിർബന്ധമാണ്.
ഓട്ടോ -ഡെബിറ്റ് സജ്ജീകരിക്കാനും ബജറ്റിംഗ് ആപ്പുകൾ ഉപയോഗിക്കാനും ശ്രമിക്കുന്നതിലൂടെയും ഇത് സാധ്യമാകും. ഒരു പേയ്‌മെന്റ് പോലും മിസ് ചെയ്‌താൽ അതിന്റെ പ്രശ്നം പരിഹരിക്കാൻ മാസങ്ങൾ എടുക്കും. അതുകൊണ്ടുതന്നെ എല്ലാം കൃത്യമായി മാനേജ് ചെയ്യുക.

ക്രെഡിറ്റ് ഉപയോഗം കുറക്കുക
നിങ്ങളുടെ കാർഡിന് ₹20,000 ആണ് ലിമിറ്റ് എങ്കിൽ, ഒരു മാസത്തിൽ ₹6,000-നു മേൽ ചെലവാക്കരുത് എന്നതാണ് പ്രധാന നിയമം. ക്രെഡിറ്റ് ഉപയോഗം 30% ക്ക് താഴെ നിലനിർത്തുന്നത് നിങ്ങളുടെ സാമ്പത്തിക ശൈലിക്ക് നല്ല വിലയിരുത്തലാണ്. നല്ല രീതിയിൽ കാർഡ് ഉപയോഗിച്ച് വിശ്വാസം നേടുമ്പോൾ, ക്രെഡിറ്റ് പരിധി കൂട്ടാൻ ബാങ്കിനോട് അഭ്യർത്ഥിക്കാം. അതിലൂടെ ഉപയോഗ ശതമാനം കുറയുകയും, സ്‌കോർ മെച്ചപ്പെടുകയും ചെയ്യും.
എജുക്കേഷൻ ലോൺ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുക
പഠന ആവശ്യങ്ങൾക്കായുള്ള ഈ ലോൺ, നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. സാധാരണയായി പഠനം പൂർത്തിയായശേഷമാണ് റിപെയ്മെന്റ് തുടങ്ങുക. എങ്കിലും മോറട്ടോറിയം കാലത്ത് പോലും ചിലർക്ക് പലിശ അടയ്ക്കാൻ കഴിയും. അതുവഴി ക്രെഡിറ്റ് പ്രൊഫൈൽ കൂടുതൽ പോസിറ്റീവായി മാറും. ഈ ലോൺ സംബന്ധിച്ച വിവരങ്ങൾ ക്രെഡിറ്റ് ബ്യൂറോകൾക്ക് റിപോർട്ട് ചെയ്യുന്ന ബാങ്കുകൾ തിരഞ്ഞെടുക്കുക.
ക്രമാനുസൃതമായി ക്രെഡിറ്റ് റിപ്പോർട്ടുകൾ പരിശോധിക്കുക
നിങ്ങൾക്ക് സാമ്പത്തിക ഇടപാടുകൾ കുറവാണെങ്കിൽ പോലും, നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടുകൾ സമയബന്ധമായി പരിശോധിക്കുക. തെറ്റായ പേരുകൾ, അക്കൗണ്ട് വിവരങ്ങൾ, അനധികൃത ഇടപാടുകൾ എന്നിവ നിങ്ങളെ ബാധിക്കും.
സിബിൽ, ക്രിഫ് ഹൈ മാർക്ക്, എക്സ്പീരിയൻ, ഇക്വിഫാക്സ് എന്നിങ്ങനെ ഇന്ത്യയിലെ നാല് പ്രധാന ക്രെഡിറ്റ് എജൻസികളിൽ നിന്ന് വർഷത്തിൽ ഒരിക്കൽ സൗജന്യ റിപ്പോർട്ട് ലഭിക്കും. പിഴവുകൾ കാണുമ്പോൾ ഉടൻ തന്നെ തിരുത്താൻ അപേക്ഷ നൽകുക.
ബോണസ് ടിപ്പ്:
ഒരേ സമയം പല ലോണുകൾക്കും അപേക്ഷിക്കരുത്
പുതിയ ലോൺ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുമ്പോൾ 'ഹാർഡ് എൻക്വയറി' എന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിൽ രേഖപ്പെടുത്തപ്പെടും. അധികം ഹാർഡ് എൻക്വയറികൾ ഉണ്ടാകുമ്പോൾ സ്‌കോർ കാര്യമായി കുറഞ്ഞേക്കാം. അതിനാൽ ഉറപ്പുള്ളതിനും ആവശ്യമായതിനും മാത്രം അപേക്ഷിക്കുക.
മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ വരുംകാലങ്ങളിൽ നിങ്ങൾക്ക് നല്ല ക്രെഡിറ്റ് സ്കോർ പടുത്തുയർത്താൻ സാധിക്കും.


Click it and Unblock the Notifications


