60 വയസ്സിനു ശേഷം സ്ഥിര നിക്ഷേപങ്ങളിലൂടെ സാമ്പത്തിക സുരക്ഷ ആഗ്രഹിക്കാത്തവരുണ്ടോ? എന്നാൽ സമീപകാലങ്ങളിൽ രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം എഫ്ഡി പലിശ നിരക്ക് വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാൽ ചില ചെറുകിട ധനകാര്യ ബാങ്കുകൾ ഇപ്പോഴും മുതിർന്ന പൗരന്മാർക്ക് ഉയർന്ന എഫ്ഡി പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ നിക്ഷേപിക്കാവുന്ന മികച്ച എഫ്ഡികളെ കുറിച്ച് അറിഞ്ഞിരിക്കാം;
1. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് എഫ്ഡി
5 വർഷത്തെ കാലാവധിയിൽ മുതിർന്ന പൗരന്മാർക്ക് നിക്ഷേപിക്കാവുന്ന സ്ഥിര നിക്ഷേപ പദ്ധതിയാണിത്. ഏറ്റവും പുതിയ നിരക്കുകൾ അനുസരിച്ച് പ്രതിവർഷം 9.6% പലിശ സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് എഫ്‌ഡി വാഗ്ദാനം ചെയ്യുന്നു. പലിശ പ്രതിമാസമോ, ത്രൈമാസികമോ, കാലാവധി അവസാനിക്കുമ്പോഴോ ലഭിക്കും. നിക്ഷേപം ആരംഭിച്ച് ആറ് മാസത്തിന് ശേഷം പണം പിൻവലിക്കാം, പക്ഷേ 1% പിഴ ഈടാക്കും.
2. സ്മോൾ ഫിനാൻസ് ബാങ്ക് എഫ്ഡി
546 മുതൽ 1111 ദിവസം വരെയുള്ള കാലാവധിയിൽ സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ എഫ്ഡിയിൽ മുതിർന്ന പൗരന്മാർ നിക്ഷേപിച്ചാൽ 9.5% നിരക്കിൽ പലിശ ലഭിക്കും. ഈ എഫ്ഡിയിൽ ഏറ്റവും കുറഞ്ഞത് 5,000 രൂപ നിക്ഷേപിക്കണം. കാലാവധിക്കു മുന്നേ ആവശ്യമെങ്കിൽ പണം പിൻവലിക്കാം, പക്ഷേ 1% പിഴ ഈടാക്കുന്നു.

3. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് എഫ്ഡി
യൂണിറ്റി ബാങ്ക് 1001 ദിവസത്തെ കാലാവധിയുള്ള എഫ്ഡിയിൽ മുതിർന്ന പൗരന്മാർക്ക് 9.5% പലിശ വാഗ്ദാനം ചെയ്യുന്നു. 1,000 രൂപ മുതൽ ഈ സ്കീമിൽ നിക്ഷേപം ആരംഭിക്കാം. കാലാവധിക്കു മുന്നേ പണം പിൻവലിക്കാൻ സാധിക്കും, പക്ഷേ 1% പിഴ നൽകണം. മാത്രമല്ല നിക്ഷേപത്തിന്റെ 90% വരെ ഓവർഡ്രാഫ്റ്റ് സൗകര്യം ലഭ്യമാണ്. ഇത് അടിയന്തര ഘട്ടങ്ങളിൽ നേട്ടം നൽകുന്നു.
4. ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് എഫ്ഡി
750 ദിവസത്തെ പ്രത്യേക എഫ്ഡിയിൽ ഫിൻകെയർ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 9.11% എന്ന ഉയർന്ന വരുമാനം നൽകുന്നു. സാധാരണ നിക്ഷേപകരെ അപേക്ഷിച്ച് മുതിർന്നവർക്ക് 0.50% അധികവും സ്ത്രീകൾക്ക് 0.10% അധികവും പലിശ ലഭിക്കും. നിക്ഷേപം ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷം പണം പിൻവലിക്കാൻ സാധിക്കും. ഇത് അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാം.
5. ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക് എഫ്ഡി
12 മുതൽ 18 മാസം വരെയുള്ള കാലാവധിയുള്ള എഫ്ഡികളിൽ മുതിർന്ന പൗരന്മാർക്ക് ശിവാലിക് എസ്‌എഫ്‌ബി 9.05% പലിശ നൽകുന്നു. ഇവിടെ 50,000 രൂപ നിക്ഷേപിച്ചാൽ ഒരു വർഷത്തിനുള്ളിൽ ഏകദേശം 4,500 രൂപ പലിശ ലഭിക്കും. മാത്രമല്ല ആടിയന്തര ഘട്ടത്തിൽ കാലാവധിക്കു മുന്നേ നിക്ഷേപം പിൻവലിക്കാം. എന്നാൽ 0.50% പിഴ ഈടാക്കും എന്ന് ഓർമിക്കുക.
പ്രമുഖ ബാങ്കുകളെല്ലാം വളരെ കുറഞ്ഞ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുമ്പോൾ വിവിധ ചെറുകിട ധനകാര്യ ബാങ്കുകൾ എഫ്ഡികൾക്ക് ഉയർന്ന പലിശ നിരക്ക് നൽകുന്നു. എന്നാൽ ഇത്തരം എഫ്ഡികൾ പരിഗണിക്കുന്നതിനു മുന്നേ ഇവയുടെ അപകട സാധ്യതകളെ കുറിച്ച് അറിഞ്ഞിരിക്കണം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications