ആധാർ വിവരങ്ങൾ ഇനി അതീവ സുരക്ഷയോടെ പങ്കിടാം: കാത്തിരുന്ന പുതിയ ആധാർ ആപ്പ് പുറത്തിറങ്ങി
ഇന്ത്യയിലെ എല്ലാ പൗരൻമാർക്കും ആധാർ കാർഡുണ്ടായിരിക്കും. എന്നാൽ ഡിജിറ്റൽ കാർഡ് സൂക്ഷിക്കുന്നവരുടെ എണ്ണം കുറവായിരിക്കും. കൂടുതൽ സൗകര്യങ്ങളോടെ വിവരങ്ങൾ സുരക്ഷിതമാക്കുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒരു പുതിയ ആധാർ ആപ്പ് പുറത്തിറക്കി. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും സൗജന്യമായി ഈ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ആധാർ ആപ്പ് ഫേഷ്യൽ റെക്കഗ്നിഷൻ, ബയോമെട്രിക് ലോക്കുകൾ, ക്യുആർ കോഡ് അധിഷ്ഠിത ഷെയറിംഗ് തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങളാണ് പുതിയ ആപ്പിലുള്ളത്. പുതിയ ആപ്പിനെ കുറിച്ചും, എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്നതിനെ കുറിച്ചും വിശദമായി അറിഞ്ഞിരിക്കാം.
പുതിയ ആപ്പിൻ്റെ സവിശേഷതകൾ
മൾട്ടി-പ്രൊഫൈൽ മാനേജ്‌മെന്റ്: ഒരു ആപ്പിൽ കുടുംബത്തിലെ അഞ്ച് അംഗങ്ങൾക്ക് വരെ ആധാർ കാർഡുകൾ ചേർക്കാൻ സാധിക്കും.
ബയോമെട്രിക് സുരക്ഷാ ലോക്ക്: നിങ്ങളുടെ ആധാർ വിവരങ്ങൾ സുരക്ഷിതമാക്കാൻ ബയോമെട്രിക് പൂർത്തിയാക്കി ലോക്ക് ചെയ്യാം.
ആവശ്യമുള്ള വിവരങ്ങൾ പങ്കിടാം: ആവശ്യമുള്ള വിവരങ്ങൾ മാത്രം ഷെയർ ചെയ്യാൻ അനുവാദമുണ്ട്. അതായത് ആവശ്യമില്ലെങ്കിൽ നിങ്ങളുടെ മേൽവിലാസമോ ജനനത്തീയതിയോ മറച്ചുവെച്ച് നിങ്ങളുടെ പേരും ഫോട്ടോയും മാത്രം പങ്കിടാം.
QR കോഡ് പരിശോധന: ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, സേവന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ വേഗത്തിലുള്ള പരിശോധന പൂർത്തിയാക്കാൻ ക്യൂആർ കോഡ് സ്കാനിംഗിലൂടെ സാധിക്കും.
ഓഫ്‌ലൈൻ മോഡ്: ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും നിങ്ങൾക്ക് ആധാർ വിവരങ്ങൾ കാണാം.
ഹിസ്റ്ററി അറിയാം: പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി നിങ്ങളുടെ ആധാർ എപ്പോൾ, എവിടെ, എങ്ങനെ ഉപയോഗിച്ചുവെന്ന് ട്രാക്ക് ചെയ്യാൻ സാധിക്കും.

പുതിയ ആധാർ ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
1) ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോർ വഴി ആധാർ ആപ്പ് എന്ന് തിരയുക. എന്നിട്ട് ഔദ്യോഗിക ആപ്പ് ഡൗൺലോഡ് ചെയ്യുക.
2) ആപ്പ് തുറന്ന്, ഭാഷ തിരഞ്ഞെടുത്ത് നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക.
3) നിങ്ങളുടെ ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി വഴി പരിശോധന പൂർത്തിയാക്കുക.
4) നിങ്ങളുടെ ഐഡന്റിറ്റി ഉറപ്പാക്കുന്നതിനും, ദുരുപയോഗം തടയുന്നതിനും ഫേസ് സ്കാൻ സ്ഥിരീകരണം പൂർത്തിയാക്കുക.
5) നിങ്ങളുടെ പ്രൊഫൈൽ ലോക്ക് ചെയ്യുവാൻ 6 അക്ക സുരക്ഷാ പിൻ ക്രിയേറ്റ് ചെയ്യാം.
പുതിയ ആധാർ ആപ്പും എംആധാർ ആപ്പും തമ്മിലുള്ള വ്യത്യാസം
ഇവ രണ്ടും തമ്മിൽ വലിയ വ്യത്യാസങ്ങളില്ല. എങ്കിലും ചില നേരിയ വ്യത്യാസങ്ങൾ പ്രകടമായി കാണാം. പുതിയ ആധാർ ആപ്പ് ഒരു ഡിജിറ്റൽ ഐഡി വാലറ്റ് എന്ന നിലയിലാണ് പ്രവർത്തിക്കുന്നു. അതിനാൽ ദൈനംദിന ആവശ്യങ്ങൾക്കെല്ലാം മൊബൈൽ ഫോണിൽ നിന്നും വിവരങ്ങൾ അയക്കാവുന്നതാണ്. മറ്റൊരു പ്രത്യേകത എന്തെന്നാൽ പുതിയ ആപ്പ് ഡൗൺലോഡ് ചെയ്താൽ അഞ്ച് കുടുംബാംഗങ്ങളുടെ ആധാർ കാർഡുകൾ വരെ അതിൽ ചേർക്കാനും കൈകാര്യം ചെയ്യാനും സാധിക്കുന്നു എന്നതാണ്. മാത്രമല്ല, നിങ്ങൾക്ക് വിവരങ്ങൾ അയക്കുമ്പോൾ ആവശ്യമുള്ള വിവരങ്ങൾ മാത്രം അയക്കാനും സാധിക്കും.
എന്നാൽ എംആധാർ ആപ്പിലൂടെ ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സമർപ്പിക്കുന്നതിനായി ഔദ്യോഗികമായി അംഗീകരിച്ച ഇ-ആധാർ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. നിങ്ങൾ പിവിസി കാർഡിനായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എംആധാർ ആപ്പിലൂടെ മിനിറ്റുകൾക്കുള്ളിൽ ഓർഡർ ചെയ്യാനാവും. വെർച്വൽ ഐഡി ഒരു സുപ്രധാന ഘടകമാണ്. അതായത് ചില സ്ഥലങ്ങളിൽ ആധാർ നമ്പർ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെങ്കിൽ 16 അക്ക വെർച്വൽ ഐഡികൾ (VID) സൃഷ്ടിക്കാനുള്ള സംവിധാനം ഈ ആപ്പിലുണ്ട്.
ഈ രണ്ട് ആപ്പുകളും മികച്ചതാണ്. ഒന്ന് ഒരു ഡിജിറ്റൽ വാലറ്റ് പോലെ പ്രവർത്തിക്കുമ്പോൾ, എംആധാർ ആപ്പ് പേപ്പർ വർക്കുകൾ, കാർഡ് ഓർഡറുകൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നു.


Click it and Unblock the Notifications


