ക്രെഡിറ്റ് കാർഡുകൾ ശരിയായി ഉപയോഗിച്ചാൽ അതൊരു മികച്ച സാമ്പത്തിക സഹായമാണ്. എന്നാൽ കൃത്യമായ പ്ലാനിംഗ് ഇല്ലെങ്കിൽ വലിയ പലിശക്കെണിയിൽ വീഴാനും സാധ്യതയുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് സാമ്പത്തിക ബാധ്യതയില്ലാതെ ഇടപാടുകൾ നടത്താൻ സഹായിക്കുന്ന പലിശരഹിത കാലാവധിയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെങ്കിൽ വലിയ ലാഭമുണ്ടാക്കാമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
സാധാരണഗതിയിൽ ക്രെഡിറ്റ് കാർഡുകൾ 50 ദിവസം വരെ പലിശയില്ലാത്ത കാലാവധി നൽകാറുണ്ട്. ഇത് ശരിയായ രീതിയിൽ ആസൂത്രണം ചെയ്താൽ അധിക ചെലവുകളോ പിഴയോ ഇല്ലാതെ ഹ്രസ്വകാല വായ്പയായി കാർഡിനെ ഉപയോഗിക്കാൻ സാധിക്കും. ക്രെഡിറ്റ് കാർഡിലെ 'പലിശ രഹിത' ദിവസങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി എങ്ങനെ ലാഭമുണ്ടാക്കാം എന്ന് നോക്കാം.

എന്താണ് പലിശരഹിത കാലാവധി?
ഒരു സാധനം വാങ്ങുന്ന ദിവസം മുതൽ അത് തിരിച്ചടയ്ക്കേണ്ട അവസാന തീയതി വരെയുള്ള സമയമാണിത്. ഈ കാലയളവിൽ ബാങ്ക് പലിശ ഈടാക്കില്ല. എന്നാൽ, മുൻ മാസത്തെ ബില്ല് പൂർണ്ണമായും അടച്ചുതീർത്തവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. പണം കൃത്യസമയത്ത് അടച്ചില്ലെങ്കിൽ പ്രതിമാസം 3.49% വരെ (പ്രതിവർഷം ഏകദേശം 42%) ഉയർന്ന പലിശ നൽകേണ്ടി വരും.
പലിശ ലാഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബില്ലിംഗ് സൈക്കിൾ നോക്കി സാധനങ്ങൾ വാങ്ങുക - നിങ്ങളുടെ ബില്ലിംഗ് സൈക്കിൾ ആരംഭിക്കുന്ന ദിവസം തന്നെ വലിയ വാങ്ങലുകൾ നടത്താൻ ശ്രമിക്കുക. ഉദാഹരണത്തിന്, മാസത്തിന്റെ 8-ാം തീയതിയാണ് ബില്ലിംഗ് സൈക്കിൾ തുടങ്ങുന്നതെങ്കിൽ 9-ാം തീയതി സാധനങ്ങൾ വാങ്ങിയാൽ നിങ്ങൾക്ക് അടുത്ത ബില്ലിംഗ് വരെ ഒരു മാസവും തുടർന്ന് പണം അടയ്ക്കാൻ 15 മുതൽ 20 ദിവസം വരെയും ലഭിക്കും. ഇങ്ങനെ ഏകദേശം 50 ദിവസത്തെ പലിശരഹിത കാലാവധി ആസ്വദിക്കാം.
തിരിച്ചടവ് മുഴുവനായും അടയ്ക്കുക - മിനിമം തുക മാത്രം അടയ്ക്കുന്ന ശീലം പലിശരഹിത കാലാവധിയുടെ ആനുകൂല്യം നഷ്ടപ്പെടുത്തും. എപ്പോഴും മുഴുവൻ തുകയും അടയ്ക്കാൻ ശ്രദ്ധിക്കുക. മുഴുവൻ തുകയും കൃത്യസമയത്ത് അടച്ചാൽ മാത്രമേ അടുത്ത തവണയും പലിശരഹിത കാലാവധി ലഭിക്കൂ.
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കരുത് - ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചാൽ പലിശരഹിത കാലാവധി ലഭിക്കില്ല. പണം പിൻവലിക്കുന്ന നിമിഷം മുതൽ ഉയർന്ന പലിശ ഈടാക്കി തുടങ്ങും.
ഇഎംഐ ഒഴിവാക്കുക - ഇടപാടുകൾ ഇഎംഐ ആക്കി മാറ്റുമ്പോൾ പലിശരഹിത കാലാവധി ഇല്ലാതാകുകയും അത് ഒരു ലോണായി മാറുകയും ചെയ്യും. ഇത് തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും.
അലർട്ടുകൾ സെറ്റ് ചെയ്യുക - തിരിച്ചടവ് തീയതി മറക്കാതിരിക്കാൻ മൊബൈൽ ആപ്പുകളിലോ കലണ്ടറിലോ അലാറങ്ങൾ ക്രമീകരിക്കുക.
അപകടസാധ്യതകൾ
ക്രെഡിറ്റ് കാർഡ് ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ കടക്കെണിയിലാകാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഉയർന്ന പലിശ നിരക്ക്, ഒളിഞ്ഞിരിക്കുന്ന ചാർജുകൾ, ക്രെഡിറ്റ് സ്കോർ കുറയുക തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ കൃത്യമായ സാമ്പത്തിക ആസൂത്രണം അത്യാവശ്യമാണ്.
കൃത്യമായ ആസൂത്രണത്തോടെ ഉപയോഗിച്ചാൽ ക്രെഡിറ്റ് കാർഡ് ഒരു മികച്ച സാമ്പത്തിക സഹായിയായി മാറുമെന്നതിൽ തർക്കമില്ല. കൃത്യമായ പ്ലാനിംഗും അച്ചടക്കവുമുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗം ഒരു മാസത്തെ സാമ്പത്തിക മാനേജ്‌മെന്റ് എളുപ്പമാക്കും. പലിശ നൽകാതെ തന്നെ ബാങ്കിന്റെ പണം 50 ദിവസം വരെ ഉപയോഗിക്കാൻ സാധിക്കുന്നത് വലിയൊരു നേട്ടമാണ്. എന്നാൽ പരിധി വിട്ടുള്ള ഉപയോഗം കടക്കെണിയിൽ എത്തിക്കുമെന്ന് എപ്പോഴും ഓർക്കുക.


Click it and Unblock the Notifications