അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ പലരും വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നു. നിങ്ങളുടെ പണത്തിന്റെ ആവശ്യമനുസരിച്ച് മാത്രം ഒരു വ്യക്തിഗത വായ്പയെ സമീപിക്കുക. നിലവിലെ സാഹചര്യത്തിൽ ഒരു വ്യക്തിഗത വായ്പക്ക് അപേക്ഷിച്ചാൽ കാലതാമസമില്ലാതെ തന്നെ വായ്പാ തുക ലഭിക്കും. നിരവധി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ കടന്നു വരവ് വ്യക്തിഗത വായ്പകൾ നിമിഷ നേരത്തിനുള്ളിൽ അംഗീകരിക്കുവാൻ കാരണമായി.
സുരക്ഷിതമല്ലാത്ത വായ്പകളാണെങ്കിലും മറ്റു ആസ്തികൾ നൽകാൻ ഇല്ലാത്തവർക്ക് വ്യക്തിഗത വായ്പകൾ മികച്ച ഓപ്ഷനാണ്. എങ്കിലും വ്യക്തിഗത വായ്പകളെ ചുറ്റിപ്പറ്റി നിരവധി മിഥ്യാധാരണകൾ നിലനിൽക്കുന്നുണ്ട്. ഇതെല്ലാം ആളുകളിൽ പലതരത്തിലുള്ള തെറ്റായ ആശങ്കകളും സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള 5 മിഥ്യാധാരണകളെ കുറിച്ച് അറിയാം;
1. വ്യക്തിഗത വായ്പകൾ അപ്രതീക്ഷിത ആവശ്യങ്ങൾക്കുള്ളതാണ്.....
വ്യക്തിഗത വായ്പകളെക്കുറിച്ചുള്ള ഏറ്റവും വലിയ മിഥ്യാധാരണകളിലൊന്ന് ഇത്. അതായത് ഈ വായ്പകൾ മെഡിക്കൽ അടിയന്തരാവസ്ഥകൾക്കോ മറ്റ് അപ്രതീക്ഷിത ആവശ്യങ്ങൾക്കോ മാത്രമുള്ളതാണ് എന്നാണ് പലരുടേയും ധാരണ. ആശുപത്രി ചെലവുകൾക്കും മറ്റും അടിയന്തരാവസ്ഥകൾക്കോ ഉപയോഗിക്കാമെങ്കിലും, അത് മാത്രമല്ല വ്യക്തിഗത വായ്പകളുടെ ഉപയോഗം. കടം ഏകീകരിക്കുക, വീട് പുതുക്കിപ്പണിയൽ, വിവാഹം, യാത്രകൾ, വിദ്യാഭ്യാസ ചെലവുകൾ, വാഹനം വാങ്ങുവാൻ, ബിസിനസ്സ് ആരംഭിക്കാൻ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് വ്യക്തിഗത വായ്പകൾ ഉപയോഗിക്കാം.
2. വ്യക്തിഗത വായ്പ ലഭിക്കുന്നതിന് ഉയർന്ന ക്രെഡിറ്റ് സ്കോർ അത്യാവശ്യമാണ്
ഒരു വ്യക്തിക്ക് 750 അല്ലെങ്കിൽ അതിൽ കൂടുതൽ ക്രെഡിറ്റ് സ്കോറുണ്ടെങ്കിൽ മാത്രമേ വ്യക്തിഗത വായ്പ ലഭിക്കൂ എന്ന തെറ്റായ ധാരണ പലർക്കുമുണ്ട്. 750 അല്ലെങ്കിൽ അതിൽ കൂടുതൽ ക്രെഡിറ്റ് സ്കോറുള്ളവർക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. അതായത് കുറഞ്ഞ പലിശ നിരക്ക്, കുറഞ്ഞ പ്രോസസ്സിംഗ് ഫീസ്, ഉയർന്ന വായ്പ തുക, ഉയർന്ന വായ്പാ കാലാവധി എന്നിവ.
എന്നിരുന്നാലും, 750 ൽ താഴെയുള്ള ക്രെഡിറ്റ് സ്കോർ ഉള്ളവർക്കും വായ്പ ലഭിക്കും. വ്യക്തിഗത വായ്പാ അപേക്ഷകൾ വിലയിരുത്തുമ്പോൾ പരിഗണിക്കപ്പെടുന്ന ഘടകങ്ങളിൽ ഒന്ന് മാത്രമാണ് ക്രെഡിറ്റ് സ്കോർ. ക്രെഡിറ്റ് സ്കോർ ആവശ്യമുള്ളതിനേക്കാൾ അല്പം കുറവാണെങ്കിലും വായ്പ ഉറപ്പാക്കാം. ഇത്തരം സാഹചര്യത്തിൽ ഉയർന്ന പലിശ നിരക്ക് നൽകേണ്ടി വരുമെന്ന് മാത്രം.

3. ശമ്പളക്കാർക്ക് മാത്രമാണ് വ്യക്തിഗത വായ്പകൾ നൽകുന്നത്....
സ്ഥിരമായ പ്രതിമാസ ശമ്പളം വാങ്ങുന്നവർക്ക് മാത്രമാണ് ധനകാര്യ സ്ഥാപനങ്ങൾ വ്യക്തിഗത വായ്പ നൽകുന്നതെന്ന് പലരും വിശ്വസിക്കുന്നു. ശമ്പളക്കാർ, സ്വയംതൊഴിൽ ചെയ്യുന്നവർ, പ്രൊഫഷണലുകൾ, കൺസൾട്ടന്റുകൾ, ബിസിനസുകാർ തുടങ്ങിയവർക്കെല്ലാം വ്യക്തിഗത വായ്പ അപേക്ഷിക്കാം. ശമ്പളക്കാരല്ലാത്ത അപേക്ഷകർക്ക് നല്ല ക്രെഡിറ്റ് സ്കോർ, കുറഞ്ഞ കടം-വരുമാന അനുപാതം, പതിവായുള്ള പണമൊഴുക്ക് എന്നിവ പരിശോധിച്ച് വായ്പ അംഗീകരിക്കും.
4. വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കൂടുതലാണ്
വ്യക്തിഗത വായ്പകൾ സുരക്ഷിതമല്ലാത്ത വായ്പകളാണ്. അതായത് ഒരു ജാമ്യമോ ആസ്തിയോ നൽകാതെ അംഗീകരിക്കുന്ന വായ്പകളാണ് വ്യക്തിഗത വായ്പകൾ. വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് സുരക്ഷിത വായ്പകളേക്കാൾ കൂടുതലാണ്. എന്നിരുന്നാലും, പ്രതിവർഷം 36% മുതൽ 45% വരെ ഈടാക്കുന്ന ക്രെഡിറ്റ് കാർഡുകൾ പോലുള്ള മറ്റ് സുരക്ഷിതമല്ലാത്ത വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ, വ്യക്തിഗത വായ്പ പലിശ നിരക്കുകൾ വളരെ കുറവാണ്.
വ്യക്തിയുടെ ക്രെഡിറ്റ് സ്കോർ, ഡി.ടി.ഐ അനുപാതം, സഹ-അപേക്ഷകന്റെ/ഗ്യാരണ്ടറുടെ ലഭ്യത, ധനകാര്യ സ്ഥാപനത്തിന്റെ ഫണ്ടുകളുടെ ചെലവ് മുതലായവ ഈ പലിശ നിരക്കുകളെ സ്വാധീനിക്കുന്നു. എന്നിരുന്നാലും, വിപണി പലിശ നിരക്കുകൾ കുറയുമ്പോൾ, വ്യക്തിഗത വായ്പകൾ ഉൾപ്പെടെ എല്ലാ വായ്പകളുടെയും പലിശ നിരക്കുകൾ കുറയുന്നു. എപ്പോഴും വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, വിവിധ ബാങ്കുകളും എൻബിഎഫ്‌സികളും വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്ത് അനുയോജ്യമായത് തിരഞ്ഞെടുക്കുക.
5. നിലവിൽ വായ്പയുണ്ടെങ്കിൽ വ്യക്തിഗത വായ്പ എടുക്കാൻ കഴിയില്ല....
നിങ്ങൾക്ക് നിലവിൽ വായ്പയുണ്ടെങ്കിൽ അത് പൂർണ്ണമായും തിരിച്ചടയ്ക്കുന്നതുവരെ വ്യക്തിഗത വായ്പ എടുക്കാൻ കഴിയില്ലെന്ന് ചിലർ വിശ്വസിക്കുന്നു. അത് പൂർണ്ണമായും തെറ്റാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വ്യക്തിഗത വായ്പ എടുക്കാം. വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ, ബാങ്ക് നിങ്ങളുടെ കടം-വരുമാന അനുപാതം (DTI) വിലയിരുത്തുന്നു. വായ്പാ അപേക്ഷ അംഗീകരിക്കുന്നതിന് ബാങ്കുകൾ 35% അല്ലെങ്കിൽ അതിൽ താഴെയുള്ള ഡിടിഐ നല്ലതായി കണക്കാക്കുന്നു.
ചില ബാങ്കുകൾ കേസ്-ടു-കേസ് അടിസ്ഥാനത്തിൽ വായ്പകൾ അംഗീകരിക്കുന്നതിന് 36% മുതൽ 50% വരെയുള്ള ഡിടിഐ പരിഗണിക്കുന്നു. അതിനാൽ, നിങ്ങളുടെ DTI അനുപാതം ബാങ്കിന്റെ നിശ്ചിത പരിധിക്കുള്ളിലാണെങ്കിൽ, നിലവിൽ മറ്റൊരു വായ്പയുണ്ടെങ്കിലും നിങ്ങൾക്ക് ഒരു വ്യക്തിഗത വായ്പ എടുക്കാം.
വ്യക്തിഗത വായ്പയെക്കുറിച്ചുള്ള ഇത്തരം മിഥ്യാധാരണകൾ നിങ്ങൾക്കും ഉണ്ടായിരിക്കും. എന്നാൽ ഇതൊന്നും വ്യക്തിഗത വായ്പക്ക് ഒരിക്കലും ഒരു തടസ്സമല്ല.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications