ജോലിയിൽ നിന്ന് വിരമിക്കുന്നത് ജോലിയിൽ പ്രവേശിക്കുന്നത് പോലെ തന്നെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നാഴികകല്ലാണ്. അവിടെ നിങ്ങൾ ജീവിതത്തിന്റെ പുതിയ ഒരു അധ്യായമാണ് തുടങ്ങുന്നത്. അതുവരെയുള്ള തിരക്കേറിയ ജീവിതത്തിന് അവസാനം കുറിച്ച് ഔദ്യോഗിക ഉത്തരവാദിത്വങ്ങളിൽ നിന്നും മാറി വിശ്രമ ജീവിതത്തിലേക്ക് കടക്കുന്നു. അതുവരെയുണ്ടായിരുന്ന സ്ഥിര വരുമാനം നിലയ്ക്കുമെന്നതും ഇവിടെ എടുത്തുപറയേണ്ട ഒരു കാര്യമാണ്. അത് ചിലപ്പോൾ നിങ്ങളുടെ സാധാരണ ഗതിയിലുള്ള ജീവിത ഒഴുക്കിനെ ബാധിച്ചേക്കാം. അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ കൃത്യമായ റിട്ടയർമെന്റ് പ്ലാൻ ഉണ്ടായിരിക്കുകയെന്നത് പ്രധാനമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കാൻ സാമ്പത്തിക പ്രശ്നങ്ങൾ തടസമാകാതിരിക്കാൻ റിട്ടയർമെന്റ് പ്ലാനിംഗ് സഹായിക്കും.
രാജ്യത്ത് ഇപ്പോഴും റിട്ടയർമെന്റ് പ്ലാനിംഗ് സാമ്പത്തിക ആസൂത്രണത്തിൽ ഒരു ഘടകമല്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ 70 ശതമാനത്തിലധികം ആളുകളും വിരമിക്കലിന് ശേഷമുള്ള സാമ്പത്തിക ചെലവുകൾക്ക് പരമ്പരാഗത സ്വത്തിനെയോ മക്കളെയോ ആശ്രയിക്കുന്നതായാണ് കണക്കുകൾ പറയുന്നത്. 35നും 50നും ഇടയിൽ പ്രായമുള്ള ആളുകളിൽ നടത്തിയ സർവേയിൽ റിട്ടയർമെന്റ് പ്ലാനിംഗ്, അവരുടെ സാമ്പത്തിക മുൻഗണനകളിൽ ആറാം സ്ഥാനത്ത് മാത്രമാണുള്ളത്. റിട്ടയർമെന്റ് പ്ലാനിംഗ് എന്തുകൊണ്ട് പ്രധാനമാണെന്നും അതിന്റെ നേട്ടങ്ങളെന്തൊക്കെയെന്നും നോക്കാം.

സമ്പന്നമായ വിരമിക്കൽ ജീവിതം: വിരമിക്കലിന് ശേഷവും നിങ്ങളുടെ ആഗ്രഹങ്ങളും താൽപര്യങ്ങളും അനുസരിച്ച് ഒരു ജീവിതം നയിക്കാനും ഇഷ്ടപ്പെട്ടതെല്ലാം ചെയ്യാനും അവസരമൊരുക്കുന്നു. ജീവിതത്തിന്റെ ഇടയ്ക്കുവെച്ച ഉപേക്ഷിക്കേണ്ടി വന്ന ആഗ്രങ്ങൾ പോലും യാഥാർത്ഥ്യമാക്കാൻ ഇത് നിങ്ങളെ സഹായിക്കും. അങ്ങനെ വിരമിക്കലിന് ശേഷവും സമ്പന്നമായ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകുന്നു.
ആരോഗ്യ ചെലവുകൾക്ക്: പ്രായമാകുന്തോറും ശരീരം ദുർബലമാകുന്നു. ആരോഗ്യം റിട്ടയർമെന്റ് കാലത്ത് നിർബന്ധമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ആരോഗ്യ മേഖലയിലെ ചെലവുകൾ പണപ്പെരുപ്പത്തിന് അനുസരിച്ച് വർധിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനെയും ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കും.
വരുമാന സ്രോതസ്: ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒരു വരുമാന സ്രോതസ് കണ്ടെത്താൻ റിട്ടയർമെന്റ് പ്ലാനിംഗ് ഉപകാരപ്പെടും.സമഗ്രമായ സാമ്പത്തിക വിരമിക്കൽ പ്ലാൻ ഉപയോഗിച്ച്, ജോലിയുടെ വർഷങ്ങളിൽ നിർമ്മിച്ചിരിക്കാവുന്ന സമ്പാദ്യം, തളർന്നുപോകുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ മറികടക്കാൻ എളുപ്പമാണ്.
ആയുർദൈർഘ്യം കൂട്ടുന്നു: 1947 മുതൽ ഇന്ത്യയിൽ ആയുർദൈർഘ്യത്തിൽ 100 ശതമാനം വർധനയുണ്ടായതായി ഒരു പഠനം കാണിക്കുന്നു. പരമ്പരാഗത കുടുംബ ഘടനകൾ തകരുന്നതിനൊപ്പം, ഇത് ആളുകൾ തങ്ങളുടെ റിട്ടയർമെന്റ് മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാക്കി.
നേരത്തെയുള്ള വിരമിക്കൽ: 60 വയസ് വരെ ജോലി ചെയ്യാനുള്ള തീക്ഷ്ണത പലർക്കും ഉണ്ടായേക്കില്ല. വിരമിക്കൽ ആസൂത്രണം ചെറുപ്രായത്തിൽ തന്നെ ചെയ്താൽ, അത് സ്വന്തം സംരംഭം തുടങ്ങാനുള്ള മികച്ച അവസരം സൃഷ്ടിക്കുന്നു. കഴിഞ്ഞ വർഷം നടത്തിയ ഒരു സർവേ കാണിക്കുന്നത് 67 ശതമാനം ഇന്ത്യക്കാരും നേരത്തെയുള്ള വിരമിക്കലിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഇതിൽ തന്നെ കൂടുതലും 33 വയസിന് താഴെയുള്ളവരാണെന്നും വ്യക്തമാക്കുന്നു.
അപകടസാധ്യത കുറയ്ക്കുന്നു: വിരമിക്കൽ ഘട്ടം പ്രവൃത്തി വർഷങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. അപകട സാധ്യത കുറച്ചുകൊണ്ട് ആളുകൾ സുരക്ഷിതമായ താവളങ്ങൾ തേടുകയും ചെയ്യുന്നു. കരുതലോടെ നിർമ്മിച്ച ഒരു സേവിംഗ്സ് പൂൾ ഉപയോഗിച്ച്, വിപണിയിലെ ചാഞ്ചാട്ടത്തിന് പണം നഷ്‌ടപ്പെടാതെ, ചെലവുകൾ നികത്താൻ ഫണ്ട് വിവേകപൂർവ്വം വിനിയോഗിക്കുന്നത് പരമപ്രധാനമാണ്.


Click it and Unblock the Notifications