സമീപകാലത്തായി പെന്നി സ്റ്റോക്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. തുടക്കക്കാരന് മുതല്‍ തഴക്കംവന്ന ട്രേഡര്‍മാര്‍ പോലും പെന്നി സ്റ്റോക്കുകള്‍ക്ക് പിന്നാലെയുണ്ട്. ഭാവിയിലെ വമ്പന്‍ ആദായം സ്വപ്നം കണ്ടാണ് മിക്കവരും ഇത്തരം ഓഹരികളെ അന്വേഷിക്കുന്നത്. ചിലര്‍ പോര്‍ട്ട്ഫോളിയോയുടെ വൈവിധ്യവത്കരണത്തിനും വേണ്ടി തെരഞ്ഞെടുക്കാറുണ്ട്. ഏതൊരു നിക്ഷേപത്തിനും അതിന്റേതായ റിസ്കും മറുവശത്തുണ്ടാകും. എന്നാല്‍ സൂക്ഷ്മതയോടെ തെരഞ്ഞെടുത്താല്‍ കൈനിറയെ നേട്ടവും സ്വന്തമാക്കാനാകും. ഇത്തരത്തില്‍ കടബാധ്യത ഇല്ലാത്തതും മികച്ച സാധ്യതകളുമുള്ള 5 പെന്നി ഓഹരികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
പെന്നി സ്റ്റോക്ക്
തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പെന്നി സ്റ്റോക്കുകള്‍ എന്ന് വിളിക്കുന്നത്. 100 രൂപയില്‍ താഴെ വിലയുള്ള ഓഹരികളെയാണ് പൊതുവില്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പെന്നി സ്റ്റോക്കുകളുടെ വിപണി മൂല്യവും, ഓഹരി ഉടമകളുടെ എണ്ണവും പൊതുവേ കുറവായിരിക്കും. അപ്രതീക്ഷിതമായ ഊഹാപോഹങ്ങളും തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഒക്കെ കമ്പനികളുടെ ഓഹരി വിലയില്‍ വളരെ വേഗത്തില്‍ പ്രതിഫലിച്ചേക്കും. അതിനാല്‍ ഞൊടിയിടയില്‍ പെന്നി സ്റ്റോക്കുകളുടെ വിലയും ഉയരുകയും താഴുകയും ചെയ്യാറുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി സ്റ്റോക്കുകള്‍ക്ക് കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കാറുണ്ട്. അല്ലാത്തവ നഷ്ടത്തിലും കലാശിക്കാം.
1) സിംഗര്‍ ഇന്ത്യ
തയ്യല്‍ മെഷീനിലൂടെ പ്രശസ്തമായ കമ്പനിയാണ് സിംഗര്‍ ഇന്ത്യ ലിമിറ്റഡ്. 1977-ലാണ് തുടക്കം. 59% ഓഹരികളും സിംഗര്‍ ഏഷ്യയുടെ ഉപകമ്പനിയായ ആര്എച്ച്ബിവിയുടെ കൈവശമാണ്. വീട്ടുപകരണങ്ങളുടെ മേഖലയില്‍ വേഗത്തില്‍ വൈവിധ്യവത്കരണം നടപ്പാക്കുന്നുണ്ട്. എങ്കിലും വരുമാനത്തിന്റെ 64 ശതമാനവും തയ്യല്‍ മെഷീന് വില്‍പ്പനയില്‍ നിന്നാണ് ലഭിക്കുന്നത്. അടുതത്തിടെ പ്രമോട്ടര്‍ ഓഹരി വിഹിതം കുറച്ചിട്ടുണ്ടെങ്കിലും ബിസിനസ് ശൃംഖല ശക്തമാണ്. കഴിഞ്ഞ 3 വര്‍ഷമായി മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 21.2% നിരക്കിലാണ്. അതേസമയം ഇക്കാലയളവിലെ ലാഭത്തിന്റെ മാര്‍ജിന്‍ 3-5 ശതമാനമാണ്. അടുത്തിടെ കടബാധ്യത ഗണ്യമായി കുറച്ചു. ഇതോടെ കടം-ഓഹരി അനുപാതം പൂജ്യത്തിലേക്കെത്തി. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 410 കോടിയും ലാഭത്തിലെ വളര്‍ച്ച 30.7 ശതമാനവുമാണ്.
2) റെയില്‍ടെല്‍ കോര്‍പ്
ഇന്ത്യന്‍ റെയില്‍വേയ്ക്കു വേണ്ട ടെലികോം-അനുബന്ധ സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് റെയില്‍ടെല്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ. മിനിരത്ന പദവി നേടിയ പൊതുമേഖല സ്ഥാപനമാണിത്. 2000-ലാണ് തുടക്കം. അടുത്തിടെ ഓഹരിയിലുണ്ടായ തിരുത്തലോടെ വില 100-നും താഴേക്ക് വന്നതോടെയാണ് റെയില്ടെല്ലിനേയും പെന്നി ഓഹരി വിഭാഗമായി കണക്കാക്കിയത്. സ്വകാര്യ ഉപഭോക്താക്കള്‍ക്കും ടെലികോം സേവനങ്ങള്‍ നല്‍കുന്നുണ്ട്.
കഴിഞ്ഞ 5 വര്‍ഷമായി കമ്പനിയുടെ വരുമാനത്തില്‍ 30.9 ശതമാനവും ലാഭത്തിന്റെ മാര്‍ജിന്‍ 28.7 ശതമാനവും രേഖപ്പെടുത്തുന്നു. രാജ്യത്താകമാനം 60,000 കിലോമീറ്റര്‍ നീളത്തില്‍ ഫൈബര്‍ ശൃംഖലയുണ്ട്. 2021-ലെ വരുമാനം 1,370 കോടിയും അറ്റാദായം 140 കോടിയുമാണ്. 13% നിരക്കില്‍ 3 വര്‍ഷമായി ലാഭവിഹിതവും നല്‍കുന്നുണ്ട്. പുറത്ത് കടബാധ്യതകളില്ല. രാജ്യത്തെ ഇടത്തരം കമ്പനികളുടെ ഏറ്റവും പുതിയ ഫോര്‍ച്യൂണ്‍ ഇന്ത്യ നെക്സ്റ്റ്-500 റാങ്കിംഗില്‍ കമ്പനി 124 സ്ഥാനത്തേക്ക് ഉയര്‍ന്നു.
3) ജംമ്ന ഓട്ടോ ഇന്‍ഡസ്ട്രീസ്
ഇടത്തരം-വലിപ്പമേറിയ വാണിജ്യ വാഹനങ്ങള്‍ക്കു വേണ്ട അനുബന്ധ ഘടകങ്ങള്‍ നിര്‍മിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ജംമ്ന ഓട്ടോ ഇന്‍ഡസ്ട്രീസ്. വാഹനത്തിന്റെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട ഘടകങ്ങളാണ് പ്രധാന ഉത്പന്നം. പുതിയ സ്ക്രാപ്പേജ് പോളിസിയും മലനീകരണം കുറയ്ക്കാനുള്ള നീക്കങ്ങളും ഇന്ധന വിലയും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവുമൊക്കെ കമ്പനിയുടെ വരുമാനത്തെ ബാധിക്കാവുന്ന ഘടകമാണ്. നിലവില്‍ കടബാധ്യത ഇല്ലാത്ത കമ്പനിയുടെ 2021-ലെ വരുമാനം 1,050 കോടിയും അറ്റാദായം 76.7 കോടിയുമാണ്. വമ്പന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്, അശോക് ലെയ്ലാന്‍ഡ് എന്നിവരാണ് ജംമ്ന ഓട്ടോയുടെ പ്രധാന ഉപഭോക്താക്കള്‍. ഉത്പന്ന മികവിന് വേണ്ടി സ്വന്തം ഗവേഷണ വിഭാഗവുമുണ്ട്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.73 ശതമാനമാണ്.
4) അഡോര്‍ ഫോണ്ടെക്
വെല്‍ഡിംഗ്, കട്ടിങ്, തെര്‍മല്‍ സ്പ്രേ പോലുള്ള ഉപകരണങ്ങള്‍ക്കു വേണ്ട ഇലക്ട്രോഡുകളും മറ്റു ഘടകങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് അഡോര്‍ ഫോണ്ടെക്. 1974-ലാണ് തുടക്കം. കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ഇപ്പോള്‍ ഉണര്‍വ് പ്രകടമാണ്. നിലവില്‍ കടബാധ്യതകളില്ല. 2021-ലെ വാര്‍ഷിക വിറ്റുവരുമാനം 150 കോടിയും അറ്റാദായം 12.7 കോടിയുമാണ്. ലാഭത്തിലെ വളര്ച്ച് 12.2 ശതമാന നിലനിര്‍ത്തുന്നുണ്ട്. പുതിയ പ്രവണതകള്ക്ക്് അനുസരിച്ചുള്ള നൂതന ഉപകരണങ്ങളും നിലവിലുളളവ മെച്ചപ്പെടുത്താനുള്ള നിരന്തര ശ്രമങ്ങളും ദീര്‍ഘകാല വളര്‍ച്ചയ്ക്ക് പിന്‍ബലമേകുന്നു. കഴിഞ്ഞ 3 വര്‍ഷത്തിനിടെ വരുമാനത്തില്‍ വര്‍ധനവില്ലെങ്കിലും കമ്പനിയുടെ കറന്റ് റേഷ്യോ 4.03 എന്ന ആരോഗ്യകരമായ നിരക്കിലാണ്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 3.1 ശതമാനമാണ്.
5) റബ്ഫില ഇന്റര്‍നാഷണല്‍
മലേഷ്യന്‍ പബ്ലിക് ലിസ്റ്റഡ് കമ്പനിയായ റബ്പ്രോ എസ്ഡിഎന്‍ ബിഎച്ച്ഡിയും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും സംയുക്തമായി 1994-ല്‍ ആരംഭിച്ച സ്ഥാപനമാണ് റബ്ഫില ഇന്റര്‍നാഷണല്‍. ഇന്ത്യയിലെ ഏറ്റവും വലിയ ത്രെഡ് റബര്‍ നിര്‍മാതാക്കളാണ്. 2021-ലെ വാര്‍ഷിക വിറ്റുവരവ് 270 കോടിയും അറ്റാദായം 14.04 കോടിയുമാണ്. പ്രതിയോഹരി വരുമാനം 6.5 രൂപയായിരുന്നു. ഡിവിഡന്റ് യീല്‍ഡ് 1.4 ശതമാനമാണ്. കഴിഞ്ഞ 8 വര്‍ഷമായി സുസ്ഥിരമായ വളര്‍ച്ചയോടെ ഉത്പാദന ശേഷിയും വര്‍ധിച്ചു. ഇതിന്റെ ഭാഗമായി തമിഴ്നാട്ടിലെ മടത്തുകുളത്തുള്ള നിര്‍മാണ ശാലയില്‍ പുതിയ യൂണിറ്റ് തുടങ്ങാനും പദ്ധതി തയ്യാറായി. വര്‍ധിക്കുന്ന റബറിന്റെ ആവശ്യകതയും കടബാധ്യതയില്ലാത്ത കമ്പനിയെ നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ



Click it and Unblock the Notifications