വിപണയില്‍ കടുത്ത ചാഞ്ചാട്ടം പ്രകടമാണ്. ഇന്നൊരു ദിവസം വിപണി മുന്നോട്ട് നീങ്ങിയാല്‍ അടുത്ത ദിവസം താഴേക്ക് വീഴുന്ന അവസ്ഥ. ആഭ്യന്തര ഘടകങ്ങളേക്കാള്‍ ഏറെ ആഗോള ഘടകങ്ങളും വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നാല്‍ ഇതിനിടയിലും ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റം ദൃശ്യമാണ്. ഇത്തരത്തില്‍ വിപണിയിലെ തിരിച്ചടിയുടെ സമയത്തും ക്രമാനുഗതമായി ഉയര്‍ച്ച കൈവരിക്കുന്ന ഒരു മിഡ് കാപ് ഓഹരിയെ കുറിച്ചാണ് ഈ ലേഖനം.

സുമിടോമോ കെമിക്കല്‍ ഇന്ത്യ
കാര്‍ഷകി മേഖലയിലേക്ക് വേണ്ട രാസവസ്തുക്കള്‍, വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള പോഷകാഹാരം, പരിസ്ഥിതി സൗഹൃദ സംരംഭങ്ങളും കൈകാര്യം ചെയ്യുന്ന ജപ്പാനീസ് ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യയിലെ ഉപസ്ഥാപനമാണ് സുമിടോമോ കെമിക്കല്‍ ഇന്ത്യ. ഇതില്‍ തന്നെ കീട നിയന്ത്രണം, വിള സംരംക്ഷണം, ജൈവ കീടനിയന്ത്രണത്തിലും വൈദഗ്ധ്യമുണ്ട്. ഇവിടെ നിന്നും ഉത്പന്നങ്ങള്‍ ആഫ്രിക്കയിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുമുണ്ട്. മാതൃകമ്പനിയായ സുമിടോമോ കെമിക്കല്‍ കമ്പനിയില്‍ നിന്നും പേറ്റന്റ് ഉള്ള നിരവധി കെമിക്കല്‍ ഉത്പന്നങ്ങളും അമേരിക്കയിലെ ഉപകമ്പനിയില്‍ നിന്നും ജൈവ ഉത്പന്നങ്ങള്‍ക്കു വേണ്ട സാങ്കേതിക സഹായവും ലഭിക്കുന്നുണ്ട്.

അനുകൂല ഘടകം
കഴിഞ്ഞ 10 മാസത്തോളമായി സുമിടോമോ കെമിക്കല്‍ (BSE: 542920, NSE : SUMICHEM) ഓഹരിയില്‍ കുതിപ്പ് ദൃശ്യമാണ്. ഓഹരിയുടെ ചാര്‍ട്ടില്‍ 'റൗണ്ടിങ് ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. ഈ പാറ്റേണ്‍ കുതിപ്പിനു മുന്നോടിയായി ഓഹരി വങ്ങാനുള്ള അവസരത്തെ സൂചിപ്പിക്കുന്നതാണ്. ഒരു ഓഹരിയിലുള്ള ട്രെന്‍ഡ് ബെയറിഷില്‍ നിന്നും ബുള്ളിഷിലേക്ക് സ്ഥായിയായ വേഗത്തോടെ മാറുമ്പോഴാണ് 'റൗണ്ടിങ് ബോട്ടം' പാറ്റേണ്‍ ചാര്‍ട്ടില്‍ തെളിയുക. കൂടാതെ പ്രധാനപ്പെട്ട മൂവിങ് ആവറേജ് (5, 10, 20, 50, 100, 200 ഡിഎംഎ) നിലവാരങ്ങള്‍ക്ക് മുകളിൽ ഓഹരി തുടരുന്നതും പോസിറ്റീവ് ഘടകമാണ്.

ഓഹരി വിശദാംശം
സുമിടോമോ കെമിക്കലിന്റെ ആകെ ഓഹരിയില്‍ 75 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 1.69 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 6.34 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 16.95 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയുടെ നിലവിലെ വിപണി മൂല്യം 21,837 കോടി രൂപയാണ്. 2020 മുതല്‍ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.18 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 30.88 രൂപയും പിഇ അനുപാതം 54.52 നിരക്കിലുമാണ്.

സാമ്പത്തികം
പയട്രോസ്‌കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ സുമിടോമോ കെമിക്കല്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 8) നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ കമ്പനിയുടെ വരുമാനത്തില്‍ 11.1 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 30.9 ശതമാനവും അറ്റാദായത്തില്‍ 33.5 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.
അതേസമയം മേയ് 27-ന് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തന ഫലം പ്രസിദ്ധീകരിക്കും. ഈ കാലയളവില്‍ സുമിടോമോ കെമിക്കലിന്റെ അറ്റാദായം 71 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 92.8 കോടിയാകുമെന്നാണ് വിപണിയിലെ പ്രതീക്ഷ. സമാനമായി നാലാം പാദത്തിലെ വരുമാനം 22 ശതമാനം വര്‍ധനയോടെ 650.6 കോടിയുമാകും എന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങളുടെ അനുമാനം.

ലക്ഷ്യവില 530
തിങ്കളാഴ്ച രാവിലെ 440 രൂപ നിലവാരത്തിലാണ് സുമിടോമോ കെമിക്കല്‍ ഇന്ത്യയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടത്. ഓഹരി വില 410- 405 നിലവാരത്തിലേക്ക് വരുന്നുണ്ടെങ്കില്‍ വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു. ഓഹരിയുടെ ആദ്യ ലക്ഷ്യം 460 രൂപ നിലവാരം മറികടക്കാനായിരിക്കും. ഇത് ഭേദിക്കാനായാല്‍ ഓഹരി വില 530 രൂപയിലേക്ക് അടുത്ത 6 മാസത്തിനുള്ളില്‍ ഉയരാം. അതേസമയം സുമിടോമോ കെമിക്കല്‍ ഇന്ത്യ ഓഹരികളുടെ ഉയര്‍ന്ന വില 477 രൂപയും താഴ്ന്ന വില 307.15 രൂപയുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരിയില്‍ 20 ശതമാനത്തോളം കുതിപ്പ് ദൃശ്യമായി.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ കാപിറ്റലിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.