വിപണി ഏറെക്കാലമായി കാത്തിരുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ അഥവാ എല്‍ഐസിയുടെ ഐപിഒ മേയ് നാല് മുതല്‍ ആരംഭിക്കുകയാണ്. നിരവധി വിപണി വിദഗ്ധര്‍ എല്‍ഐസി ഐപിഒയില്‍ അപേക്ഷ സമര്‍പ്പിക്കാം എന്ന ശുപാര്‍ശയാണ് നല്‍കിയത്. പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളായ ആനന്ദ് രാത്തി, റെലിഗേര്‍ ബ്രോക്കിങ്, മാര്വാഡീ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സാംകോ സെക്യൂരിറ്റീസ് തുടങ്ങിയവ സബ്സ്ക്രൈബ് (Subscribe) എന്ന അനുകൂല റേറ്റിങ്ങാണ് ഉപയോക്താക്കള്‍ക്ക് നല്‍കിയത്. എന്നാല്‍ രാജ്യത്തെ ഇന്‍ഷുറന്‍സ് ഭീമന്റെ ഓഹരികളില്‍ ചില റിസ്കുകള്‍ ചൂണ്ടിക്കാട്ടി ഒരു വിഭാഗം വിപണി വിദഗ്ധർ രംഗത്തെത്തി.
1) സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളോട് താരതമ്യം ചെയ്യുമ്പോള്‍ എല്‍ഐസിയുടെ വിപണി വിഹിതത്തില്‍ ക്രമാനുഗതമായി കുറവുണ്ടാകുന്നു എന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്ന ഒന്നാമത്തെ ആക്ഷേപം. നിലവില്‍ 64 ശതമാനം വിപണി വിഹിതമാണ് എല്‍ഐസിക്ക് അവകാശപ്പെടാനുള്ളത്. ഇന്‍ഷുറന്‍സ് പ്രമീയം നേടുന്നതില്‍ സാമ്പത്തിക വര്‍ഷം 2016- 21 വരെയുള്ള കാലയളവില്‍ എല്‍ഐസി 9 ശതമാനം വീതം സംയോജിത വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ 18 ശതമാനം വളര്‍ച്ച നേടിയെന്നും ചൂണ്ടിക്കാട്ടി.
2) സര്‍ക്കാര്‍ നയങ്ങളുടെ ബാധ്യത- ചില അവസരങ്ങളില്‍ ഓഹരിയുടമകളുടെ താത്പര്യത്തേക്കാള്‍ ഉപരി സര്‍ക്കാരിന്റെ ഉത്തരവുകള്‍ നടപ്പാക്കാന്‍ ഉത്തരവാദിത്തമുണ്ടെന്ന് എല്‍ഐസി തുറന്നു സമ്മിക്കുന്നുണ്ട്. 2018-ല്‍ ഭാരത് ഡൈനാമിക്സിന്റെയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിന്റേയും ഐപിഒ പരാജയപ്പെടാതിരിക്കാന്‍ വേണ്ടി എല്‍ഐസിക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടേണ്ടി വന്നു.
അതുപോലെ നിഷ്ക്രിയ ആസ്തി പെരുകി പ്രവര്‍ത്തനം സ്തംഭിക്കുന്ന ഘടത്തിലേക്ക് ഐഡിബിഐ ബാങ്ക് എത്തിയപ്പോളും എല്‍ഐസിക്ക് രക്ഷകനായി അവതരിക്കേണ്ടി വന്നു. 21,600 കോടി മുടക്കി ബാങ്കിന്റെ 51 ശതമാനം ഓഹരി ഏറ്റെടുക്കുകയും 2019-ല്‍ വീണ്ടും 4,743 കോടി രൂപ കൂടി ബാങ്കില്‍ നിക്ഷേപിച്ചു.
3) എല്‍ഐസി ഡിജിറ്റല്‍ സേവനങ്ങളിൽ പിന്നിലാണെന്നതും പ്രതികൂല ഘടകമായി ഉന്നയിക്കപ്പെടുന്നു. ഇപ്പോളും പോളിസികളുടെ 90 ശതമാനവും ഏജന്റുമാര്‍ മുഖേനയാണ് വില്‍ക്കപ്പെടുന്നത്. പുതുക്കപ്പെടുന്ന പ്രീമിയത്തിന്റെ 36 ശതമാനം ഓണ്‍ലൈന്‍ മുഖേനയാണ്. എന്നാല്‍ സ്വകാര്യ കമ്പനികള്‍ക്ക് ഇത് 90 ശതമാനമാണ്. ഈ പ്രവണത എല്‍ഐസി തുടരുകയാണെങ്കില്‍ നടത്തിപ്പ് ചെലവ് ഉയര്‍ന്നു നില്‍ക്കുമെന്നും ചൂണ്ടിക്കാട്ടി. കാരണം ഒറ്റത്തവണയാണ് ഡിജിറ്റല്‍ സേവനങ്ങള്‍ക്കായി ചെലവിടേണ്ടത്. എന്നാല്‍ ശാഖകളും ഏജന്റുമാരും മുഖേന പുതുക്കുന്ന പ്രീമിയം ശേഖരിക്കുന്നത് ചെലവേറിയ നടപടിയാവും.
4) ഉപഭോക്താവ് പുതിയൊരു പോളിസി എടുക്കപ്പെടുന്ന സമയത്ത്, അതില്‍ നിന്നും ഭാവിയില്‍ കിട്ടാവുന്ന ലാഭത്തിന്റെ ഇപ്പോഴുള്ള മൂല്യം അഥവാ വാല്യൂ ഓഫ് ന്യൂ ബിസിനസ് (VNB) ആണ് എല്‍ഐസിയെ വലയ്ക്കുന്ന മറ്റൊരു വിഷയം. 2021 സാമ്പത്തിക വര്‍ഷത്തില്‍ എല്‍ഐസിയുടെ വിഎന്‍ബി മൂല്യം 9.9 ആയിരുന്നു. എന്നാല്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനികളായ എസ്ബിഐ ലൈഫ്. എച്ച്ഡിഎഫ്സി ലൈഫ്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ്, മാക്സ് ലൈഫ്, ബജാജ് അലയന്‍സ് ലൈഫ് എന്നിവയുടെ വിഎന്‍ബി മാര്‍ജിന്‍ 11 മുതല്‍ 27 ശതമാനം നിരക്കാലാണ്. നിലവില്‍ 26.1 ശതമാനമുള്ള എച്ച്ഡിഎഫ്സി ലൈഫാണ് വിഎന്‍ബി മൂല്യത്തില്‍ ഒന്നാമത് നില്‍ക്കുന്നത്.
5) മാര്‍ക്കറ്റ് ടു മാര്‍ക്കറ്റ് (MTM) അഥവാ ധനകാര്യ ആസ്തിയുടെ നിലവിലെ മൂല്യമെടുത്താല്‍ എല്‍ഐസി 6,028 കോടി രൂപ നഷ്ടത്തിലാണ്. അനുയോജ്യമല്ലാത്ത ഇന്‍ഷുറന്‍സ് പോളിസികളില്‍ നല്കിയ 11,265 കോടിയുടെ ഹ്രസ്വകാല വായ്പകളില്‍ 5,351 കോടി കിട്ടാക്കടമായി മാറിയിട്ടുണ്ട്. എന്നാല്‍ ഇതിനുള്ള നീക്കിയിരിപ്പ് നടത്തിയതായും ബാലന്‍സ് ഷീറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും എല്‍ഐസി, ഐപിഒയുടെ കരട് രേഖയില്‍ വെളിപ്പെടുത്തിയിരുന്നു. ഈ നഷ്ടം എങ്ങനെയാവും ബാലന്‍സ് ഷീറ്റില്‍ എല്‍ഐസി ഉള്‍ക്കൊള്ളിച്ചതെന്നാണ് വിപണി വിദഗ്ധര്‍ ഉറ്റുനോക്കുന്നത്.
എല്‍ഐസി ഐപിഒ
ഐപിഒയിലൂടെ 3.5 ശതമാനം വിഹിതം അഥവാ 22.13 കോടി ഓഹരികളാണ് എല്‍ഐസി വില്‍ക്കുന്നത്. ഈ നടപടിയിലൂടെ ചുരുങ്ങിയത് 20,557 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓഹരിയൊന്നിന് 902 മുതല്‍ 949 രൂപയ്ക്ക് ഇടയിലുള്ള നിരക്കില്‍ 15 ഓഹരികളുടെ ഗുണിതങ്ങളായി (Lot) അപേക്ഷിക്കാം. അതായാത്, ഓഹരിയുടെ താഴ്ന്ന വിലയിലാണ് അപേക്ഷിക്കുന്നതെങ്കില്‍ 13,530 രൂപയും കൂടിയ വിലയ്ക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ 14,235 രൂപയും മുടക്കേണ്ടിവരും. എല്‍ഐസിയുടെ പോളിസി ഉടമകള്‍ക്ക് 60 രൂപയും റീട്ടെയില്‍ നിക്ഷേപകര്‍ക്കും എല്‍ഐസി ജീവനക്കാര്‍ക്കും 40 രൂപ വീതവും ഓഹരിയുടെ വിലയില്‍ ഡിസ്കൗണ്ട് ലഭിക്കും.
റീട്ടെയില്‍ നിക്ഷേപകര്‍ക്ക് മേയ് 4 മുതല്‍ 9 വരെ ഓഹരിക്ക് അപേക്ഷിക്കാം. തുടര്‍ന്ന് അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മേയ് 12-ന് ഓഹരി അനുവദിക്കും. അപേക്ഷ നിരസിച്ചവര്‍ക്ക് മേയ് 12-ന് തന്നെ പണം തിരികെ നല്‍കും. അനുവദിക്കപ്പെട്ട ഓഹരി മേയ് 16-ന് ഡിമാറ്റ് അക്കൗണ്ടില്‍ ലഭ്യമാകും. മേയ് 17-നാണ് എല്‍ഐസി ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നത്. അതേസമയം, നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതില്‍ നിന്നും ഓഹരി വില്പനയുടെ അളവ് കുറച്ചെങ്കിലും രാജ്യം സാക്ഷിയാകുന്ന ഏറ്റവും വലിയ ഐപിഒ ആയിരിക്കും എല്‍ഐസിയുടേത്. ഇതുവരെയുള്ള ഐപിഒ റെക്കോഡ് 18,300 കോടി സമാഹരിച്ച പേടിഎമ്മിന്റേതാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പേര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications