സമീപകാലത്ത് നിക്ഷേപകര്‍ക്ക് വെട്ടിത്തിളങ്ങുന്ന നേട്ടം സമ്മാനിച്ചവരാണ് സ്റ്റീല്‍ ഓഹരികള്‍. രാജ്യത്തിനകത്ത് അടിസ്ഥാന സൗകര്യ വികസന, നിര്‍മാണ മേഖലകളില്‍ ഉണര്‍വുണ്ടായതും റഷ്യ- ഉക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ യൂറോപ്യന്‍ വിപണിയിലേക്ക് കയറ്റുമതി സാധ്യത വര്‍ധിച്ചതുമൊക്കെ മെറ്റല്‍ ഓഹരികളുടെ കുതിപ്പിന് പിന്തുണയേകി. ഇത്തരത്തില്‍ മെറ്റല്‍ വിഭാഗത്തിലെ നേട്ടക്കാരുടെ കൂട്ടത്തില്‍ മുന്‍നിരയിലാണ് ടാറ്റ സ്റ്റീലിന്റെ സ്ഥാനം. കഴിഞ്ഞ ദിവസമാണ് നാലാം പദഫലം പുറത്തുവിട്ടത്. ഇതിനോടൊപ്പം ഡിവിഡന്റും ഓഹരി വിഭജനവും പ്രഖ്യാപിച്ച സാഹചര്യത്തില്‍ ടാറ്റ സ്റ്റീല്‍ ഓഹരിയുടെ അവലോകനമാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നാലാം പാദഫലം
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ സ്റ്റീല്‍ ഉത്പാദകരായ ടാറ്റ സ്റ്റീല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ നേടിയ സംയോജിത വരുമാനം 69,324 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 39 ശതമാനം വര്‍ധനയാണിത്. ആകെ വരുമാനത്തില്‍ ഇന്ത്യയില്‍ നിന്നും 34 ശതമാനം വര്‍ധനയോടെ 36,681 കോടിയും യൂറോപ്പിലെ യൂണിറ്റില്‍ നിന്നും 53 ശതമാനം വര്‍ധനയോടെ 26,389 കോടിയും കരസ്ഥമാക്കി. നാലാം പാദത്തിലെ അറ്റാദായം 9,835 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 37.3 ശതമാനം വര്‍ധനയാണ്.
അതേസമയം 2021-22 സാമ്പത്തിക വര്‍ഷത്തെ ടാറ്റ സ്റ്റീലിന്റെ ആകെ വരുമാനം 56 ശതമാനം വര്‍ധിച്ച് 2.44 ലക്ഷം കോടിയും അറ്റാദായം 410 ശതമാനം വര്‍ധിച്ച് 41,749 കോടിയുമായി ഉയര്‍ന്നു. കമ്പനിയുടെ ഇതുവരെയുളള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ലാഭമാണ് (63,380 കോടി) കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയത്. ഓരോ ടണ്ണിനും 21,626 രൂപ വീതം ലാഭം കരസ്ഥമാക്കി. കൂടാതെ 15,232 കോടി രൂപ തിരിച്ചടച്ച് ടാറ്റ സ്റ്റീലിന്റെ ആകെ കടബാധ്യത 51,049 കോടിയിലേക്ക് താഴ്ത്തി കൊണ്ടുവന്നു എന്നതും ശ്രദ്ധേയമാണ്.
ഡിവിഡന്റ്
ഇതിനിടെ പ്രതിയോഹരി 51 രൂപ വീതം ലാഭവിഹിതം നല്‍കുമെന്നും ടാറ്റ സ്റ്റീല്‍ (BSE: 500470, NSE: TATASTEEL) അറിയിച്ചു. കൂടാതെ ഓഹരികള്‍ 10:1 എന്ന അനുപാതത്തില്‍ വിഭജിക്കുമെന്നും പ്രഖ്യാപിച്ചു. അതായത് നിലവില്‍ 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ളതായി കുറയ്ക്കും. ഇതോടെ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി കൈവശം ഉള്ളവര്‍ക്ക് വിഭജനത്തിനു ശേഷം 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി മാറും. ഇതിന് ആനുപാതികമായി ഓഹരിയുടെ വിപണി വിലയിലും മാറ്റം വരും.
ഓഹരി വിശദാംശം
ബുധനാഴ്ച രാവിലെ 1,300 രൂപ നിരക്കിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 1,534.50 രൂപയും കുറഞ്ഞ വില 1,018.50 രൂപയുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരി വിലയില്‍ 10 ശതമാനം ഉയര്‍ച്ച നേടിയിട്ടുണ്ട്. നിലവിലെ ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 1,58,140 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.93 ശതമാനവും പ്രതിയോഹരി ബുക്ക് വാല്യൂ 628.26 രൂപയുമാണ്. സ്റ്റീല്‍ ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 14.67 ആയിരിക്കുമ്പോള്‍ ടാറ്റ സ്റ്റീലിന്റേത് 4.26 നിരക്കിലാണെന്നതും ശ്രദ്ധേയം.
എന്തു ചെയ്യണം ?
കമ്പനിയുടെ യൂറോപ്പിലെ യൂണിറ്റ് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ചൈനീസ് സമ്പദ്ഘടന കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലോക്ക്ഡൗണിലേക്ക് നീങ്ങിയാല്‍ സ്റ്റീല്‍ വില കുറയാം. ഇന്ത്യയില്‍ 2024-ഓടെ വിറ്റുവരവില്‍ ഉണര്‍വുണ്ടാകും. ശക്തമായ വരുമാന ഒഴുക്ക് ഇടക്കാല പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായിക്കും. എന്നാല്‍ അസംസ്‌കൃത വസ്തുക്കളിലുണ്ടാകുന്ന വിലക്കയറ്റം ലാഭമാര്‍ജിന്‍ മെച്ചപ്പെടുന്നതില്‍ നിന്നും തടായം. അതിനാല്‍ ന്യൂട്രല്‍ റേറ്റിങ്ങാണ് നല്‍കുന്നത് എന്നും വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് സൂചിപ്പിച്ചു. ഇടക്കാലയളവിലേക്ക് ഇവര്‍ ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 1,500 രൂപയാണ്.
ടാറ്റ സ്റ്റീല്‍
ലോകത്ത് തന്നെ ഭൂമിശാസ്ത്രപരമായി ഉത്പാദന ശൃംഖലാ വൈവിധ്യവത്കരണം ഫലപ്രദമായി നടപ്പാക്കിയ സ്റ്റീല്‍ കമ്പനിയാണ് ടാറ്റ സ്റ്റീല്‍. 110 വര്‍ഷത്തിലേറെയാണ് പ്രവര്‍ത്തന പാരമ്പര്യം. ബ്രിട്ടനും നെതര്‍ലാന്‍ഡും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ദക്ഷിണ പൂര്‍വ്വേഷ്യയിലും ഉള്‍പ്പെടെ 26 രാജ്യങ്ങളില്‍ ടാറ്റാ സ്റ്റീലിന് സംരംഭങ്ങളുണ്ട്. നിലവില്‍ രാജ്യത്തെ രാണ്ടാമത്തെ വലിയ സ്റ്റീല്‍ ഉത്പാദക കമ്പനിയാണിത്. ടാറ്റ സ്റ്റീലിന് കീഴിലുള്ള ഏറ്റവും വലിയ പ്ലാന്റ് ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ്. വര്‍ഷത്തില്‍ 10 ലക്ഷം ടണ്‍ ഉരുക്ക് ഉത്പാദന ശേഷിയാണ് ഈ പ്ലാന്റിനുള്ളത്. 2007-ല്‍ ബ്രിട്ടണിലെ കോറസിനെ ഏറ്റെടുത്തിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications