കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ വിപണിയില്‍ വമ്പന്‍ ആശ്വാസ റാലിക്കാണ് ചൊവ്വാഴ്ച സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ 10 മാസങ്ങള്‍ക്കിടെയിലെ ഏറ്റവും മികച്ച വ്യാപാര നേട്ടമാണ് സൂചികകള്‍ ഇന്ന് സ്വന്തമാക്കിയത്. ഒരു പകലിന്റെ വ്യത്യാസത്തിലാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നത്. എന്തായാലും ഇത്തരം ചാഞ്ചാട്ടങ്ങള്‍ ഹ്രസ്വകാല നിക്ഷേപത്തേക്കാള്‍ ദീര്‍ഘകാല നിക്ഷേപമാണ് സുരക്ഷിതമെന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ്. ഇത്തരത്തില്‍ വാഹന മേഖലയില്‍ നിന്നുള്ള ഒരു സ്‌മോള്‍ കാപ് ഓഹരിയില്‍ 34 ശതമാനം നേട്ടം കണക്കാക്കി നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി രംഗത്തെത്തി.
അതുല്‍ ഓട്ടോ
മുചക്ര വാഹന നിര്‍മാതാക്കളില്‍ പ്രായം കുറഞ്ഞ കമ്പനിയാണ് അതുല്‍ ഓട്ടോ ലിമിറ്റഡ്. ഗുജറാത്തിലെ രാജ്കോട്ട് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം. ഗ്രാമീണ മേഖലയില്‍ ഉപയോഗിക്കപ്പെടുന്ന ഛക്രാസ് എന്നറിയപ്പെടുന്ന വാഹനം വിപണിയിലെത്തിച്ച് 1992-ലാണ് തുടക്കം. പെട്രോള്‍, ഡീസല്‍, വൈദ്യുത വിഭാഗങ്ങളിലായി മുചക്ര വാഹനങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നു. ഖുശ്ബു (KHUSHBU) എന്ന ബ്രാന്‍ഡിന് കീഴില്‍ ആറ് സീറ്റുള്ള ഓട്ടോറിക്ഷയും പിക്കപ്പ് വാനുകളും യാത്രാ വാഹനങ്ങളുടെ ഷാസിയും കമ്പനി നിര്‍മ്മിക്കുന്നുണ്ട്. നിലവില്‍ 407 കോടിരൂപയാണ് വിപണി മൂലധനം.
അനുകൂല ഘടകം
ഏറ്റവും വേഗത്തില്‍ വളരുന്ന മുചക്ര വാഹന നിര്‍മാതാക്കളായ അതുല്‍ ഓട്ടോയ്ക്ക്, വാണിജ്യ വാഹന വിപണിയുടെ 18 ശതമാനവും യാത്രാ വാഹന വിപണിയില്‍ 5 ശതമാനം വിഹിതവും സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് ശരിവയ്ക്കും വിധമാണ് കോവിഡ് പ്രതിസന്ധിയില്‍ നിന്നും കമ്പനി പുറത്തുകടന്നത്. മൂന്നാം തരംഗത്തിന് ശേഷം സമ്പദ്ഘടന ഉഷാറാകുമ്പോള്‍ കൂടുതല്‍ മികച്ച പ്രവര്‍ത്തനം പുറത്തെടുക്കാനാകുമെന്നാണ് അനുമാനം. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം ലാഭത്തിന്റെ മാര്‍ജിനില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. അതേസമയം, വൈദ്യുത വാഹന വിഭാഗത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാനായിട്ടുണ്ട്.
സാമ്പത്തികം
ഡിസംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ അതുല്‍ ഓട്ടോയുടെ സംയോജിത വരുമാനം 103.25 കോടി രൂപയാണ്. ഇത് രണ്ടാം പാദത്തേക്കാള്‍ 20 ശതമാനവും കഴിഞ്ഞ വര്‍ഷത്തെ സമാന പാദവുമായി വിലയിരുത്തുമ്പോള്‍ 1.11 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തുന്നു. അതേസമയം കമ്പനിയുടെ അറ്റ നഷ്ടം 8 കോടി രൂപയാണ്. കോവിഡിന് ആരംഭിച്ചതിനു ശേഷമാണ് കമ്പനി നഷ്ടത്തിലേക്ക് വഴുതി വീണത്. അതിന് മുമ്പ് മുടങ്ങാതെ ലാഭവിഹിതവും നല്‍കിയിരുന്ന കമ്പനിയാണിത്.
ലക്ഷ്യ വില 242
ചൊവ്വാഴ്ച അതുല്‍ ഓട്ടോയുടെ (BSE: 531795, NSE: ATULAUTO) ഓഹരികള്‍ 185 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 242 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ആനന്ദ് രാത്തി നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 30 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വില 268.25 രൂപയും കുറഞ്ഞ വില 164.20 രൂപയും ആണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications