പ്രതികൂല ആഗോള ഘടകങ്ങളും പണപ്പെരുപ്പ ഭീഷണിയും ആഭ്യന്തര വിപണിയെ വലയ്ക്കുകയാണ്. ഇതിനോടൊപ്പം റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്ന സാഹചര്യവും തിരിച്ചടിയാവുന്നുണ്ട്. അനിശ്ചിതത്വം ഉയരുന്ന ഇത്തരമൊരു പശ്ചാത്തലത്തില്‍ നിരവധി പ്രതികൂല ഘടകങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രമുഖ വാഹന നിര്‍മാതാവിന്റെ ഓഹരി വിറ്റൊഴിവാക്കണമെന്ന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി.
അശോക് ലെയ്‌ലാന്‍ഡ്
രാജ്യത്തെ രണ്ടാമത്തെ വലിയ വാണിജ്യ വാഹന നിര്‍മാതാക്കളാണ് അശോക് ലെയ്ലാന്‍ഡ്. ഇന്തോ- ബ്രിട്ടീഷ സംരംഭകരായ ഹിന്ദുജ ഗ്രൂപ്പാണ് കമ്പനിയുടെ മുഖ്യ സംരംഭകര്‍. 1948-ല്‍ ചെന്നൈ ആസ്ഥാനമായാണ് തുടക്കം. ആഗോള തലത്തില്‍ മൂന്നാമത്തെ വലിയ ബസ് നിര്‍മാതാക്കളും പത്താമത്തെ വലിയ ട്രക്ക് നിര്‍മാതാക്കളുമായും കമ്പനി വളര്‍ന്നു കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും യുഎഇ, ബ്രിട്ടണ്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഉള്‍പ്പെടെ പത്തോളം നിര്‍മാണ കേന്ദ്രങ്ങള്‍ കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. പ്രതിരോധ സേനയ്ക്കു വേണ്ട കവചിത വാഹനങ്ങളും മിസൈല്‍ വാഹക വാഹനങ്ങളും നിര്‍മിക്കുന്നുണ്ട്. രാജ്യത്തെ അഞ്ചില്‍ നാല് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് വകുപ്പുകളും ലെയ്ലാന്‍ഡ് ബസുകളാണ് വാങ്ങുന്നത്.
പ്രതികൂല ഘടകം
വാണിജ്യ വിഭാഗം വാഹനങ്ങളിലെ വിപണി വിഹിതം നഷ്ടമാകുന്നത് അശോക് ലെയ്‌ലാന്‍ഡിന് തിരിച്ചടിയാണ്. അടുത്തിടെയായി ഈ വിഭാഗത്തില്‍ സിഎന്‍ജി അധിഷ്ഠിത വാഹനങ്ങള്‍ക്കാണ് ഡിമാന്‍ഡ്. എന്നാല്‍ അശോക് ലെയ്‌ലാന്‍ഡാവട്ടെ സിഎന്‍ജി അധിഷ്ഠിത വാണിജ്യ വാഹനങ്ങളിലേക്ക് വൈകി പ്രവേശിച്ചതിനാലും ഈ വിഭാഗത്തില്‍ കമ്പനിയുടെ പ്രകടനം ദുര്‍ബലമാണെന്നതിനാലും നഷ്ടമായ വിപണി വിഹിതം തിരിച്ചു പിടിക്കുകയെന്നത് ബുദ്ധിമുട്ടാകും. മാത്രവുമല്ല പ്രധാന 3 എതിരാളികളും ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നതും വിപണി വിഹിതം നേടാന്‍ കടുത്ത പോരാട്ടം നടത്തുന്നതും അശോക് ലെയ്‌ലാന്‍ഡിന് വെല്ലുവിളിയാകും. ഇതിനാല്‍ ഈ ഓഹരിക്ക് സെല്‍ (SELL) റേറ്റിങ്ങാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്നത്.
സാമ്പത്തികം
അശോക് ലെയ്‌ലാന്‍ഡ് കമ്പനിക്ക് ഉയര്‍ന്ന കടബാധ്യതയുണ്ട്. കൂടാതെ വരുമാനവുമായി തട്ടിച്ചു നോക്കുമ്പോള്‍ കടത്തിന്മേലുള്ള പലിശയുടെ തിരിച്ചടവും കൂടുതലാണ്. പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയ സാഹചര്യവും സമ്മര്‍ദം സൃഷ്ടിക്കും. കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ അറ്റാദായം ഇടിയുകയാണ്. പാദാനുപാദത്തില്‍ അശോക് ലെയ്ലാന്‍ഡിന്റെ (BSE: 500477, NSE: ASHOKLEY) ലാഭമാര്‍ജിനും താഴോട്ടാണ്. അതേസമയം അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം ശമിക്കുകയും വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന വര്‍ധിക്കുകയോ ചെയ്താല്‍ കമ്പനിക്ക് പുതുജീവന്‍ ലഭിക്കും.
പയട്രോസ്‌കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ അശോക് ലെയ്ലാന്‍ഡിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലമാണ് (Piotroski Score: 2). കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ 7.6 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 17.4 ശതമാനവും വീതം ഇടിവാണ് രേഖപ്പെടുത്തുന്നത്. 3 സാമ്പത്തിക പാദങ്ങളിലെ നഷ്ടത്തിനു ശേഷം ജനുവരി- മാര്‍ച്ച് കാലയളവില്‍ ലാഭം നേടാന്‍ കമ്പനിക്ക് കഴിഞ്ഞുവെന്നത് ശ്രദ്ധേയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ അശോക് ലെയ്‌ലാന്‍ഡിന്റെ വരുമാനം 9,926 കോടിയും ലാഭം 155 കോടിയുമാണ്.
ഓഹരി വിശദാംശം
അശോക് ലെയ്ലാന്‍ഡിന്റെ ആകെ ഓഹരികളില്‍ 51.54 ശതമാനമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശം ഉള്ളത്. എന്നാല്‍ ഇതിന്റെ 17.84 ശതമാനവും ഈട് നല്‍കിയിരിക്കുകയാണ്. അതേസമയം വിദേശ നിക്ഷേപകര്‍ക്ക് 13.45 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 22.02 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 13 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.75 ശതമാനമാണ്. നിലവില്‍ അശോക് ലെയ്‌ലാന്‍ഡിന്റെ വിപണി മൂല്യം 39,248 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 29.26 രൂപ നിരക്കിലുമാണുള്ളത്.
ലക്ഷ്യവില 96
അശോക് ലെയ്‌ലാന്‍ഡിന്റെ ഓഹരികള്‍ 133.80 രൂപ നിലവാരത്തിലാണ് ഇപ്പോള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 96 രൂപയിലേക്ക് ഓഹരി വില ഇടിയാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. അതായത്, അടുത്ത ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ നിലവിലുള്ള വിലയേക്കാള്‍ 28 ശതമാനത്തിലേറെ ഇടിവ് നേരിടാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഓഹരിയുടെ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വില 153.50 രൂപയും താഴ്ന്ന വില 93.20 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഓഹരി വിലയില്‍ 5 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications