ഇന്ത്യയിലെ ബാങ്കിംഗ് തട്ടിപ്പ്: കേസുകളിൽ ഗണ്യമായ വർദ്ധനവ്, തട്ടിപ്പ് നേരിടാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം
ഒരാൾ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരങ്ങൾ തേടുകയായിരുന്നു. അപ്പോഴാണ് ഇൻസ്റ്റാഗ്രാമിൽ ജോലി വാഗ്ദാനം ചെയ്തു കൊണ്ടൊരു പരസ്യം കാണുന്നത്. ജോലി നേടാനുള്ള ആവേശത്തിൽ അവൾ ആ ലിങ്കിൽ ക്ലിക്ക് ചെയ്ത് ലാൻഡിംഗ് പേജിൽ വിവരങ്ങൾ നൽകി. എന്നാൽ അടുത്ത ഘട്ടത്തിൽ ബാങ്ക് വിവരങ്ങൾ നൽകേണ്ടി വന്നു. അത് നൽകിയതിന് ശേഷം ഫോണിലേക്ക് ഒരു ഒടിപി വന്നു.
അതുകൂടി നൽകിയതോടെ "രജിസ്ട്രേഷൻ ഫീസ്" എന്ന പേരിൽ ഫോൺ പേ വഴി പണം ആവശ്യപ്പെട്ടു. സംശയം തോന്നാതെ അവൾ പണം നൽകി. പിന്നീട് അതൊരു തട്ടിപ്പാണെന്ന് മനസ്സിലായി. അവരുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടു. അതിനുശേഷം അവരുടെ ഫോൺ പേ അക്കൗണ്ട് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപകാല റിപ്പോർട്ടിൽ 2024 സാമ്പത്തിക വർഷത്തിൽ ബാങ്കിംഗ് തട്ടിപ്പുകൾ വർധിച്ചതായി പറയുന്നു. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 18,461 തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിലൂടെ 21,367 കോടി രൂപയുടെ നഷ്ടം ഉണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 14,480 കേസുകളിലായി 2,623 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
ഈ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ തട്ടിപ്പുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇരയാക്കപ്പെടുന്നവരെ ലക്ഷ്യമിട്ട് ബാങ്കിംഗ് തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ഓൺലൈനിൽ സുരക്ഷിതമായിരിക്കാനും സൈബർ ഭീഷണികളെക്കുറിച്ച് അവബോധം നൽകാനും ലക്ഷ്യമിട്ട് indianexpress.com "ദി സേഫ് സൈഡ്" എന്ന ഒൻപതാമത് എഡിഷൻ പുറത്തിറക്കിയിട്ടുണ്ട്.

ബാങ്കിംഗ് തട്ടിപ്പുകൾ
ബാങ്കിംഗ് തട്ടിപ്പുകൾ എന്നാൽ പണം തട്ടുന്നതിനായി തട്ടിപ്പുകാർ വിവിധ തന്ത്രങ്ങൾ ഉപയോഗിച്ച് ആളുകളെ ചൂഷണം ചെയ്യുന്ന രീതിയാണ്. ഇരകളുടെ പണവും സ്വകാര്യ വിവരങ്ങളും തട്ടിയെടുക്കാൻ തട്ടിപ്പുകാർ വ്യാജ ഇമെയിലുകൾ, ടെക്സ്റ്റ് മെസേജുകൾ, ഫോൺ കോളുകൾ, വ്യാജ വെബ്സൈറ്റുകൾ തുടങ്ങിയ മാർഗങ്ങൾ ഉപയോഗിക്കുന്നു.
"ബാങ്കിംഗ് സംവിധാനത്തിലെ സാങ്കേതികപരവും മാനുഷികവുമായ പോരായ്മകളെ തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നു," സൈബർ സുരക്ഷാ വിദഗ്ദ്ധനും ന്യൂഡൽഹിയിലെ TOFEE (The Organisation For Enlightening and Education) സഹസ്ഥാപകനുമായ തുഷാർ ശർമ്മ പറഞ്ഞു.
"പലപ്പോഴും ആളുകളെ ചൂഷണം ചെയ്യുകയും, ഫിഷിംഗ് ആക്രമണങ്ങൾ നടത്തുകയും, മാൽവെയറുകൾ, കീലോഗിംഗ് സോഫ്റ്റ്‌വെയറുകൾ, ഡാറ്റാ ലംഘനങ്ങൾ, വ്യാജ ബാങ്കിംഗ് ആപ്പുകൾ അല്ലെങ്കിൽ വെബ്സൈറ്റുകൾ എന്നിവ ഉപയോഗിച്ച് ഇരകളെ അവർ കബളിപ്പിക്കുകയും ചെയ്യുന്നു" അദ്ദേഹം കൂട്ടിച്ചേർത്തു.
"അവബോധമില്ലായ്മ, കാലഹരണപ്പെട്ട സോഫ്റ്റ്‌വെയറുകളും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും, സുരക്ഷിതമല്ലാത്ത വൈഫൈ നെറ്റ്‌വർക്കുകൾ, ദുർബലമായ പാസ്‌വേഡുകൾ, ടു-ഫാക്ടർ ഓതൻ്റിക്കേഷൻ ഇല്ലാത്തത് എന്നിവയുള്ളവരെയാണ് ചൂഷണം ചെയ്യപ്പെടുന്നത്," ശർമ്മ പറഞ്ഞു.
സാധാരണ ബാങ്കിംഗ് തട്ടിപ്പുകൾ
സാധാരണയായി കണ്ടുവരുന്ന ചില ബാങ്കിംഗ് തട്ടിപ്പുകൾ താഴെ പറയുന്നവയാണ്:
സിന്തറ്റിക് ഐഡന്റിറ്റി ഫ്രോഡ്: തട്ടിപ്പുകാർ ഡാറ്റാ ലംഘനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ച് ലോണുകൾ എടുക്കുന്നതിനും അക്കൗണ്ടുകൾ തുറക്കുന്നതിനും യഥാർത്ഥവും വ്യാജവുമായ വിവരങ്ങൾ ചേർത്ത് പുതിയ ഐഡന്റിറ്റി ഉണ്ടാക്കുന്നു.
ഫിഷിംഗ്, സ്പിയർ-ഫിഷിംഗ്: അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, പിൻ നമ്പറുകൾ തുടങ്ങിയ സെൻസിറ്റീവ് വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെട്ടുകൊണ്ട് തട്ടിപ്പുകാർ വ്യാജ ഇമെയിലുകൾ അല്ലെങ്കിൽ സന്ദേശങ്ങൾ അയയ്ക്കുന്നു.
മൊബൈൽ ബാങ്കിംഗ് തട്ടിപ്പുകൾ: സൈബർ കുറ്റവാളികൾ ടു-ഫാക്ടർ ഓതൻ്റിക്കേഷൻ മറികടന്ന് പണം തട്ടാൻ വേണ്ടി ഫോൺ നമ്പറുകൾ ഉപയോഗിക്കുന്നു.
എടിഎം സ്കിമ്മിംഗും കാർഡ് ക്ലോണിംഗും: എടിഎമ്മുകളിൽ നിന്നും പേയ്‌മെന്റ് ടെർമിനലുകളിൽ നിന്നും കാർഡ് വിവരങ്ങൾ ചോർത്താൻ IoT ഉപകരണങ്ങൾ ഉപയോഗിക്കുന്നു. ഇത് പിന്നീട് വ്യാജ ഇടപാടുകൾ നടത്താനോ കാർഡുകളുടെ പകർപ്പ് ഉണ്ടാക്കാനോ ഉപയോഗിക്കുന്നു.
ജമ്പ്ഡ് ഡെപ്പോസിറ്റുകൾ: തട്ടിപ്പുകാർ ഇരകളുടെ വിശ്വാസം നേടുന്നതിനായി ചെറിയ തുക നിക്ഷേപിക്കുകയും പിന്നീട് വ്യാജ റീഫണ്ട് അഭ്യർത്ഥനകൾ നടത്തുകയും ചെയ്യുന്നു. അതുവഴി യുപിഐ പിൻ വെളിപ്പെടുത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഓട്ടോമാറ്റിക് പിൻവലിക്കൽ തട്ടിപ്പുകൾ: വ്യാജ സബ്‌സ്‌ക്രിപ്‌ഷനുകൾക്കോ സേവനങ്ങൾക്കോ വേണ്ടി അനുമതിയില്ലാത്ത പണം ഈടാക്കുകയും ഉപഭോക്താക്കളുടെ സമ്മതമില്ലാതെ സ്ഥിരമായി അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്യുന്നു.
ഗവൺമെൻ്റ് ഉദ്യോഗസ്ഥരെ അനുകരിച്ചുള്ള തട്ടിപ്പുകൾ: തട്ടിപ്പുകാർ സർക്കാർ ഉദ്യോഗസ്ഥരെപ്പോലെ ആൾമാറാട്ടം നടത്തി വ്യക്തിഗത വിവരങ്ങൾ പങ്കിടാൻ ആവശ്യപ്പെടുകയും അല്ലെങ്കിൽ വ്യാജ പേയ്മെൻ്റ് നടത്താൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
വ്യാജ ലോൺ തട്ടിപ്പ്: വായ്പ തേടുന്ന വ്യക്തികളെ ലക്ഷ്യമിട്ട് അവരുടെ വിവരങ്ങൾ ഉപയോഗിച്ച് പണം തട്ടിയെടുക്കുന്നു.
ബാങ്കിംഗ് തട്ടിപ്പുകൾ ഒഴിവാക്കാം
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് ഇന്റലിജൻസ് ആൻഡ് കൺട്രോൾ സീനിയർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മനീഷ് അഗർവാളും തുഷാർ ശർമ്മയും താഴെ പറയുന്ന മുൻകരുതലുകൾ നിർദ്ദേശിക്കുന്നു:
- ഗവൺമെൻ്റ് പദ്ധതികളെയും ആനുകൂല്യങ്ങളെയും കുറിച്ച് എന്തെങ്കിലും അറിയാൻ കഴിഞ്ഞാൽ ഉടൻ തന്നെ ഔദ്യോഗിക വെബ്സൈറ്റുകളിൽ പരിശോധിക്കുക.
- ഗവൺമെൻ്റ് ഏജൻസികൾ ഒരിക്കലും ഫോൺ വിളിച്ചോ, ഇമെയിൽ വഴിയോ, എസ്എംഎസ് വഴിയോ പണം ആവശ്യപ്പെടുകയോ സെൻസിറ്റീവ് വിവരങ്ങൾ ചോദിക്കുകയോ ചെയ്യില്ല.
- അനധികൃതമായി എന്തെങ്കിലും ചാർജ് ഈടാക്കിയിട്ടുണ്ടോ എന്ന് അറിയാനായി ബാങ്ക് സ്റ്റേറ്റ്മെൻ്റുകളും ഇടപാട് ഹിസ്റ്ററിയും പതിവായി പരിശോധിക്കുക.
- സംശയാസ്പദമായ എന്തെങ്കിലും കണ്ടാൽ ഉടൻതന്നെ ബാങ്കിൽ റിപ്പോർട്ട് ചെയ്യുക.
- വായ്പ എടുക്കുന്നതിന് മുമ്പ് ധനകാര്യ സ്ഥാപനങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുക. ആർബിഐ രജിസ്ട്രേഷനും, അവരുടെ ഓഫീസ് അഡ്രസ്സും പരിശോധിക്കുക.
- വിശ്വസനീയമായ സ്രോതസ്സ് ഉപയോഗിച്ച് ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ച് ഓൺലൈനിൽ നന്നായി അന്വേഷിക്കുക.
- പുതിയ തട്ടിപ്പ് തന്ത്രങ്ങളെക്കുറിച്ച് എപ്പോഴും അറിഞ്ഞിരിക്കുക.
- ഇമെയിലുകളിലോ സന്ദേശങ്ങളിലോ ഉള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
- പരിചയമില്ലാത്ത ആളുകൾക്ക് പണം അയയ്ക്കാതിരിക്കുക.
- നിങ്ങളുടെ കെവൈസി ഡാറ്റ, ബാങ്ക് വിവരങ്ങൾ, ഒടിപി അല്ലെങ്കിൽ പിൻ പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ ആരുമായും പങ്കിടരുത്.
- തട്ടിപ്പ് നടക്കുന്നുണ്ടെന്ന് സംശയം തോന്നിയാൽ പരിഭ്രമിക്കാതിരിക്കുക.
- https://sancharsaathi.gov.in/ എന്ന Chakshu പോർട്ടലിൽ സംശയാസ്പദമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുക.
- തട്ടിപ്പിന് ഇരയായെന്ന് തോന്നിയാൽ ഉടൻതന്നെ ബാങ്കുമായി ബന്ധപ്പെടുക. നിങ്ങൾക്ക് https://www.cybercrime.gov.in/ ൽ പരാതി നൽകാം അല്ലെങ്കിൽ 1930 എന്ന നമ്പറിൽ വിളിക്കാം.
ഈ രേഖകളൊന്നും വേണ്ട, പോക്കറ്റിലുള്ള ആധാർ കാർഡുണ്ടെങ്കിൽ ആധാർ വായ്പ റെഡ്ഡി! ആർക്കെല്ലാം അപേക്ഷിക്കാം?
തട്ടിപ്പിനിരയായെന്ന് തോന്നിയാൽ എന്തു ചെയ്യും?
1. തട്ടിപ്പുകാരനുമായുള്ള എല്ലാ ആശയവിനിമയങ്ങളും അവസാനിപ്പിക്കുക. ഇമെയിലുകൾ, സന്ദേശങ്ങൾ അല്ലെങ്കിൽ കോളുകൾക്ക് മറുപടി നൽകരുത്.
2. ബാങ്കിനെ വിവരം അറിയിക്കുകയും ഇടപാടുകൾ താൽക്കാലികമായി നിർത്താൻ ആവശ്യപ്പെടുകയും ചെയ്യുക.
3. കൂടുതൽ വിവരങ്ങൾ ആരുമായും പങ്കിടരുത്.
4. നഷ്ടപ്പെട്ട പണം വീണ്ടെടുക്കാൻ ബാങ്കുമായി ബന്ധപ്പെടുക.
5. സംശയാസ്പദമായ ഇടപാടുകൾക്കായി നിങ്ങളുടെ അക്കൗണ്ട് ഇടയ്ക്കിടെ നിരീക്ഷിക്കുക.
6. നിങ്ങളുടെ പേരിൽ അനധികൃതമായി വായ്പ എടുത്തിട്ടുണ്ടോ എന്ന് അറിയാനായി സിബിൽ റിപ്പോർട്ട് പരിശോധിക്കുക.
ഡിജിറ്റൽ ബാങ്കിംഗ് സൗകര്യപ്രദമാണെങ്കിലും തട്ടിപ്പുകൾക്കുള്ള സാധ്യതകളും ഏറെയാണ്. ഈ തട്ടിപ്പുകളെ നേരിടേണ്ടത് ഉപഭോക്താക്കളുടെയും ബാങ്കുകളുടെയും നിയന്ത്രണ ഏജൻസികളുടെയും കൂട്ടുത്തരവാദിത്തമാണ്. പുതിയ തട്ടിപ്പ് തന്ത്രങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുകയും സുരക്ഷിതമായ സാമ്പത്തിക ശീലങ്ങൾ പിന്തുടരുകയും ചെയ്യുന്നതിലൂടെ വ്യക്തികൾക്ക് സ്വയം സുരക്ഷിതരാകാൻ കഴിയും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


