വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. പ്രതികൂല ആഗോള ഘടകങ്ങളും പണപ്പെരുപ്പ ഭീഷണിയും കമ്പനികളുടെ നാലാം പാദഫലങ്ങള്‍ക്ക് ആവേശം സൃഷ്ടിക്കാനാവാതെ പോകുന്നതും ആഭ്യന്തര വിപണിക്കും പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിനിടെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, 2 ടാറ്റ ഗ്രൂപ്പ് ഓഹരികളില്‍ സെല്‍ (SELL) റേറ്റിങ് നല്‍കി രംഗത്തെത്തി. നിലവിലെ വിലയില്‍ നിന്നും 30 ശതമാനത്തിലധികം വരെ ഓഹരി വില ഇടിയാമെന്നാണ് പ്രവചനം.
ടെറ്റന്‍ കമ്പനി
സ്വര്‍ണവും രത്‌നവും ഉള്‍പ്പെടെയുള്ള ജൂവലറി വിഭാഗവും വാച്ച്, കണ്ണട ഉള്‍പ്പെടെയുളള നിത്യോപയോഗ ഫാഷന്‍ വസ്തുക്കളും നിര്‍മിക്കുന്ന രാജ്യത്തെ പ്രശസ്ത സ്ഥാപനമാണ് ടൈറ്റന്‍ കമ്പനി ലിമിറ്റഡ്. ടാറ്റ ഗ്രൂപ്പിന്റെയും തമിഴ്‌നാട് സര്‍ക്കാരിന്റെ ടിഡ്‌കോയുടേയും സംയുക്ത സംരംഭമായി 1984-ലാണ് തുടക്കം. ടൈറ്റന്‍ എന്ന ബ്രാന്‍ഡ് നാമത്തില്‍ വാച്ച് നിര്‍മിച്ചാണ് തുടക്കം. ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സംയോജിത വാച്ച് നിര്‍മാതാക്കളായി വളര്‍ന്നു കഴിഞ്ഞു. 1994-ല്‍ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി തനിഷ്‌ക് എന്ന ബ്രാന്‍ഡ് നാമത്തില്‍ ജൂവലറിയും പിന്നീട് ഐപ്ലസ് എന്ന ബ്രാന്‍ഡില്‍ കണ്ണടകളും 2005-ല്‍ ഫാസ്റ്റ് ട്രാക്ക് എന്ന ബ്രാന്‍ഡില്‍ യുവാക്കള്‍ക്കു വേണ്ടിയുള്ള ഫാഷന്‍ വസ്തുക്കളും വിപണിയിലെത്തിച്ചു.
ലക്ഷ്യവില 1,750
എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസാണ് ടൈറ്റന്‍ കമ്പനി (BSE: 500114, NSE: TITAN) ഓഹരികള്‍ക്ക് സെല്‍ റേറ്റിങ് നല്‍കിയിരിക്കുന്നത്. കമ്പനിയുടെ വിറ്റുവരവ് ഇടിയുന്നതും ചെലവ് ഉയരുന്നതും ചൂണ്ടാക്കാട്ടിയാണ് ഓഹരി ഒഴിവാക്കാന്‍ നിര്‍ദേശം. അടുത്ത് 12 മാസത്തിനുള്ളില്‍ ടൈറ്റന്‍ ഓഹരി 1,750 രൂപയിലേക്ക് താഴാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ വിലയിരുത്തല്‍. അതായത്, ഓഹരിയുടെ വിപണി വിലയില്‍ നിന്നും 31 ശതമാനം വരെ ഇടിയാം. വെള്ളിയാഴ്ച രാവിലെ 2,520 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന നിലവാരം 2,768 രൂപയും താഴ്ന്ന നിലവാരം 1,400 രൂപയുമാണ്.
ട്രെന്റ്
ടാറ്റ ഗ്രൂപ്പിലെ റീട്ടെയില്‍ വിഭാഗം കമ്പനിയാണ് ട്രെന്റ് ലിമിറ്റഡ് (BSE: 500251, NSE: TRENT). 1998-ല്‍ മുംബൈ കേന്ദ്രീകരിച്ചാണ് ആരംഭം. വെസ്റ്റ്‌സൈഡ്, സൂഡിയോ, ലാന്റ്മാര്‍ക്ക്, സ്റ്റാര്‍ ബാസാര്‍ എന്നീ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ പാദരക്ഷകള്‍, വസ്ത്രങ്ങള്‍, കുട്ടികളുടെ വിനോദോപാധികള്‍, സൗന്ദര്യ സംരക്ഷണം, പുസ്തകം, സംഗീതം, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയുടെ റീട്ടെയില്‍ വ്യാപാരം നടത്തുന്നു. രാജ്യത്താകമാനം 400-ലധികം ഷോറൂമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു.
ലക്ഷ്യവില 800
എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസാണ് ട്രെന്റ് ഓഹരികള്‍ സെല്‍ റേറ്റിങ് നല്‍കിയിരിക്കുന്നത്. ഓഹരിയുടെ ഉയര്‍ന്ന പിഇ റേഷ്യോയും ഓഹരിയുടെ ആദായത്തിന്മേലുള്ള (ROE) ഇടിവും അറ്റാദായം താഴുന്നതും നെഗറ്റീവ് ഘടകങ്ങളാണ്. അടുത്ത 12 മാസത്തിനുള്ളില്‍ ഓഹരി വില 800-ലേക്ക് ഇടിയാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ വിലയിരുത്തല്‍. അതായത്, നിലവിലെ വിപണി വിലയില്‍ നിന്നും 36 ശതമാനത്തോളം താഴെയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 1,240 രൂപ നിലവാരത്തിലാണ് ട്രെന്റ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന നിലവാരം 1,346 രൂപയും താഴ്ന്ന നിലവാരം 736 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പേര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications