ആഭ്യന്തര വിപണി കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. പ്രതികൂല ആഗോള ഘടകങ്ങളും പണപ്പെരുപ്പ ഭീഷണിയുമാണ് വിപണിയെ ദുര്‍ബലമാക്കുന്നത്. അതേസമയം തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും സജീവമാണ്. ഇതിനിടെ പണപ്പെരുപ്പത്തെ പ്രതിരോധിക്കുന്നതും താരതമ്യേന ചാഞ്ചാട്ടം കുറവുള്ളതുമായ ഒരു ബ്ലൂചിപ് ഓഹരിയില്‍ ഹ്രസ്വകാല നിക്ഷേപം നിര്‍ദേശിച്ച് റിലയന്‍സ് സെക്യൂരിറ്റീസ് രംഗത്തെത്തി. ടെക്‌നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയതിന് ശേഷമാണ് ബ്രോക്കറേജ് സ്ഥാപനം ഈ എനര്‍ജി വിഭാഗം ഓഹരിയെ ശുപാര്‍ശ ചെയ്തത്.
ഒഎന്‍ജിസി
രാജ്യത്ത് ഏറ്റവും ലാഭം കരസ്ഥമാക്കുന്ന പൊതുമേഖല സ്ഥാപനമാണ് ഓയില്‍ & നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ അഥവാ ഒഎന്‍ജിസി. 1956-ലാണ് ആരംഭം. മഹരത്ന പദവിയുള്ള ഈ കമ്പനി ഏറ്റവും വലിയ ഇന്ധന പര്യവേക്ഷകരും ഉത്പാദകരും കൂടിയാണ്. രാജ്യത്തിന് ആവശ്യമായ ക്രൂഡോയിലിന്റെ 57 ശതമാനവും പ്രകൃതി വാതകത്തിന്റെ 84 ശതമാനവും ഉത്പാദിപ്പിക്കുന്നു. ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് എന്ന പേരില്‍ ഉപകമ്പനിയിലൂടെ 17 വിദേശ രാജ്യങ്ങളിലായി 38 പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കുന്നു. റഷ്യയില്‍ 10 എണ്ണപ്പാടങ്ങള്‍ കൈവശമുണ്ട്. 2018-ല്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ 51 ശതമാനം ഓഹരി ഏറ്റെടുത്തിട്ടുണ്ട്.
ഓഹരി വിശദാംശം
ഒഎന്‍ജിസി ഓഹരികളുടെ 58.91 ശതമാനം കേന്ദ്രസര്‍ക്കാരിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 9.91 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 16.37 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ കമ്പനിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 2.10 ലക്ഷം കോടിയാണ്. മുടക്കമില്ലാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.16 .ശതമാനം നിരക്കിലാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 160.80 രൂപയാണെന്നതും ശ്രദ്ധേയം. ഓയില്‍ & ഡ്രില്ലിങ് മേഖലയിലെ ഓഹരികളുടെ ശരാശരി പിഇ 17.15 ആയിരിക്കുമ്പോള്‍ ഒഎന്‍ജിസിയുടേത് 4.92 നിലവാരത്തിലാണെന്നതും മാറ്റ് കൂട്ടുന്ന ഘടകമാണ്.
അനുകൂല ഘടകം
കഴിഞ്ഞയാഴ്ച ഹ്രസ്വകാല സപ്പോര്‍ട്ട് മേഖലയായ 157- 155 നിലവാരം പരീക്ഷിക്കപ്പെട്ടിതിനു ശേഷം പിന്തുണയാര്‍ജിച്ച് ഒഎന്‍ജിസി ഓഹരി തിരികെ കയറിയിരുന്നു. നേരത്തത്തെ ഫാളിങ് ട്രെന്‍ഡ്‌ലൈന്‍ ഭേദിച്ചാണ് നില്‍ക്കുന്നത്. ഓഹരിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ബുള്ളിഷ് റിവേഴ്‌സല്‍ പാറ്റേണ്‍ (പിയേര്‍സിങ് ലൈന്‍) ദൃശ്യമായിട്ടുണ്ട്. മറ്റ് ടെക്‌നിക്കല്‍ സൂചകങ്ങളും ഓഹരിയില്‍ പോസിറ്റീവ് സൂചനയാണ് നല്‍കുന്നത്. അതേസമയം അടിസ്ഥാനപരമായി വിലയിരുത്തിയാലും ഒഎന്‍ജിസി ഓഹരികള്‍ ശക്തമായ നിലയിലാണ്. കടബാധ്യതകള്‍ കുറവുള്ളതും വാര്‍ഷികാടിസ്ഥാത്തില്‍ ലാഭവും മാര്‍ജിനും വര്‍ധിക്കുന്നതും ശ്രദ്ധേയമാണ്.
സാമ്പത്തികം
കഴിഞ്ഞ 5 സാമ്പത്തിക പാദങ്ങളിലായി ഒഎന്‍ജിസിയുടെ (BSE: 500312, NSE : ONGC) വരുമാനത്തിലും ലാഭത്തിലും വളര്‍ച്ച രേഖപ്പെടുത്തുന്നു. അതേസമയം, മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ ഒഎന്‍ജിസി മികച്ച പ്രവര്‍ത്തന ഫലം കാഴ്ചവയ്ക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങളുടെ അനുമാനം. ജനുവരി- മാര്‍ച്ച് കാലയളവില്‍ കമ്പനിയുടെ അറ്റാദായം 10,365 മുതല്‍ 11,401 കോടിയായി ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം അറ്റാദായത്തില്‍ 151- 177 ശതമാനം വര്‍ധനയാവും രേഖപ്പെടുത്തുക. റഷ്യ- ഉക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നതാണ് പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്.
ലക്ഷ്യവില 194- 200
സൂചികകളില്‍ കനത്ത തിരിച്ചടി നേരിട്ട വെള്ളിയാഴ്ചയും ഒരു ശതമാനത്തിലേറെ ഉയര്‍ന്ന് 166.50 രൂപയിലാണ് ഒഎന്‍ജിസി ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 194- 200 രൂപ ലക്ഷ്യമിട്ട് വാങ്ങാമെന്ന് റിലയന്‍ സെക്യൂരിറ്റീസിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് തലവന്‍ ജതിന്‍ ഗോഹില്‍ നിര്‍ദേശിച്ചു. ഇതിലൂടെ 20 ശതമാനത്തോളം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 154 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരി 4 ശതമാനത്തോളം മുന്നേറിയിട്ടുണ്ട്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന നിലവാരം 194.95 രൂപയും താഴ്ന്ന നിലവാരം 108.50 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം റിലയന്‍സ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications