ആഗോള തലത്തില്‍ ഭീഷണിയാകുന്ന പണപ്പെരുപ്പവും വിവിധ കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്ക് വര്‍ധനയും ഡോളറിന്റെ വിനിമയ നിരക്ക് ശക്തമാകുന്നതും പോലെയുള്ള ഘടകങ്ങളാണ് വിപണിയുടെ വഴിയില്‍ പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്നത്. ഇതിനോടൊപ്പം ശമനമില്ലാതെ തുടരുന്ന വിദേശ നിക്ഷേപകരുടെ വില്‍പനയും ആഭ്യന്തര വിപണിയെ പിന്നോട്ടടിക്കുന്നു. എങ്കിലും വിവിധ ഓഹരി വിഭാഗങ്ങള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റം പ്രകടമാണ്. ഇത്തരത്തില്‍ സമീപ ഭാവിയിലേക്ക് ബുള്ളിഷ് പ്രവണത കാണിക്കുന്ന 3 സെക്ടറുകളും 9 ഓഹരികളേയും നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ആക്‌സിസ് സെക്യൂരിറ്റീസ് രംഗത്തെത്തി.
ഓട്ടോമൊബീല്‍സ്
വാഹന വിപണിയില്‍ ഉണര്‍വ് പ്രകടമാണ്. ഭൂരിപക്ഷം വിഭാഗങ്ങളിലും ഡിമാന്‍ഡ് ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ച് പാദത്തില്‍ വാഹന വിഭാഗത്തിലെ ഒട്ടുമിക്ക കമ്പനികളും പൊതുവില്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തന ഫലമാണ് കാഴ്ചവെച്ചത്. ലാഭ മാര്‍ജിനും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഉത്പന്നങ്ങളുടെ ശ്രേണി പുനഃസംഘടിപ്പിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഇതിനോടൊപ്പം നിയന്ത്രിച്ച് ചെലവിടുന്നതും ഉയര്‍ന്ന വില്‍പനയും വാഹന കമ്പനികള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചു. അതിനാല്‍ ദീര്‍ഘ കാലയളവിലേക്കുള്ള വാഹന മേഖലയുടെ സാധ്യതകളും പോസിറ്റീവ് സൂചനകളാണ് നല്‍കുന്നത്.
അടുത്തിടെ സ്റ്റീല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം കുറച്ചതും വാഹന നിര്‍മാതാക്കള്‍ക്ക് ഗുണകരമാണ്. ഇത് കമ്പനികളുടെ ലാഭ മാര്‍ജിന്‍ വര്‍ധിപ്പിക്കും. അനന്തരം ഈ കമ്പനികളുടെ വരുമാനവും മെച്ചപ്പെടുത്തും എന്നുമാണ് ആക്‌സിസ് സെക്യൂരിറ്റീസിന്റെ വിലയിരുത്തല്‍. അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ ബിഎസ്ഇ ഓട്ടോ സൂചിക 5.6 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
ടെലികോം
ഏറെ കാലത്തിനു ശേഷം കുതിപ്പിന്റെ പാതയിലേക്ക് ടെലികോം മേഖല കടന്നിരിക്കുകയാണ്. അടുത്തിടെയായി താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതും നേട്ടമാണ്. രണ്ടു ശക്തന്മാരും ഒരു ദുര്‍ബലനുമെന്ന നിലയിലേക്ക് ടെലികോം സേവന മേഖല ചുരുങ്ങിയിരിക്കുകയാണ്. കമ്പനികള്‍ക്ക് വില വര്‍ധിപ്പിക്കാനുള്ള സാഹചര്യവും ആത്മവിശ്വാസവും ഏറുന്നുണ്ടെന്നും ആക്‌സിസ് സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടുന്നു.
സ്‌പെഷ്യാല്‍റ്റി കെമിക്കല്‍സ്
പുത്തന്‍ സാധ്യതകളുമായി ഉദിച്ചുയരുന്ന മേഖലയാണ് സ്‌പെഷ്യാല്‍റ്റി കെമിക്കല്‍സ്. കോവിഡ് മഹമാരിയും ലോക്ക്ഡൗണുകളുടെയും അനന്തര ഫലമായി അസംസ്‌കൃത വസ്തുക്കള്‍ക്ക് ചൈനയിലുള്ള ആശ്രയത്വം കുറയ്ക്കുകയും പകരക്കാരന്റെ സ്ഥാനത്തേക്ക് ഇന്ത്യയെ പരിഗണിക്കുന്ന സ്ഥിതിവിശേഷമാണ് പാശ്ചാത്യ ലോകത്ത് നിന്നും കാണാനാവുന്നത്. ദീര്‍ഘകാല വിതരണ ശൃംഖല മാറ്റുന്നതിനോടൊപ്പം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ക്ക് പിന്നാലെ പ്രാധാന്യമുള്ള ചില ഘടകങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനോടൊപ്പം അസംസ്‌കൃത വസ്തുക്കളുടെ വില കുറയുന്നതിലൂടെ പ്രവര്‍ത്തന മൂലധനത്തിന്റെ ആവശ്യകത കുറയ്ക്കുവാനും ലാഭ മാര്‍ജിന്‍ ഉയര്‍ത്തുവാനും സാധിക്കും.
ഓഹരികള്‍
- ലാര്‍ജ് കാപ്- വിഭാഗത്തില്‍ നിന്നും ഐസിഐസിഐ ബാങ്ക്, ബാജാജ് ഓട്ടോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളെയാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതില്‍ നിന്നും 13- 44 ശതമാനം വരെ നേട്ടം പ്രതീക്ഷിക്കുന്നു.
- മിഡ് കാപ്- വിഭാഗത്തില്‍ നിന്നും ഫെഡറല്‍ ബാങ്ക്, വരുണ്‍ ബിവറേജസ്, അശോക് ലെയ്‌ലാന്‍ഡ് എന്നീ ഓഹരികളെയാണ് നിക്ഷേപത്തിനായി ആക്‌സിസ് സെക്യൂരിറ്റീസ് ശുപാര്‍ശ ചെയ്തത്. ഇവയില്‍ നിന്നും 10- 29 ശതമാനം ലാഭമാണ് നോട്ടമിടുന്നത്.
- സ്‌മോള്‍ കാപ്- വിഭാഗത്തില്‍ നിന്നും ഹെല്‍ത്ത്‌കെയര്‍ ഗ്ലോബല്‍ എന്റര്‍പ്രൈസസ്, പ്രാജ് ഇന്‍ഡസ്ട്രീസ്, സിസിഎല്‍ പ്രോഡക്ട്‌സ് തുടങ്ങിയ ഓഹരികളിലാണ് നിക്ഷേപത്തിന് നിര്‍ദേശിച്ചത്. ഇവയില്‍ നിന്നും 18- 58 ശതമാനം മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആക്‌സിസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications