നിക്ഷേപിച്ച തുകയുടെ പല മടങ്ങു ലാഭം തിരിച്ചു നല്കുന്ന ഓഹരികളെയാണ് മള്‍ട്ടിബാഗര്‍ സ്റ്റോക്ക് എന്ന് വിശേഷിപ്പിക്കുന്നത്. യഥാസമയം മള്‍ട്ടിബാഗര്‍ ആദായം നല്കാന് ശേഷിയുള്ള കമ്പനിയെ കണ്ടെത്തി അതിന്റെ ഓഹരിയില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ നല്ലൊരു ലാഭം ഉറപ്പുവരുത്താന്‍ സാധിക്കും. കമ്പനിയുടെ സാമ്പത്തികാടിത്തറ, വികസന പ്രവര്‍ത്തനങ്ങള്‍, നിക്ഷേപകന് കമ്പനിയിലുള്ള വിശ്വാസവുമൊക്കെ ചേരുമ്പോഴാണ് ഒരു മള്‍ട്ടിബാഗ്ഗര്‍ സ്റ്റോക്ക് ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ഒരു മള്‍ട്ടിബാഗര്‍ സ്റ്റോക്കില്‍ ഇനിയും അവസരമുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് സെന്‍ട്രം ബ്രോക്കിങ്.
മോള്‍ഡ്-ടെക് പാക്കേജിങ്
പ്ലാസ്റ്റിക് പാക്കേജിങ് മേഖലയിലെ രാജ്യത്തെ പ്രമുഖ കമ്പനിയാണ് ഹൈദരാബാദ് ആസ്ഥനമായ മോള്‍ഡ്-ടെക് പാക്കേജിങ് ലിമിറ്റഡ് (BSE: 533080, NSE: MOLDTKPAC). വായു കടക്കാവത്തവിധമുള്ള പാക്കേജിങ്ങിനു വേണ്ട പ്ലാസ്റ്റിക് ആകാരങ്ങള്‍ നിര്‍മിക്കുന്നതിന് റോബോട്ടിനെ നിയോഗിച്ച ഇന്ത്യയിലെ ഏക കമ്പനി കൂടിയാണിത്. മാത്രവുമല്ല ആഗോളതലത്തില്‍ തന്നെ പാക്കേജിങ് മേഖലയില്‍ ബാക്ക്വാര്‍ഡ് ഇന്റഗ്രേഷന്‍ നടപ്പാക്കിയ ഏക കമ്പനിയുമാണിത്. വിപണി വിഹിതം നോക്കിയാല്‍ ഈ മേഖലയിലെ കുത്തക മേധാവിത്തം മോള്‍ഡ്-ടെക് കമ്പനിക്കാണ്.
ശ്രദ്ധേയ ഘടകം
എഫ്എംസിജി വിഭാഗത്തിലെ അതികായരായ കമ്പനികളും പെയിന്റ്, ഓയില്‍ വിഭാഗങ്ങളിലെ വന്‍കിട കമ്പനികളുമാണ് പ്രധാന ഉപഭോക്താക്കള്‍. ഏഷ്യന്‍ പെയിന്റ്സ്, കന്‍സായ് നെറോലാക്, കാസ്ട്രോള്‍, അമുല്‍, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ പോലെയുള്ള വന്‍കിട കമ്പനികളൊക്കെ ഇവരുടെ പ്രധാന ഉപഭോക്താക്കളാണ്. പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും ധാരണയിലെത്തുന്നതിനൊപ്പം നിലവിലെ ഉപഭോക്താക്കളില്‍ നിന്നും തുടര്‍ കരാറുകള്‍ നേടാന്‍ സാധിക്കുന്നതും ശ്രദ്ധേയമാണ്. അടുത്തിടെ ബെര്‍ജര്‍ പെയിന്റ്സിന്റേയും മുന്‍നിര ഭക്ഷ്യ എണ്ണ, എഫ്എംസിജി കമ്പനികളുടെയും കരാറുകളും കരസ്ഥമാക്കാന്‍ സാധിച്ചിട്ടുണ്ട്. അടുത്തിടെ ഫാര്‍മ മേഖലയിലെ പാക്കേജിങ്ങിലേക്കും കടന്നിട്ടുണ്ട്.
അനകൂല ഘടകം
വിപണിയിലെ പുതിയ പ്രവണതകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ മോള്‍ഡ്-ടെക് കമ്പനിയുടെ നേതൃത്വം നിതാന്ത ജാഗ്രത പുലര്‍ത്തുന്നു. മാത്രവുമല്ല ഇത്തരം ട്രെന്‍ഡുകള്‍ സ്വാംശീകരിക്കാന്‍ കമ്പനിക്ക് സ്വന്തമായ ഗവേഷണ, വികസന കേന്ദ്രവുമുണ്ട്. ഇതിലൂടെ തനതായ ഉത്പന്നങ്ങള്‍ ചെലവ് കുറഞ്ഞ് നിര്‍മിക്കുവാനും അതാത് സമയങ്ങളില്‍ വിപണിയില്‍ അവതരിപ്പിക്കുവാനും സാധിക്കുന്നു. ഇതിലൂടെ ഉത്പന്നങ്ങളില്‍ നിന്നും ഉയര്‍ന്ന ലാഭമാര്‍ജിന്‍ നിലനിര്‍ത്താനും കഴിയുന്നത് ഇവരെ മറ്റു എതിരാളികളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു. കൂടാതെ ഉത്പദാന ശേഷി വര്‍ധിപ്പിക്കാനും ശ്രദ്ധിക്കുന്നുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തോടെ ഉന്നാവിലുള്ള സ്വന്തം ഭൂമിയില്‍ 2,500 ടണ്‍ ഉത്പാദന ശേഷിയുള്ള നിര്‍മാണ ശാലയും സജ്ജമാകും.
സാമ്പത്തികം
മോള്‍ഡ്-ടെക്കിന്റെ സാമ്പത്തികാടിത്തറ ഭദ്രമാണ്. കമ്പനിയുടെ കടബാധ്യതയും തീരെ കുറഞ്ഞ അളവിലാണുള്ളത്. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ വരുമാനം 20 ശതമാനം വര്‍ധിച്ച് 160 കോടി രൂപയായി. ഈ കാലയളവിലെ അറ്റാദായം 17 കോടി രൂപയുമാണ്. അസംസ്കൃത വസ്തുക്കളിലെ വിലക്കയറ്റം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. എങ്കിലും ഇത് മറികടക്കാമെന്നുള്ള ആത്മവിശ്വാസം കമ്പനിക്കുണ്ട്. 2013 മുതല്‍ 2021 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ 10.4- 20 ശതമാനം വരെ വര്‍ധന പ്രവര്‍ത്തന ലാഭത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നുള്ളതും ശ്രദ്ധേയം.
ലക്ഷ്യവില 850
വെള്ളിയാഴ്ച 723 രൂപ നിലവാരത്തിലാണ് മോള്‍ഡ്-ടെക് ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. സമീപ ഭാവിയിലേക്ക് 808 രൂപയാണ് ഈ ഓഹരികള്‍ക്ക് സെന്‍ട്രം ബ്രോക്കിങ് ലക്ഷ്യവിലയായി നിര്‍ദേശിച്ചിട്ടുള്ളത്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 861.70 രൂപയും കുറഞ്ഞ വില 312.05 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 10 ശതമാനത്തോളം തിരുത്തല്‍ നേരിട്ടിരുന്നു. എങ്കിലും ഒരു വര്‍ഷക്കാലയളവില്‍ 110 ശതമാനത്തിലേറെ നേട്ടം ഇതിനോടകം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സെന്‍ട്രം ബ്രോക്കിങ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എസ്ബിഐ ഫണ്ട് മാനേജ്മെന്റ് ഐപിഒ: അലോട്ട്മെന്റ് ഫലം ഇന്ന്; സ്റ്റാറ്റസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ!

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications