കോര്‍പറേറ്റ് കമ്പനികളുടെ ലയന പ്രഖ്യാപനങ്ങളോ ഏറ്റെടുക്കലുകളോ ഒക്കെ ഓഹരികളില്‍ ഹ്രസ്വകാലയളവിലേക്ക് വമ്പിച്ച പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്. സമര്‍ത്ഥരായ നിക്ഷേപകര്‍ ഇത്തരം പ്രത്യേക സന്ദര്‍ഭങ്ങളെ 'മുതലെടുക്കാന്‍' ശ്രമിക്കും. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഇന്ത്യന്‍ കോര്‍പറേറ്റ് ലോകത്തും ഒരുപിടി വമ്പന്‍ ലയന പ്രഖ്യാപനങ്ങള്‍ അരങ്ങേറിയിരുന്നു. ഇതില്‍ പ്രധാനപ്പെട്ട 7 കോര്‍പറേറ്റ് കമ്പനികളുടെ ലയനത്തിന്റെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
എച്ച്ഡിഎഫ്‌സി ബാങ്ക്- എച്ച്ഡിഎഫ്‌സി
ഇന്ത്യന്‍ കോര്‍പറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലയനങ്ങളിലൊന്നായി മാറാന്‍ പോകുന്നതാണ് ഭവന വായ്പ ദാതാവായ എച്ച്ഡിഎഫ്‌സിയും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ധനകാര്യ സ്ഥാപനവുമായ എച്ച്ഡിഎഫ്‌സി ബാങ്കും തമ്മിലുള്ള ലയനം. ഏപ്രിലിലാണ് പ്രഖ്യാപനം ഉണ്ടായത്. ഇതുപ്രകാരം റെക്കോഡ് തീയതിയില്‍ 25 എച്ച്ഡിഎഫ്‌സി ഓഹരികള്‍ കൈവശം വെച്ചിരിക്കുന്നവര്‍ക്ക് 42 എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികള്‍ പകരമായി ലഭിക്കും. നിലവില്‍ ഇരു ഓഹരികളുടേയും വിലകള്‍ തമ്മിലുള്ള അനുപാതം കൈമാറ്റ അനുപാതത്തേക്കാള്‍ 3 ശതമാനം ഡിസ്‌കൗണ്ട് നിരക്കിലാണുള്ളത്.
എസ്ടിഎഫ് & എസ്‌സിയുഎഫ്
സ്വകാര്യ മേഖലയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളയായ ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫൈനാന്‍സും ശ്രീറാം സിറ്റി യൂണിയന്‍ ഫൈനാന്‍സും തമ്മിലുള്ള ഓഹരി കൈമാറ്റ അനുപാതം 155:100 നിരക്കിലാണ്. നിലവില്‍ ശ്രീറാം സിറ്റി യൂണിയന്‍ ഫൈനാന്‍സ് ഓഹരികളും ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫൈനാന്‍സിന്റെ ഫ്യൂച്ചര്‍ കോണ്‍ട്രാക്ടിന്റേയും വില തമ്മിലുള്ള അനുപാതം ലയനത്തിന്റെ അനുപാതത്തേക്കാള്‍ 10 ശതമാനത്തോളം ഡിസ്‌കൗണ്ട് നിരക്കിലാണെന്ന് ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി.
ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ & ജെഎസ്ഡബ്ല്യൂ ഇസ്പാറ്റ്
പ്രമുഖ ഉരുക്കു നിര്‍മാണ കമ്പനികളായ ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ ലിമിറ്റഡും ജെഎസ്ഡബ്ല്യൂ ഇസ്പാറ്റ് സ്‌പെഷ്യല്‍ പ്രോഡക്ട്‌സും തമ്മിലുള്ള ലയനം കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം റെക്കോഡ് തീയതിയില്‍ 21 ജെഎസ്ഡബ്ല്യൂ ഇസ്പാറ്റ് സ്‌പെഷ്യല്‍ പ്രോഡക്ട്‌സ് ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് 1 ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ പകരമായി ലഭിക്കും. നിലവിലുള്ള ഇരു ഓഹരികളുടെ വിപണി വിലയും കൈമാറ്റ അനുപാതത്തേക്കാള്‍ 11 ശതമാനം ഡിസ്‌കൗണ്ടിലാണുള്ളതെന്ന് ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് സൂചിപ്പിച്ചു.
എല്‍ടിഐ & മൈന്‍ഡ്ട്രീ
വന്‍കിട എന്‍ജിനീയറിങ് കമ്പനിയായ ലാര്‍സണ്‍ & ട്യൂബ്രോയുടെ ഉപകമ്പനികളും ഐടി സ്ഥാപനങ്ങളുമായ എല്‍ & ടി ഇന്‍ഫോടെക്കും മൈന്‍ഡ്ട്രീ ലിമിറ്റഡും തമ്മില്‍ അടുത്തിടെ ലയനം പ്രഖ്യാപിച്ചിരുന്നു. ഇതോടെ 350 കോടി ഡോളര്‍ വരുമാനമുള്ള വമ്പന്‍ ഐടി കമ്പനിയായി മാറും. ഓഹരി കൈമാറ്റ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ 73 എല്‍ & ടി ഇന്‍ഫോടെക്ക് ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് 100 മൈന്‍ഡ്ട്രീ ഓഹരികള്‍ ലഭിക്കും.
ടാറ്റ കണ്‍സ്യൂമര്‍ & ടാറ്റ കോഫീ
ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ബിസിനസ് പുനഃസംഘടിപ്പിക്കുന്ന പദ്ധതി പ്രഖ്യാപിച്ചത്. ഇതു പ്രകാരം ടാറ്റ കോഫീയുടെ പ്ലാന്റേഷന്‍ സംരംഭം ടിസിപിഎല്‍ ബിവറേജസ് & ഫൂഡ്‌സ് ലിമിറ്റഡ് എന്ന പേരില്‍ വിഘടിപ്പിക്കും. ഇത് ടാറ്റ കണ്‍സ്യൂമറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായി മാറും. ടാറ്റ കോഫീയുടെ ശേഷിക്കുന്ന ബിസിനസാണ് ടാറ്റ കണ്‍സ്യൂമറുമായി ലയിക്കുന്നത്.
ഓഹരി കൈമാറ്റ ധാരണ പ്രകാരം 10 ടാറ്റ കോഫീ ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് 3 ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ഓഹരി വീതം ലഭിക്കും.
പിവിആര്‍ & ഐനോക്‌സ്
രാജ്യത്തെ മുന്‍നിര മള്‍ട്ടിപ്ലെക്‌സ് തിയറ്റര്‍ ശൃംഖലകളായ പിവിആര്‍ ലിമിറ്റഡും ഐനോക്‌സ് ലെയ്ഷര്‍ ലിമിറ്റഡും തമ്മില്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ലയനം പ്രഖ്യാപിച്ചത്. ഓഹരി കൈമാറ്റ ധാരണ പ്രകാരം 10 ഐനോക്‌സ് ലെയ്ഷര്‍ ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് 3 പിവിആര്‍ ഓഹരികള്‍ വീതം പകരമായി ലഭിക്കും. 9-10 മാസം കൊണ്ട് ഇരു കമ്പനികളുടേയും ലയനം പൂര്‍ത്തിയാകുമെന്നാണ് കമ്പനി നേതൃത്വം അറിയിച്ചത്.
സീ & സോണി
കഴിഞ്ഞ ഡിസംബറിലാണ് വിനോദ വ്യവസായ രംഗത്തെ അതികായരായ സോണി പിക്ചര്‍ നെറ്റ്‌വര്‍ക്ക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഇന്ത്യയിലെ മുന്‍നിര ടിവി ചാനല്‍ ശൃംഖലയായ സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസും തമ്മിലുള്ള ലയനം പ്രഖ്യാപിച്ചത്. ഇതോടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിനോദ ശൃംഖലയായി മാറും. ലയനം പൂര്‍ത്തിയായാല്‍ സീ ഓഹരികളുടെ റേറ്റിങ് പുനര്‍നിശ്ചയിക്കും.
എന്നിരുന്നാലും സീ ടിവിയുടെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ 362 രൂപവരെയാണ് സീ ഓഹരിക്ക് സമീപ ഭാവിയിലേക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവിലയെന്ന് ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications