പ്രധാന സൂചികകള്‍ ഒരു ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി കൊണ്ടാണ് പുതിയ വ്യാപാര ആഴ്ചയിലും തുടക്കമിട്ടിരിക്കുന്നത്. ആഗോള വിപണികളിലെ തിരിച്ചടിയുടെ ചുവടു പിടിച്ചാണ് ആഭ്യന്തര വിപണികളും ദുര്‍ബലമായി തുടരുന്നത്. കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ 4 ശതമാനത്തോളം നഷ്ടമാണ് പ്രധാന സൂചികകള്‍ രേഖപ്പെടുത്തിയത്. രണ്ട് ആഴ്ചയിലേറെയായി സ്ഥിരതയാര്‍ജിക്കലിന്റെ പാതയിലായിരുന്ന സൂചികകള്‍ ആര്‍ബിഐയുടെ ഭാഗത്തും നിന്നുമുണ്ടായ അപ്രതീക്ഷിത പലിശ നിരക്ക് വര്‍ധനയുടേയും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധന ഇനിയും തുടരുമെന്ന ആശങ്കയും നാലാം പാദത്തിലെ കോര്‍പ്പറേറ്റ് ഫലങ്ങള്‍ക്ക് ആവേശം സൃഷ്ടിക്കാന്‍ കഴിയാതെ പോകുന്നതിന്റേയും പശ്ചാത്തലത്തില്‍ നിര്‍ണായക സപ്പോര്‍ട്ട് നിലവാരങ്ങള്‍ തകര്‍ത്ത് താഴേക്ക് വീഴുകയായിരുന്നു.
ആഗോള വിപണികളിലെ പ്രകടനവും ലോകത്തെ പ്രധാന 6 കറന്‍സികളുമായി യുഎസ് ഡോളറിന്റെ വിനിമയം സൂചിപ്പിക്കുന്ന ഡോളര്‍ ഇന്‍ഡക്‌സിന്റെ നീക്കവും ക്രൂഡ് ഓയില്‍ വിലയും ഒക്കെയാവും ആഭ്യന്തര വിപണിയിലെ പൊതുസാഹചര്യവും നിര്‍ണയിക്കുക. വരുന്ന ബുധനാഴ്ച അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് പ്രസിദ്ധീകരിക്കുന്നുണ്ട്. ഈയാഴ്ചയില്‍ വിപണി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വാര്‍ത്തയാണിത്. ഏതെങ്കിലും രീതിയില്‍ പ്രതീക്ഷിച്ചതിലും താഴെയുള്ള നിരക്കിലാണ് പണപ്പെരുപ്പം നില്‍ക്കുന്നതെങ്കില്‍ വിപണിയില്‍ ടെക്‌നിക്കല്‍ പുള്‍ബാക്ക് റാലിക്കുള്ള സാധ്യതയേറും. നിലവില്‍ സൂചികകള്‍ ഓവര്‍സോള്‍ഡ് മേഖലയിലേക്ക് വന്നതിനാല്‍ ഏതെങ്കിലും തരത്തിലുള്ള പോസിറ്റീവ് വാര്‍ത്തകള്‍ വന്നാല്‍ ഷോര്‍ട്ട് കവറിംഗ് റാലിക്ക് തിരികൊളുത്താം.
അതേസമയം ആഭ്യന്തര വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്ന പ്രവണത മാറ്റമില്ലാതെ തുടരുകയാണ്. മേയ് 6 വരെയുള്ള കണക്കുകള്‍ പ്രകാരം 6,723.59 കോടി രൂപയുടെ വില്‍പന വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ നടത്തിക്കഴിഞ്ഞു. ആഗോള വിപണികളും ദുര്‍ബലാവസ്ഥയില്‍ തുടരുന്നതിനാല്‍ വിദേശ നിക്ഷേപകരുടെ ഭാഗത്തു നിന്നുള്ള വില്‍പനയില്‍ ശമനമുണ്ടാകാന്‍ സാധ്യതയില്ല.
എങ്കിലും വില്‍പനയുടെ തോത് കുറയുമെന്നാണ് വിലയിരുത്തല്‍. ഇതുവരെയുള്ള തിരുത്തലിന് ശേഷവും എല്ലാ ഓഹരികളും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയെന്ന് പറയാനാകില്ലെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ സൂചിപ്പിച്ചു.
എന്നാല്‍ നിലവിലെ പ്രധാന സൂചികയുടെ നിലവാരത്തില്‍ നിന്നും 5 ശതമാനം തിരുത്തല്‍ ഇനിയും സംഭവിക്കുകയാണെങ്കില്‍ വിദേശ നിക്ഷേപകര്‍ വാങ്ങുന്ന റോളിലേക്ക് മാറുമെന്നാണ് അനുമാനം. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഇനിയും വര്‍ധിപ്പിക്കാനുള്ള സാഹചര്യവും ചൈനയിലെ ലോക്ക്ഡൗണ്‍ നീണ്ടുപോകുന്നതും ഉക്രൈന്‍ യുദ്ധം അവസാനിക്കാത്തതും പോലയുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തര വിപണിയില്‍ ശക്തമായൊരു അനുകൂലമാറ്റം ഉടനടി ഉണ്ടാകാന്‍ സാധ്യതയില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ടെക്‌നിക്കല്‍ അനാലിസിസ്
പ്രധാന സൂചികയായ നിഫ്റ്റി 16,800 എന്ന നിര്‍ണായക സപ്പോര്‍ട്ട് നിലവാരം തകര്‍ത്താണ് താഴേക്ക് വീണത്. ഇതോടെ കൂടുതല്‍ വില്‍പന സമ്മര്‍ദം അഭിമുഖീകരിക്കേണ്ടി വന്നു. എന്നിരുന്നാലും 16,200- 16,000 എന്നത് തൊട്ടടുത്ത സപ്പോര്‍ട്ട് മേഖലയും നിക്ഷേപകരെ ആകര്‍ഷിക്കാവുന്ന മേഖലയുമാണ്. അതിനാല്‍ ഇവിടെ നിന്നും പുള്‍ബാക്ക് റാലി പ്രതീക്ഷിക്കാമെന്ന് സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ടിന്റെ റിസര്‍ച്ച് വിഭാഗം തലവന്‍ സന്തോഷ് മീണ അഭിപ്രായപ്പെട്ടു. എന്നാല്‍ 16,000 നിലവാരവും തകര്‍ന്നാല്‍ 15,700- 15,500 നിലവാരങ്ങളാവും സപ്പോര്‍ട്ട് മേഖല. അതേസമയം 16,650- 16,700 നിലവാരത്തില്‍ തൊട്ടടുത്ത പതിരോധവും 16,900- 17,000 നിലവാരത്തില്‍ ശക്തമായ വില്‍പന സമ്മര്‍ദവും നേരിടാം.
അതേസമയം, മേയ് 12-ന് പുറത്തുവരുന്ന വ്യാവസായിക ഉത്പാദന നിരക്കും (ഐഐപി), ഉപഭോക്തൃ സൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കും ആഭ്യന്തര വിപണി ആകാംക്ഷയോടെ വീക്ഷിക്കും. കാരണം റിസര്‍വ് ബാങ്കിന്റെ നീക്കങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുള്ള രണ്ട് നിരക്കുകളാണിത്. പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴെയായാല്‍ വിപണിയില്‍ പോസിറ്റീവ് നീക്കങ്ങള്‍ക്ക് വഴിതെളിക്കാം. ജിഎസ്ടി കളക്ഷനും വാഹന വില്‍പന ഉയര്‍ന്നു നില്‍ക്കുന്നതുമൊക്കെ ശക്തിപകരാം. എന്നാല്‍ സാഹചര്യം റിച്ചായാല്‍ വീണ്ടും വില്‍പന സമ്മര്‍ദം നേരിടാം. എങ്കിലും ഘടകങ്ങളൊക്കെ വിപണി ഉള്‍ക്കൊള്ളുന്നതിനാല്‍ കടുത്ത തിരിച്ചടിക്ക് സാധ്യതയില്ലെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ വിനോദ് നായര്‍ സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications