ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള മുന്‍നിര കോര്‍പറേറ്റ് കമ്പനികളെല്ലാം തന്നെ ജനുവരി- മാര്‍ച്ച് സാമ്പത്തിക പാദത്തിലെ പ്രവര്‍ത്തന ഫലം പ്രഖ്യാപിച്ചു കഴിഞ്ഞു. ചില കമ്പനികളുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നു. ചിലര്‍ നിരാശപ്പെടുത്തി. ഇതിനിടയിലും നിരവധി കമ്പനികള്‍ നിക്ഷേപകര്‍ക്കുള്ള ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഉടനടി ലാഭവിഹിതം നല്കുന്ന 3 ടാറ്റ ഗ്രൂപ്പ് ഓഹരികളുടെ വിശദാംശങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇരട്ട നേട്ടം
ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനുള്ള മാര്‍ഗമാണ് കമ്പനികളില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റ് അഥവാ ലാഭിവിഹിതം. അതായത്, മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം ലഭിക്കും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. അതുപോലെ ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്.
മറ്റു വശങ്ങള്
ഒരു കമ്പനി എത്രത്തോളം ലാഭ വിഹിതം ഏത് സമയത്ത് നല്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പിനയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. മാത്രവുമല്ല മാനേജ്മെന്റിന്റെ കമ്പനിയോടുള്ള പ്രതിബദ്ധതയ സംബന്ധിച്ച കാഴചപ്പാടും മെച്ചപ്പെടുന്നതിനും സഹായിക്കാറുണ്ട്. അതുപോലെ ഏതെങ്കിലും ഒരു വര്‍ഷം ഡിവിഡന്റ് പ്രഖ്യാപിച്ചതു കൊണ്ടു മാത്രം കാര്യമില്ല. എല്ലാ വര്‍ഷവും സ്ഥിരതയാര്‍ന്ന പ്രകടനം ലാഭവിഹിതം നല്കുന്നതില് കാഴ്ചവയ്ക്കുന്ന ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കമ്പനിയുടെ പ്രകടനം സ്ഥിരതയാര്‍ന്നതല്ലെങ്കില്‍ കൈ പൊള്ളിയേക്കാം.
ടാറ്റ കെമിക്കല്‍സിന്റെ കണ്‍സ്യൂമര്‍ ഉത്പന്ന വിഭാഗവും ടാറ്റ ഗ്ലോബല്‍ ബിവറേജസ് കമ്പനിയും തമ്മില്‍ ലയിപ്പിച്ചാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് രൂപീകരിച്ചത്. എഫ്എംസിജി വിഭാഗത്തിലുള്ള ഈ ലാര്‍ജ് കാപ് കമ്പനി, ഓഹരിയൊന്നിന് 6.05 രൂപ (605 %) വീതം അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 9-നാണ് നിശ്ചയിച്ചിരിക്കുന്നത്. നിക്ഷേപകരുടെ വാര്‍ഷിക പൊതുയോഗത്തിന്റെ അനുമതി തേടിയ ശേഷം 30 ദിവസത്തിനുള്ളില്‍ ലാഭവിഹിതം വിതരണം ചെയ്യും.
മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് (BSE: 500800, NSE: TATACONSUM) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.80 ശതമാനമാണ്. ചൊവ്വാഴ്ച രാവിലെ 749 രൂപയിലാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്.
ടാറ്റ കമ്മ്യൂണിക്കേഷന്‍
സോഫ്റ്റ്വയര് അധിഷ്ഠിത ശൃംഖലകളിലൂടെ ഡിജിറ്റല്‍ സേവനങ്ങള്‍ നല്കുന്ന ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍. 2002-ല്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിച്ച വിഎസ്എന്എല് ആണ് പിന്നീട് ടാറ്റ കമ്മ്യൂണിക്കേഷനായി മാറിയത്. പ്രതിയോഹരി 20.70 രൂപ വീതം (207 %) അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ഈമാസം 10-നാണ് നിശ്ചയിച്ചിരിക്കുന്നത്.
മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ടാറ്റ കമ്മ്യൂണിക്കേഷന്‍ (BSE: 500483, NSE: TATACOMM) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.21 ശതമാനമാണ്. അതേസമയം ഇന്ന് രാവിലെ 944 രൂപയിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.
വോള്‍ട്ടാസ്
എസി, റെഫ്രിജറേറ്റര്‍ നിര്‍മാതാക്കളും ഇലക്ട്രോ- മെക്കാനിക്കല്‍ മേഖലയില്‍ ഇപിസി പദ്ധതികളുടെ കരാര്‍ ഏറ്റെടുക്കുന്ന പ്രമുഖ കോണ്‍ട്രാക്ടറുമാണ് വോള്‍ട്ടാസ്. ഈ മിഡ് കാപ് കമ്പനി ഓഹരിയൊന്നിന് 5.50 രൂപ (550 %) വീതം അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 9-നാണ് തീരുമാനിച്ചിരിക്കുന്നത്.
മുടങ്ങാതെ ലാഭവിഹിതം നല്കുന്ന വോള്‍ട്ടാസ് (BSE: 500575, NSE: VOLTAS) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.55 ശതമാനമാണ്. നിക്ഷേപകരുടെ വാര്‍ഷിക പൊതുയോഗത്തില്‍ അനുമതി തേടിയ ശേഷം ലാഭവിഹിതം കൈമാറും. ഇതനിടെ ഇന്ന് രാവിലെ ഓഹരികള്‍ 990 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications