വിദ്യാഭ്യാസ വായ്പ തലവേദനയാകില്ല; ഫലപ്രദമായ തിരിച്ചടവിന് ചില എളുപ്പവഴികൾ…
നിലവിലത്തെ സാഹചര്യത്തിൽ കുടുംബ ബജറ്റിന്റെ വലിയൊരു ഭാഗവും പോകുന്നത് വിദ്യാഭ്യാസ ചെലവുകൾക്കാണ്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ലോകത്ത് ഒരു തരത്തിലും വിദ്യാഭ്യാസത്തെ മാറ്റിനിർത്താനും സാധിക്കില്ല. അതുകൊണ്ട് തന്നെ മികച്ച വിദ്യാഭ്യാസം അക്കാദമിക് വളർച്ചയ്ക്കും നൈപുണ്യ വികസനത്തിനും അത്യാവശ്യമാണ്. എന്നാൽ മാത്രമെ സുരക്ഷിതവും മികച്ചതുമായ കരിയർ കെട്ടിപടുക്കാനും ആനന്ദകരമായ ജീവിതം ആസ്വദിക്കുവാനും സാധിക്കുകയുള്ളു. വിദ്യാഭ്യാസം പോലെ തന്നെ വിദ്യാഭ്യാസ വായ്പകളും മാറ്റിനിർത്താൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
വിദ്യാഭ്യാസ വായ്പകളാണ് പലപ്പോഴും പല വിദ്യാർത്ഥികളുടെ അക്കാദമിക്, വ്യക്തിഗത, പ്രെഫഷണൽ ജീവിതവുമായി ബന്ധപ്പെട്ട വികസനത്തിന് ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നത്. വിദേശ രാജ്യങ്ങളിലടക്കം ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാർത്ഥികൾക്ക് ഇത്തരം വായ്പകൾ വിശ്വസനീയവും വിവേകപൂർണ്ണവുമായ ഒരു സാമ്പത്തിക ഉപകരണമാണ്. എന്നാൽ വിദ്യാഭ്യാസ വായ്പകൾ പലപ്പോഴും അതിന്റെ ഫലത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. കൃത്യമായ ആസൂത്രണത്തിന്റെ അപര്യാപ്തതയാണ് ഇതിന് പ്രധാന കാരണം.

വിദ്യാർത്ഥികളെ സംബന്ധിച്ചടുത്തോളം അവരുടെ സാമ്പത്തിക അച്ചടക്കത്തിലേക്കുള്ള പ്രധാന കടമ്പയാണ് വിദ്യാഭ്യാസ വായ്പകളെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കാരണം അക്കാദമിക് കാലത്ത് തന്നെ തങ്ങൾക്കായി വേണ്ടിവരുന്ന വിദ്യാഭ്യാസ ചെലവുകളെക്കുറിച്ചുള്ള ബോധ്യമുണ്ടാകുന്നു. അതിന്റെ തിരിച്ചടവിനെക്കുറിച്ചും അവർ ബോധവാന്മാരായിരിക്കും. മുടക്കമില്ലാതെയുള്ള തിരിച്ചടവ് പ്രെഫഷണൽ കാലഘട്ടത്തിന്റെ ആദ്യ സമയങ്ങളിൽ തന്നെ മികച്ച ക്രെഡിറ്റ് സ്കോറിലേക്ക് എത്താനും അവരെ സഹായിക്കും. അതിനാൽ, വിദ്യാഭ്യാസ വായ്പയെടുക്കുമ്പോൾ മുതൽ തിരിച്ചടവ് മനസിലുണ്ടാകണം. ഫലപ്രദമായ വായ്പ തിരിച്ചടവിന് ചില വഴികൾ നോക്കാം.
തിരിച്ചടവിന്റെ പ്രാധാന്യം മനസിലാക്കുക: വിദ്യാഭ്യാസം പൂർത്തിയാക്കി കരിയർ ആരംഭിക്കുമ്പോഴേക്കും ശക്തമായ സാമ്പത്തിക പശ്ചാത്തലം സൃഷ്ടിക്കുന്നതിന് വിദ്യാഭ്യാസ വായ്പകർ എത്രയും വേഗം അടച്ചുതീർക്കേണ്ടത് സുപ്രധാനമാണ്. അതേസമയം പിന്നീട് ആവശ്യമായി വരുന്ന വാഹന വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാർഡുകൾ പോലുള്ള സാമ്പത്തിക ഉൽപ്പന്നങ്ങൾ പരിഗണിക്കുമ്പോൾ അവർക്ക് മികച്ച ക്രെഡിറ്റ് സ്കോർ ലഭിക്കാനും വേഗത്തിലുള്ള തിരിച്ചടവ് സഹായിക്കും. ഇത്തരം അടിസ്ഥാനപരമായ ബോധ്യങ്ങളുണ്ടായിക്കുകയും തിരിച്ചടവ് അത്രത്തോളം പ്രധാനമാണെന്ന് മനസിലാക്കുകയും വേണം.
ശരിയായ പ്ലാനിന്റെ തിരഞ്ഞെടുപ്പ്: സുരക്ഷിതമായ സാമ്പത്തിക ഭാവിക്കായി ശരിയായ വിദ്യാഭ്യാസ വായ്പ തിരിച്ചടവ് പ്ലാൻ തിരഞ്ഞെടുക്കുന്നതിന്, വ്യക്തിഗത സാഹചര്യങ്ങളും മുൻഗണനകളും പരിഗണിക്കുന്നത് നിർണായകമാണ്. കുറ്റമറ്റ തിരിച്ചടവ് തന്ത്രം രൂപപ്പെടുത്താൻ വിദ്യാർത്ഥികളെ ഇത് സഹായിക്കുന്നു. ഇതിനായി വരവ് ചെലവ് കണക്കുകളെ അടിസ്ഥാനപ്പെടുത്തി ബജറ്റ് തയാറാക്കാം. ആവശ്യമെങ്കിൽ വിദഗ്ധ സഹായം തേടുന്നതും ഓൺലൈൻ വഴി ലഭ്യമായ ടൂളുകൾ പ്രയോജനപ്പെടുത്തുന്നതും അഭികാമ്യമായിരിക്കും.
മൊറട്ടോറിയം കാലഘട്ടത്തിലും പലിശ അടയ്ക്കാം: മറ്റ് വായ്പകളിൽ നിന്ന് വിദ്യാഭ്യാസ വായ്പയെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം തിരിച്ചടവിന് ലഭിക്കുന്ന കാലതമാസമാണ്. ഇതിനെ മൊറട്ടോറിയം എന്ന് പറയുന്നു. അതായത് ഒരു നിശ്ചത കാലത്തിന് ശേഷം മാത്രം വായ്പ തിരിച്ചടയ്ക്കാൻ ബാങ്കുകൾ നൽകുന്ന സാവകാശമാണിത്. അതേസമയം, ഇക്കാലയളവിലും പലിശ കൂട്ടും. അതിനാൽ വായ്പാ തിരിച്ചടവുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നത് വിവേകപൂർണമാണ്. മൊറട്ടോറിയം കാലയളവിൽ ലളിതമോ ഭാഗികമോ ആയ പലിശയുടെ രൂപത്തിൽ തിരിച്ചടവ് ആരംഭിക്കുന്നത് നല്ലതാണ്.
രേഖകളും നിബന്ധനകളും കൃത്യമായി വായിക്കുക: ലോൺ ഘടനയുടെ എല്ലാ രേഖകളും നിബന്ധനകളും വിശദാംശങ്ങളും വിദ്യാർത്ഥികൾ സമഗ്രമായി അവലോകനം ചെയ്യണം. ലോൺ തുക, കാലാവധി, തിരിച്ചടവ് ഓപ്ഷനുകൾ, ഇഎംഐകൾ തുടങ്ങിയ നിർണായക ഘടകങ്ങളെ കുറിച്ച് സാമ്പത്തിക ദാതാവുമായി ചർച്ചകളിൽ ഏർപ്പെടുന്നത് ഏറ്റവും ഫലപ്രദമായ തിരിച്ചടവ് തന്ത്രം രൂപപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണ്.


Click it and Unblock the Notifications


