സമീപകാല തിരിച്ചിടിയില്‍ നിന്നും വിപണി കരകയറുന്നതിന്റെ സൂചനകള്‍ ശക്തമാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 100 ഡോളറിലേക്ക് ഇറങ്ങിവന്നതും കിഴക്കന്‍ യൂറോപ്പിലെ റഷ്യ- ഉക്രൈന്‍ സംഘര്‍ഷം അയയുന്നതിന്റെ ലക്ഷണങ്ങളുമാണ് വിപണിയിലെ കുതിപ്പിനാധാരം. ഇതോടെ തിരുത്തല്‍ നേരിട്ട് ആകര്‍ഷക നിലവാരത്തിലേക്കെത്തിയ ഓഹരികളില്‍ നിക്ഷേപ താത്പര്യം പ്രകടമാണ്. ഇത്തരത്തില്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന 2 ബ്ലൂചിപ് ഫാര്‍മ ഓഹരികളാണ് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചത്.
1) ലുപിന്‍
ആഗോളതലത്തില്‍ തന്നെ ജനറിക്, ബ്രാന്‍ഡഡ് മരുന്നു നിര്‍മിക്കുന്നതിലെ മുന്‍നിര കമ്പനിയാണ് ലൂപിന്‍ ലിമിറ്റഡ്. ആസ്മ, ക്ഷയം, കുട്ടികള്‍ക്കുള്ള മരുന്നുകളും, ഹൃദ്രോഗങ്ങള്‍്, അണുബാധ, പ്രമേഹം എന്നിവയ്ക്കെതിരായ മരുന്നുകളും കമ്പനി വിപണിയിലെത്തിക്കുന്നു. ഇതിനോടൊപ്പം മരുന്ന് നിര്‍മാണത്തിന് വേണ്ട രാസ സംയുക്തങ്ങളും വന്‍ തോതില്‍ ഉത്പാദിപ്പിക്കുന്നു. പത്തിലേറെ ഉപകമ്പനികളും കമ്പനിക്ക് കീഴിലുണ്ട്. നിലവില്‍ ഓഹരികള്‍ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 40 ശതമാനത്തിലേറെ വിലക്കുറവിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
ലക്ഷ്യ വില 1,210
തിങ്കളാഴ്ച 745 രൂപ നിലവാരത്തിലാണ് ലുപിന്‍ (BSE: 500257, NSE: LUPIN) ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 1,100 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ 48 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 52 ആഴ്ചയിലെ ഓഹരികളുടെ ഉയര്‍ന്ന നിലവാരം 1267.65 രൂപയും കുറഞ്ഞ വില 678.80 രൂപയുമാണ്.
2) ഓറോബിന്ദോ ഫാര്‍മ
ജനറിക്, മരുന്ന് നിര്‍മ്മാണത്തിനുള്ള രാസ സംയുക്തങ്ങളുമാണ് കമ്പനി പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ഹൃദ്രോഗം, വിവിധ ആന്റിബയോട്ടിക്കുകള്‍, ആന്റി റിട്രോവൈറല്‍, ഉദര സംബന്ധമായ, നാഡീ രോഗങ്ങള്‍, അലര്‍ജി എന്നിവയ്‌ക്കെതിരായ മരുന്നുകളും നിര്‍മിക്കുന്നു. ഉത്പന്നങ്ങള്‍ 125-ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ആസ്ട്രസെനക്ക, ഫൈസര്‍ പോലുള്ള വമ്പന്‍ രാജ്യാന്തര മരുന്നു കമ്പനികളുമായി ബിസിനസ് പങ്കാളിത്തമുണ്ട്. വരുമാനത്തിലെ 90 ശതമാനവും കയറ്റുമതിയില്‍ നിന്നാണ് ലഭിക്കുന്നത്. നിലവില്‍ ഓഹരിയുടെ ഉയര്‍ന്ന വിലയില്‍ നിന്നും 40 ശതമാനത്തോളം വിലക്കുറവിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
ലക്ഷ്യ വില 850
തിങ്കളാഴ്ച 631 രൂപയിലാണ് ഓറോബിന്ദോ ഫാര്‍മയുടെ (BSE: 524804, NSE: AUROPHARMA) ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 850 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ 35 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 52 ആഴ്ചയിലെ ഓഹരികളുടെ ഉയര്‍ന്ന വില 1063.90 രൂപയും കുറഞ്ഞ വില 584.25 രൂപയുമാണ്. അതേസമയം, കഴിഞ്ഞ 3 വര്‍ഷമായി വരുമാനത്തില്‍ 14.9 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 12.2 ശതമാനവും വീതം വർധന രേഖപ്പെടുത്തുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും പഠനാവശ്യം നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications