സംസ്ഥാനത്തെ സ്വർണവില ആർക്കും പിടി തരാതെ മുകളിലേക്ക് ഉയരുകയാണ്. പവന്‍റെ വില വീണ്ടും 55,000 രൂപയ്ക്ക് മുകളിലേക്ക് ഉയർന്നു. 4 ദിവസം കൊണ്ട് ഒരു പവന് കൂടിയത് 1400 രൂപയാണ്. വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയർന്നാൽ ആഭരണപ്രേമികളുടെ ചങ്ക് തകരും എന്ന കാര്യം ഉറപ്പാണ്.
ഇന്നത്തെ വില
പവന് 54,920 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് പവന് 120 രൂപയും, ഗ്രാമിന് 15 രൂപയുമാണ് വില കൂടി. ഒരു പവൻ സ്വർണ്ണത്തിന് 55,040 രൂപയും, ഗ്രാമിന് 6,880 രൂപയുമാണ് ഇന്നത്തെ വില. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ സർവ്വകാല ഉയരമാണ്.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, തിങ്കളാഴ്ച്ച രാവിലെ സ്വർണ്ണം ചരിത്രത്തിലെ പുതിയ ഉയർന്ന നിലവാരങ്ങളിലാണ്. ട്രോയ് ഔൺസിന് 6.25 ഡോളർ (0.24%) ഉയർന്ന് 2,585.26 ഡോളറിലാണ് ക്ലോസിങ് നടത്തിയിരിക്കുന്നത്. ഈ വാരം നടക്കുന്ന യു.എസ് ഫെഡ് യോഗത്തിൽ പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷ ഉയർന്നതാണ് വിലയിൽ കുതിപ്പുണ്ടാക്കുന്നത്.
ഒരു പവൻ വാങ്ങാൻ
സ്വർണവില ഉയർന്ന സാഹചര്യത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരും എന്ന് പരിശോധിക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 60,000 രൂപ നൽകേണ്ടി വരും.

വീട്ടിൽ സ്വർണ്ണം സൂക്ഷിക്കുന്നതിനുള്ള പരിധി
ഇന്ത്യാ ഗവൺമെൻ്റിൻ്റെ ആദായനികുതി ചട്ടങ്ങൾ പ്രകാരം, സ്വർണ്ണം വീട്ടിൽ സൂക്ഷിക്കുന്നതിന് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഈ പരിധി സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമാണ്. മാത്രമല്ല, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് നിയമങ്ങൾ അനുസരിച്ച് ഒരു വ്യക്തിയുടെ കൈവശം എത്ര സ്വർണം ഉണ്ടെങ്കിലും അത് എങ്ങനെ ലഭിച്ചു എന്നതിൻ്റെ തെളിവ് കൂടി അയാളുടെ പക്കലുണ്ടാകണം.
സ്ത്രീകൾക്ക് എത്ര സ്വർണം സൂക്ഷിക്കാം..?
ആദായനികുതി നിയമപ്രകാരം വിവാഹിതരായ സ്ത്രീകൾക്ക് 500 ഗ്രാം സ്വർണം കൈവശം വയ്ക്കാം. അവിവാഹിതരായ സ്ത്രീകൾക്ക് ഈ പരിധി 250 ഗ്രാമായി നിലനിർത്തിയിട്ടുണ്ട്. അതേസമയം, പുരുഷന്മാർക്ക് 100 ഗ്രാം സ്വർണം മാത്രമേ സൂക്ഷിക്കാൻ അനുവാദമുള്ളൂ.
പാരമ്പര്യമായി ലഭിച്ച സ്വർണത്തിന് നികുതിയുണ്ടോ..?
സ്വർണം പാരമ്പര്യമായി ലഭിച്ചതാണെങ്കിൽ, അതിന് നികുതിയില്ല. മാത്രമല്ല, നിശ്ചിത പരിധിക്കുള്ളിൽ കണ്ടെത്തിയ സ്വർണാഭരണങ്ങൾ പിടിച്ചെടുക്കാൻ അധികൃതർക്ക് കഴിയില്ല.

20 വർഷം കൂടിയത് അരലക്ഷം രൂപ
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം 2024 മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ 50,000 രൂപയുടെ വർധനവാണ് സ്വർണ വിലയിലുണ്ടായത്. 2005 ഓക്ടോബർ മാസത്തെ പവന്റെ വില 5,040 രൂപയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം 2008 ഒക്ടോബർ മാസം സ്വർണ വില 10,000 കടന്നു. 2010-ൽ വില 15,000 രൂപയും 2011 ഓഗസ്റ്റ് മാസത്തിൽ വില 20,000 രൂപയും കടന്നു.
പവന്റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്റെ വില അരലക്ഷം രൂപയും കടന്നു.


Click it and Unblock the Notifications