പ്രതികൂല ആഗോള സൂചനകളും വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പ്പനയുമാണ് ആഭ്യന്തര വിപണികളെ വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് തള്ളിവിട്ടത്. ഇതിനിടെയില്‍ ഏറ്റവും കൂടുതല്‍ തിരുത്തല്‍ നേരിട്ടത് ഐടി വിഭാഗം ഓഹരികളിലായിരുന്നു. പുതുതലമുറ ടെക് കമ്പനികള്‍ നേരിടുന്ന തിരിച്ചടികളുടെ അലയൊലികള്‍ ഐടി ഓഹരികളിലേക്കും പ്രതിധ്വനിച്ചതാണ് തിരുത്തലിന് കാരണം. എന്നാല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും മികച്ച പ്രകടനവും ഭാവി വളര്‍ച്ചാ സാധ്യതകള്‍ നിലനിര്‍ത്തുന്നതുമായ ഓഹരികള്‍ വീണ്ടും ഉയരങ്ങളിലേക്ക് എത്തുമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു മിഡ് കാപ് ഐടി സ്റ്റോക്കില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് രംഗത്തെത്തി.

സെന്‍സാര്‍ ടെക്‌നോളജീസ്
രാജ്യത്തെ മുന്‍നിര ഐടി കമ്പനികളിലൊന്നാണ് സെന്‍സാര്‍ ടെക്‌നോളജീസ്. മഹാരാഷ്ട്രയിലെ പൂനെയാണ് ആസ്ഥാനം. സോഫ്റ്റ്വെയര്‍ വികസനം മുതല്‍ ബിസിനസ് പ്രോസസ് ഔട്ട് സോഴ്‌സിംഗ് വരെയും കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ മുതല്‍ പദ്ധതി നിര്‍വഹണം വരെയുള്ള വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ എല്ലാത്തരം സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. നോളജ് മാനേജ്‌മെന്റ് സര്‍വീസസ്, റിമോട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റ് ആന്‍ഡ് ടെസ്റ്റിംഗ്, സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷന്‍ പ്ലാനിങ്, പോര്‍ട്ട്‌ഫോളിയോ ബില്‍ഡിംഗ്, മൈഗ്രേഷന്‍ ആന്‍ഡ് സപ്പോര്‍ട്ട് എന്നീ വിഭാഗങ്ങളിലും കമ്പനിയുടെ സേവനം ശ്രദ്ധേയമാണ്.
Also Read: പലിശ നിരക്കൊക്കെ മാറിയേക്കാം; ഇനി ബാങ്ക് ഓഹരികളാണോ സുരക്ഷിതം? ഇതാ സര്വേ ഫലം

ശ്രദ്ധേയ ഘടകം
മൂന്നാം പാദത്തില്‍ സെന്‍സാര്‍ ടെക്‌നോളജീസിന്റെ വരുമാനം വിപണി പ്രതീക്ഷിച്ച നിലവാരത്തിലായിരുന്നു. അതേസമയം, ലാഭത്തിന്റെ മാര്‍ജിനും ഡിസംബര്‍ കാലയളവില്‍ മികച്ച കരാറുകള്‍ നേടാന്‍ സാധിച്ചതും ശ്രദ്ധേയ നേട്ടമാണ്. ഇതിനു പുറമേ കമ്പനിയുടെ ചില ഉപവിഭാഗങ്ങള്‍ സമീപ ഭാവയില്‍ പ്രകടനം മെച്ചപ്പെടുത്താനും സാധ്യത തെളിയുന്നു. ധനകാര്യ/ റീട്ടെയില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വിഭാഗവും മികച്ച നേട്ടം കരസ്ഥമാക്കുന്നുണ്ട്. സബ് കോണ്‍ട്രാക്റ്റുകള്‍ കൊടുക്കുന്നതിനാലും ജീവനക്കാരുടെ ചെലവും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ ജീവക്കാരെ നിയമിക്കുന്നതിലൂടെ സബ് കോണ്‍ട്രാക്റ്റുകളുടെ ചെലവ് ഒഴിവാക്കാമെന്നും കമ്പനി കണക്കുക്കൂട്ടുന്നു.

മൂന്നാം പാദഫലം
ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍, സെന്‍സാര്‍ ടെക്‌നോളജീസിന്റെ സംയോജിത വരുമാനം 1,126.60 കോടി രൂപയാണ്. ഇത് രണ്ടാം പാദത്തിലെ വരുമാനത്തേക്കാള്‍ 4.95 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദവുമായി താരതമ്യം ചെയ്യുമ്പോഴുള്ള വളര്‍ച്ച 19.95 ശതമാനമാണ്. അതേസമയം, മൂന്നാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 92.40 കോടി രൂപയാണ്.
Also Read: എല് & ടി ഗ്രൂപ്പിലെ ഈ കുഞ്ഞന് ഓഹരിയില് നേടാം 33% ലാഭം; നോക്കുന്നോ?

ലക്ഷ്യവില 613
വ്യാഴാഴ്ച 402.55 രൂപ നിലവാരത്തിലാണ് സെന്‍സാര്‍ ടെക്‌നോളജീസിന്റെ (BSE: 504067, NSE : ZENSARTECH) ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. ഇവിടെ നിന്നും 600 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ നിക്ഷേപത്തിനായി പരിഗണിക്കാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത ഒരു വര്‍ഷത്തിനകം 50 ശതമാനത്തോളം നേട്ടം കരസ്ഥാമക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.