ഈ വര്‍ഷം തുടക്കം ഗംഭീരമായിരുന്നെങ്കിലും പിന്നീട് വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വഴുതി മാറി. നിലവില്‍ സര്‍വകാല റെക്കോഡ് നിലവാരത്തില്‍ നിന്നും 8 ശതമാനം മാത്രം താഴെയാണ് പ്രധാന സൂചികകള്‍ നില്‍ക്കുന്നതെങ്കിലും ഭൂരിഭാഗം ഓഹരികളും ഇരട്ടിയിലേറെ തിരുത്തല്‍ നേരിട്ടു. എന്നാല്‍ വിപണിയില്‍ തിരിച്ചടി നേരിടുന്ന സമയത്തും 40 ശതമാനത്തോളം മുന്നേറിയ സ്മോള്‍ കാപ് മള്‍ട്ടിബാഗര്‍ ഓഹരിയില്‍ ദീര്‍ഘകാല നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഇഎം സെക്യൂരിറ്റീസ് രംഗത്തെത്തി.
ഗ്രാവിറ്റ ഇന്ത്യ
രാജ്യത്തെ ഏറ്റവും വലിയ ഈയം (ലെഡ്) നിര്‍മാതാക്കളാണ് ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാവിറ്റ ഇന്ത്യ ലിമിറ്റഡ്. 1992-ലാണ് തുടക്കം. പ്രധാനമായും നാല് മേഖലകളിലാണ് കമ്പനിയുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. ഈയം, അലുമിനീയം, പ്ലാസ്റ്റിക് എന്നിവയുടെ പുനചംക്രമണവും പദ്ധതികള്‍ പൂര്‍ത്തീകരിച്ച കൈമാറുന്നതിലുമാണ് പ്രധാന സംരംഭങ്ങള്‍. ഇതിലൂടെ ഈയ സങ്കരങ്ങളും ലിഥാര്‍ജ്, റെഡ് ലെഡ്, ലെഡ് സബ്- ഓക്‌സൈഡ് തുടങ്ങിയവും ഉത്പാദിപ്പിക്കുന്നു. ഇതിനോടൊപ്പം ഉപയോഗിച്ച ബാറ്ററികളുടെ പുനചക്രംമണവും ഈയം അടങ്ങിയ ഉത്പന്നങ്ങളുടേയും കേബിളിന്റെയും അവശിഷ്ടങ്ങളും കൈകാര്യം ചെയ്യുന്നു.
അനുകൂല ഘടകങ്ങള്‍
2022-24 സാമ്പത്തിക വര്‍ഷങ്ങളിലും കമ്പനിയുടെ വരുമാനം 25 ശതമാനവും ലാഭം 35 ശതമാനം വീതവും വാര്‍ഷിക വളര്‍ച്ച നേടുമെന്ന അനുമാനം. പ്രാരംഭ ഘടത്തില്‍ പ്രാദേശിക വിപണിയെ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനമെങ്കിലും കാലക്രമേണ രാജ്യത്തിനകത്തും പുറത്തേക്കും ബിസിനസ് വ്യാപിപ്പിച്ചത് ശ്രദ്ധേയമാണ്. നിലവില്‍ 20 രാജ്യങ്ങളില്‍ നിന്നും ഈയം അടങ്ങിയ അവശിഷ്ടങ്ങള്‍ പുനചക്രമണത്തിനായി ശേഖരിക്കുന്നുണ്ട്. ലെഡ്-ആസിഡ് ബാറ്ററിക്ക് വേണ്ട അസംസ്‌കൃത വസ്തുക്കളാണ് ഇതിലൂടെ ഉത്പാദിപ്പിക്കുന്നത്. കൂടാതെ, ഗുജറാത്തിലെ മുദ്രയില്‍ 24,000 ടണ്‍ ശേഷിയുള്ള ഒരു പ്ലാന്റ് സജ്ജമാക്കുകയും മറ്റൊന്ന് അടുത്ത വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്യും. ചിറ്റൂരിലും വിദേശത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലും ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതും ഗ്രാവിറ്റ ഇന്ത്യയുടെ ഭാവി വളര്‍ച്ചയ്ക്ക് ഗുണകരമാണ്.
സാമ്പത്തികം
ഗ്രാവിറ്റ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ശരാശരിക്കും മുകളിലാണുള്ളത്. കഴിഞ്ഞ 3 വര്‍ഷമായി കമ്പനിയുടെ വരുമാനത്തില്‍ 11.6 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 8.1 ശതമാനവും അറ്റാദായത്തില്‍ 6 ശതമാനം വീതവും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ ആകെ വരുമാനം 557 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 49% വര്‍ധനയാണ്. മൂന്നാം പാദത്തിലെ അറ്റാദായം 39 കോടിയുമാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 150% വര്‍ധനയാണ്. പ്രതിയോഹരി വരുമാനം 2.33 രൂപയില്‍ നിന്നും 5.81-ലേക്കും ഉയര്‍ന്നു.
ഓഹരി വിശദാംശം
ഗ്രാവിറ്റ ഇന്ത്യയുടെ (BSE: 533282, NSE- BE: GRAVITA) ഓഹരികളില്‍ 73 ശതമാനവും പ്രമോട്ടറിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 1.38 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 23.47 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ ഓഹരിയുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ 2,421 കോടി രൂപയാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.86 ശതമാനവും പ്രതിയോഹരി ബുക്ക് വാല്യു 40.26 നിരക്കിലുമാണ്. നോണ്‍- ഫെറസ് മെറ്റല്‍ വിഭാഗത്തിലെ ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 47.22 ആയിരിക്കുമ്പോള്‍ ഗ്രാവിറ്റ ഇന്ത്യയുടേത് 20.28 ആണെന്നതും ശ്രദ്ധേയം.
ലക്ഷ്യവില 600
ബുധനാഴ്ച രാവിലെ ഗ്രാവിറ്റ ഇന്ത്യ ഓഹരികള്‍ 348 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 600 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഇഎം സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ രണ്ട് വര്‍ഷത്തിനുള്ളില്‍ 72 ശതമാനത്തോളം ലാഭം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. അതേസമയം 52 ആഴ്ചയിലെ ഓഹരികളുടെ കൂടിയ വില 398 രൂപയും കുറഞ്ഞ വില 81 രൂപയുമാണ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിനുള്ളില്‍ 250 ശതമാനത്തോളം നേട്ടം ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഇഎം സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications