ഈവര്‍ഷം ഇതുവരെയായി ആഭ്യന്തര ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലൂടെയാണ് നീങ്ങുന്നത്. 2021 ഒക്ടോബറില്‍ റെക്കോഡ് നിലവാരം രേഖപ്പെടുത്തിയ ശേഷം പുതിയ സര്‍വകാല റെക്കോഡ് കുറിക്കാന്‍ പ്രധാന സൂചികകള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടയില്‍ നേരിട്ട അതിവേഗത്തിലുള്ള കയറ്റവും ഇറക്കവുമൊക്കെ സാധാരണക്കാരായ നിക്ഷേപകരെ പിടിച്ചുലച്ചിട്ടുണ്ട്.
ഇനിയെന്നാകും ഓഹരി വിപണി സ്ഥിരതയാര്ജിക്കുക, അടുത്ത ബുള്‍ തരംഗം എപ്പോള്‍ ആരംഭിക്കും എന്നിങ്ങനെ പോകുന്നു റീട്ടെയില്‍ നിക്ഷേപകരുടെ ചിന്തകള്‍. വിപണിയില്‍ നേരിടേണ്ടിവന്ന ചാഞ്ചാട്ടത്തിന്റെ പ്രതിഫലനമാണിത്. അതേസമയം തിരുത്തലിനിടെ ഒരുകൂട്ടം നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിത്തുടങ്ങിയപ്പോള് മറ്റ് ചിലരാകട്ടെ സമീപഭാവിയില്‍ വാങ്ങാമെന്ന ചിന്തയോടെ കാത്തിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷത്തേക്ക് മികച്ച പ്രകടനം പുറത്തെടുക്കാവുന്ന ഓഹരികളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഘടകങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
കടം
ഒരു കമ്പനിയുടെ കടബാധ്യത എത്രയുണ്ടെന്ന് വിലയിരുത്തുകയാണ് ഓഹരിയെ തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പ്. ഒന്നുകില്‍ യാതൊരുവിധ കടബാധ്യതകളും ഇല്ലാത്തവയെയോ അല്ലെങ്കില്‍ കുറഞ്ഞ തോതില്‍ മാത്രം കടങ്ങളുള്ള കമ്പനികളെയോ പരിഗണിക്കുന്നതാവും ഉചിതം. അടിസ്ഥാനപരമായി ശക്തമായ മിക്ക കമ്പനികളും കടബാധ്യത ഇല്ലാത്തവയാണ്. എന്നിരുന്നാലും കടബാധ്യത സ്ഥിരതയോടെ കുറച്ചു കൊണ്ടുവരുന്ന കമ്പനികളെയും തെരഞ്ഞെടുക്കാം. പണപ്പെരുപ്പവും ഉയരുന്ന പലിശ നിരക്കിന്റേയും സാഹചര്യത്തില്‍ കടബാധ്യതയുള്ള കമ്പനികള്‍ക്ക് സമ്മര്‍ദമേറും.
ഡിവിഡന്റ്
ഉയര്‍ന്ന ലാഭവിഹിതം നല്കുന്ന കമ്പനികള്‍ പൊതുവെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നവയായിരിക്കും. ഇത്തരം കമ്പനികള്‍ക്ക് സ്ഥായിയായ വരുമാനവും അവരുടെ സംരംഭങ്ങളില്‍ കുറഞ്ഞ തോതില്‍ മാത്രം തുടര്‍ നിക്ഷേപവും മതിയാവും. അതേസമയം കഴിഞ്ഞകാല ചരിത്രം നോക്കിയാല്‍ 'ബെയര്‍ മാര്‍ക്കറ്റ്' സാഹചര്യങ്ങളില്‍ ഉയര്‍ന്ന ഡിവിഡന്റ് നല്കുന്ന കമ്പനികള്‍ മറ്റുള്ളവയേക്കാള്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ളതായും കാണാനാകും. കൂടാതെ ഒരു കമ്പനി എത്രത്തോളം ലാഭവിഹിതം ഏതു സമയത്ത് നല്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയും കമ്പനിയുടെ നേതൃത്വത്തിന് ഓഹരിയുടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും.
അതേസമയം ഏതെങ്കിലും ഒരു വര്‍ഷം ഉയര്‍ന്ന ഡിവിഡന്റ് പ്രഖ്യാപിച്ചതു കൊണ്ടു ഗുണമില്ല. എല്ലാ വര്‍ഷവും സ്ഥിരതയാര്‍ന്ന നിലയില്‍ ലാഭവിഹിതം നല്കുന്ന ഓഹരികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കമ്പനിയുടെ മൊത്തത്തിലുള്ള പ്രകടനം സ്ഥിരതയാര്‍ന്നതല്ലെങ്കില്‍ കൈ പൊള്ളിയേക്കാം. ലാഭവിഹിതം കൂടിയതു കൊണ്ടാണോ ഓഹരി വില ഇടിഞ്ഞതുകൊണ്ടാണോ ഡിവിഡന്റ് യീല്‍ഡ് കുത്തനെ ഉയര്‍ന്നതെന്ന് വിശകലനം ചെയ്ത് ബോധ്യപ്പെട്ടതിനു ശേഷം മാത്രം വാങ്ങുന്നതിന്റെ തീരുമാനമെടുക്കുക.
വളര്‍ച്ച
വിപണി തിരുത്തലിന്റെ പാതയിലൂടെ നീങ്ങുമ്പോഴും കമ്പനിയുടെ വിറ്റുവരവും ലാഭവും ഉയരുന്ന ഓഹരികള്‍ക്ക് വന്‍ ഡിമാന്റായിരിക്കും. ഉയര്‍ന്ന വരുമാനവും ലാഭവും നേടുന്ന കമ്പനികളെ പരിഗണിക്കുക. ഉയര്‍ന്ന വളര്‍ച്ച പ്രതിയോഹരി വരുമാനത്തേയും ഉയര്‍ത്തും. ഇതോടെ ഓഹരികള്‍ മൂല്യമതിപ്പിന്റെ (Valuatiosn) അടിസ്ഥാനത്തിലും ചെലവ് കുറഞ്ഞതായി മാറും. വിപണി തകര്‍ച്ച നേരിടുന്ന ഘട്ടങ്ങളില്‍ മേല്‍സൂചിപ്പിച്ച സവിശേഷതകളുള്ള ഓഹരികളെയാവും വന്‍കിട നിക്ഷേപകര്‍ കൂടുതലായും റാഞ്ചുന്നത്. ഉയര്‍ന്ന വളര്‍ച്ച പ്രകടിപ്പിക്കുന്ന ഓഹരികളുടെ പിഇ അനുപാതവും ഉയര്‍ന്നിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ തിരുത്തല്‍ നേരിടുന്നവരെ കാത്തിരിക്കുന്നതും ഉചിതമായിരിക്കും.
പൂര്‍വ ചരിത്രം
കമ്പനിയുടേയും ഓഹരിയുടേയും പൂര്‍വകാല പ്രകടനത്തിന്റെ ചരിത്രം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനോടകം ഓഹരി വില കുത്തനെ കയറിയിട്ടുള്ളതാണെങ്കില് അടിസ്ഥാനപരമായ മികവ് കൊണ്ടാണോ അതോ ഏതെങ്കിലും ഊഹാപോഹങ്ങള്‍ കാരണമാണോ എന്നത് വിലയിരുത്തണം. ഓഹരിയുടെ വില ഉയരാന്‍ കാരണം അടിസ്ഥാന ഘടകങ്ങള്‍ മെച്ചപ്പെട്ടതു കൊണ്ടാണെങ്കില്‍, നിലവിലും ആ ഘടകങ്ങള്‍ നിലവാരം പുലര്‍ത്തുന്നുണ്ടെങ്കില്‍ അതൊരു മള്‍ട്ടിബാഗര്‍ ഓഹരിയായി മാറാം.
റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി
അടിസ്ഥാനപരമായി ഉയര്‍ന്ന നിലവാരമുള്ള ഓഹരികള്‍ 'ചുളുവിലയ്ക്ക്' വാങ്ങുവരാണ് വിപണിയില്‍ നിന്നും നിക്ഷേപത്തിലൂടെ കാശുവാരുന്നതില്‍ മുന്‍പന്തിയിലുള്ളത്. ഇതില്‍ അടിസ്ഥാനപരമായ കമ്പനിയുടെ മികവ് ഓഹരിയിന്മേലുള്ള ആദായവും (RoE) മൂലധന വിനിയോഗത്തിന്മേലുള്ള ആദായവും (RoCE) പരിഗണിക്കുമ്പോള്‍ മനസിലാക്കാനാകും. പൊതുവില്‍ ഈ രണ്ട് നിരക്കും 20 ശതമാനത്തിന് മുകളില്‍ നിലനിര്‍ത്തുന്ന കമ്പനികളെയാണ് 'ക്വാളിറ്റി സ്റ്റോക്ക്സ്' അഥവാ മികച്ച ഓഹരികളായി പരിഗണിക്കുന്നത്.
അതേസമയം മൂല്യമതിപ്പ് അഥവാ ഗുണമേന്മയുടെ ആനുപാതികമായി ലഭിക്കേണ്ട വില നിലവാരത്തില്‍ നിന്നും താഴെ നില്ക്കുന്ന ഓഹരികളെയാണ് വിലക്കുറവിലുള്ളതായി (Cheap) പരിഗണിക്കുന്നത്. ഇതിന് നിക്ഷേപകര്‍ പ്രാഥമികമായ ആശ്രയിക്കുന്ന മാര്‍ഗമാണ് പ്രൈസ് ടു ഏര്‍ണിങ് റേഷ്യോ അഥവാ പിഇ റേഷ്യോ. കമ്പനിയുടെ ഓരോ രൂപ വരുമാനത്തിനും എത്ര മടങ്ങ് വില നല്കാന് നിക്ഷേപകര്‍ തയാറാകുന്നുവെന്ന സൂചനയാണ് പിഇ മള്‍ട്ടിപ്പിള്‍ നല്‍കുക.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications