സമീപകാലത്തെ താഴ്ന്ന നിലവാരത്തില്‍ നിന്നും രണ്ടാഴ്ചയ്ക്കുള്ളിലാണ് പ്രധാന സൂചികകള്‍ 9 ശതമാനത്തോളം തിരിച്ചു പിടിച്ചത്. ഇതോടെ സെന്‍സെക്‌സ് നിര്‍ണായക നിലവാരമായ 60,000 പിന്നിട്ടു. നിഫ്റ്റി 18,000-നും തൊട്ടടുത്തെത്തി. ഇനി സര്‍വാകല റെക്കോഡുകള്‍ വീണ്ടും തിരുത്തിക്കുറിക്കുമെന്ന ലക്ഷണങ്ങള്‍ വെളിവാക്കിത്തുടങ്ങി. ഇതോടെ, അടിസ്ഥാനപരമായി മികച്ച ഓഹരികളില്‍ നിക്ഷേപ താത്പര്യം ദൃശ്യമാണ്. ഇതിനിടെ, സാമ്പത്തിക ഭദ്രതയുള്ളതും കൃത്യമായി മുടങ്ങാതെ ലാഭവിഹിതവും നല്‍കാറുള്ള ഒരു പൊതുമേഖലാ ലാര്‍ജ് കാപ് സ്റ്റോക്ക് സമീപ ഭാവിയിലേക്ക് വാങ്ങാമെന്ന നിര്‍ദേശവുമായി ബ്രോക്കറേജ് സ്ഥാപനം ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
കോള്‍ ഇന്ത്യ
കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള, മഹാരത്‌ന പദവിയുള്ള കോള്‍ ഇന്ത്യ ലിമിറ്റഡ് 1975-ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. 2020-ലെ കണക്കുകള്‍ പ്രകാരം കോള്‍ ഇന്ത്യയുടെ ഉടമസ്ഥതയില്‍ 352 ഖനികളുണ്ട്. ഇന്ത്യയിലെ മൊത്തം കല്‍ക്കരിയുടെ 83 ശതമാനവും ഉത്പാദിപ്പിക്കുന്നതും കമ്പനിയാണ്. രാജ്യത്ത് കല്‍ക്കരി വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരെയൊരു കമ്പനിയാണ് കോള്‍ ഇന്ത്യ. കോക്കിംഗ് കല്‍ക്കരി, നോണ്‍-കോക്കിംഗ് കല്‍ക്കരി, മിഡ്ലിങ് തുടങ്ങി നിരവധി ഇനത്തിലുള്ള കല്‍ക്കരികള്‍ കമ്പനി നിര്‍മിക്കുന്നു. വന്‍കിട താപവൈദ്യുത നിലയങ്ങള്‍, സ്റ്റീല്‍, സിമന്റ് നിര്‍മാണ കമ്പനികളാണ് കോള്‍ ഇന്ത്യയുടെ ഉപഭോക്താക്കള്‍. കമ്പനിയുടെ സാമ്പത്തികാടിത്തറ ശക്തവും ഭദ്രവുമാണ്.
അനുകൂല ഘടകം
മൂന്നാം സാമ്പത്തിക പാദത്തിലെ കോള്‍ ഇന്ത്യയുടെ ഉത്പാദനം 4,818 ലക്ഷം ടണ്‍ ആണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 12.8 ശതമാനം വര്‍ധനവാണ്. സര്‍വകാല റെക്കോഡ് നിലവാരമാണിത്. ഊര്‍ജ ഉപഭോഗത്തിലെ വര്‍ധന, താപവൈദ്യുത നിലയങ്ങളിലെ റിസര്‍വ് ശേഖരം കുറവായിരുന്നത്, എനര്‍ജി എക്‌സ്‌ചേഞ്ചുകളിലെ ഉയര്‍ന്ന നിരക്ക്, ആഗോള തലത്തിലും കല്‍ക്കരി വില ഉയര്‍ന്നു നിന്നത്, പുനരുപയോഗ ഊര്‍ജത്തിന്റെ അളവ് ഇപ്പോഴും വളരെ കുറവായത് പോലെയുള്ള ഘടകങ്ങളാണ് വമ്പന്‍ ഉത്പാദനം നടത്തിയത്.
വരുമാന വളര്‍ച്ച
നിലവിലെ രീതിയില്‍ പോയാല്‍ കോള്‍ ഇന്ത്യയുടെ വാര്‍ഷിക ഉത്പാദന ലക്ഷ്യമായ 6,600 ലക്ഷം ടണ്‍ 15 % വാര്‍ഷിക വളര്‍ച്ചയോടെ കൈവരിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം. ഇന്തോനേഷ്യയിലെ വിതരണം തടസപ്പെട്ടിരിക്കുന്നത് ആഗോള തലത്തിലും കല്‍ക്കരി വില ആഭ്യന്തര വിപണികളേക്കാള്‍ 50 ശതമാനത്തിലധികം ഉയര്‍ത്തി നിര്‍ത്തുന്നു. ഇതൊക്കെ കൊണ്ടു തന്നെ ആഭ്യന്തര ഉപഭോക്താക്കള്‍ ഇറക്കുമതിയെ ആശ്രയിക്കില്ല. ഇതൊക്കെ സമീപാകല വരുമാനത്തില്‍ ഗുണപരമായി പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.
ശ്രദ്ധേയ ഘടകം
കൂടാതെ, ഓണ്‍ലൈന്‍ ലേലത്തിലൂടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വിലയും വര്‍ധിക്കുന്ന വിറ്റുവരവും ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രവര്‍ത്തന മൂലധനവും ഉത്പന്നങ്ങള്‍ വേഗത്തില്‍ വിറ്റുതീരുന്നതും സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കോള്‍ ഇന്ത്യയുടെ (BSE : 533278, NSE : COALINDIA) സ്ഥിതി കൂടുതല്‍ മെച്ചത്തിലാക്കും. കല്‍ക്കരിയുടെ ആവശ്യകത വര്‍ധിക്കുന്നതും പ്രധാന ഉപകമ്പനികളെല്ലാം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യവും കമ്പനിയെ മികച്ച നിലയിലെത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ഇനിയും ഡിവിഡന്റ്
നിലവില്‍ കോള്‍ ഇന്ത്യ കമ്പനി മാനേജ്‌മെന്റ് പ്രഖ്യാപിച്ചത് ഇടക്കാല ലാഭവിഹിതമാണ്. അതിനാല്‍, നടപ്പ് സാമ്പത്തിക വര്‍ഷം തീരുന്നതിനു മുമ്പ് വീണ്ടും ലാഭവിഹിതം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ധനകമ്മി പരിഹരിക്കുന്നത് ലക്ഷ്യമിട്ട് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും ഉയര്‍ന്ന ലാഭവിഹിതം ആവശ്യപ്പെടാറുണ്ട്. അങ്ങനെയെങ്കില്‍ രണ്ടാം ഘട്ട ലാഭവിഹിതവും കൂടി ചേരുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷം മികച്ച ലാഭവിഹിതം തന്നെ ലഭിക്കാം. ചുരുങ്ങിയത് ഓഹരിയൊന്നിന് 18 രൂപ വരെ ഡിവിഡന്റ് ലഭിച്ചേക്കാം. പ്രത്യേകിച്ചും ഇടക്കാല ലാഭവിഹിതം 9 രൂപ നല്‍കിയിട്ടുള്ളതിനാലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തികം
കഴിഞ്ഞ തവണ പുറത്തുവിട്ട പ്രവര്‍ത്തന ഫലങ്ങള്‍ അത്ര മികച്ചതായിരുന്നില്ല. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 23,291 കോടി രൂപയാണ് വരുമാനം. ആദ്യ പാദത്തിലിത് 25,282 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭം 2,937 കോടി രൂപയുമാണ്. എങ്കിലും ഇനി വരുന്ന സാമ്പത്തിക പാദങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാനുള്ള സാധ്യതയുണ്ടെന്നും ബ്രോക്കറേജ് സ്ഥാപനം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ലക്ഷ്യ വില 234
ബുധനാഴ്ച 153.70 രൂപ നിലവാരത്തിലാണ് കോള്‍ ഇന്ത്യയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും അടുത്ത 12 മാസത്തിനകം 234 രൂപ കണക്കാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഇതിലൂടെ 53 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്താമാക്കുന്നു. 52 ആഴ്ചയിലെ കോള്‍ ഇന്ത്യയുടെ ഉയര്‍ന്ന ഓഹരി വില 203.80 രൂപയാണ്. ഇതേ കാലയളവിലെ കുറഞ്ഞ വില 123.40 രൂപയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമാ ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ക്രിപ്‌റ്റോ കറന്‍സിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications