തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്കൊടുവില്‍ വിപണി മുന്നേറ്റത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. നാളെ പ്രഖ്യാപിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ മുന്‍ നിര്‍ത്തിയുള്ള വ്യാപാരവും ഷോര്‍ട്ട് കവറിംഗുമാണ് ബുധനാഴ്ച മുന്നേറ്റത്തിന് പിന്തുണയേകുന്നത്. കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷത്തില്‍ അയവില്ലാത്തതും ക്രൂഡ് ഓയില്‍ 100 ഡോളറിന് മുകളില്‍ തുടരുന്നതും കമ്മോഡിറ്റികളിലെ വിലക്കയറ്റം പണപ്പെരുപ്പത്തിന് വഴിതെളിച്ചേക്കാമെന്നതും വിപണിക്ക് ആശങ്കയേറ്റുന്നതാണ്. അതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം തുടര്‍ന്നേക്കുമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്. ഇതിനിടെ ഇന്ത്യ സിമന്റ്‌സ് ഓഹരികള്‍ ഇടക്കാലയളവിലേക്ക് ഒഴിവാക്കണമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്.
ഇന്ത്യ സിമന്റ്‌സ്
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിമന്റ് നിര്‍മാതാക്കളാണ് ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യ സിമന്റ്‌സ്. 1946-ലാണ് തുടക്കം. റെഡി ടു മിക്‌സ് കോണ്‍ക്രീറ്റ് മുതല്‍ വിവിധയിനം സിമന്റുകളും വിപണിയിലെത്തിക്കുന്നു. ശങ്കര്‍ സൂപ്പര്‍ പവര്‍, കൊറോമാണ്ടല്‍ കിങ്, രാശി ഗോള്‍ഡ് എന്നിവ ജനപ്രീതി നേടിയ ബ്രാന്‍ഡുകളാണ്. മുന്‍ ഐസിസി ചെയര്‍മാന്‍ ശ്രീനിവാസനാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. 2008-2014 വരെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമസ്ഥരായിരുന്നു. പിന്നീട് കോടതി വിധിയെ തുടര്‍ന്ന് മറ്റൊരു കമ്പനി രൂപീകരിച്ച് ഉടമസ്ഥത മാറ്റി. നിലവില്‍ ഇന്ത്യ സിമന്റ്‌സിന്റെ വിപണി മൂല്യം 6,064 കോടി രൂപയാണ്.
സാമ്പത്തികം
കഴിഞ്ഞ 3 വര്‍ഷമായി ഇന്ത്യ സിമന്റ്‌സിന്റെ (BSE: 530005, NSE: INDIACEM) വരുമാനത്തില്‍ 6 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തുന്നത്. എങ്കിലും പ്രവര്‍ത്തനലാഭം 3.6 ശതമാനം വീതം വര്‍ധന കാണിച്ചു. എന്നാല്‍ കഴിഞ്ഞ 5 സാമ്പത്തിക പാദങ്ങളിലായി അറ്റാദായത്തിലും പ്രതിയോഹരി വരുമാനത്തിലും ഇടിവ് പ്രകടമാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ വരുമാനം 4.5 ശതമാനം ഇടിഞ്ഞ് 1,108 കോടിയിലേക്കെത്തി. അറ്റാദായം 95 ശതമാനം താഴ്ന്ന് 3.30 കോടിയായി. പ്രതിയോഹരി വരുമാനവും 2.00-ല്‍ നിന്നും 0.11-ലേക്ക് വീണു.
ഓഹരി വിശദാംശം
ഇന്ത്യ സിമന്റ്‌സിന്റെ ഓഹരികളില്‍ 28.42 ശതമാനം മാത്രമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. ഇതില്‍ 16.81 ശതമാനം ഓഹരികളും ഈട് നല്‍കിയിട്ടുമുണ്ട്. അതേസമയം, റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണ് 50.48 ശതമാനം ഓഹരികളും. വിദേശ നിക്ഷേപകര്‍ക്ക് 13.2 ശതമാനവും ആഭ്യന്ത്ര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 7.9 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നുണ്ടെങ്കിലും ഡിവിഡന്റ് യീല്‍ഡ് 0.51 ശതമാനമേയുള്ളൂ. പ്രതിയോഹരി ബുക്ക് വാല്യൂ 184.75 രൂപയാണ്. ഇന്ത്യ സിമന്റ്‌സിന്റെ പിഇ 43.53 ആണ്. ഇത് സിമന്റ് കമ്പനികളുടെ ശരാശരി പിഇ റേഷ്യോയേക്കാള്‍ (29.28) കൂടുതലാണ്.
ലക്ഷ്യവില 157
ബുധനാഴ്ച രാവിലെ 195 രൂപ നിലവാരത്തിലാണ് ഇന്ത്യ സിമന്റ്‌സ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 157 രൂപയിലേക്ക് ഓഹരികള്‍ ഇടിയാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. ഇത് ഓഹരിയുടെ മാര്‍ക്കറ്റ് വിലയേക്കാള്‍ 20 ശതമാനത്തിലധികം താഴെയാണ്. അടുത്ത 12 മാസത്തിനുള്ളില്‍ ഓഹരികള്‍ 157-ലേക്ക് എത്താമെന്നും ഓഹരികള്‍ ഒഴിവാക്കണം എന്നുമാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചത്. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ കൂടിയ വില 259.95 രൂപയും കുറഞ്ഞ വില 154.75 രൂപയുമാണ്. ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 13 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications