ആരംഭത്തില്‍ ലഭിച്ച നേട്ടമെല്ലാം കൈവിട്ട് നഷ്ടത്തിലാണ് പ്രധാന സൂചികകള്‍ വെള്ളിയാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്. എങ്കിലും ആഴ്ച കാലയളവില്‍ 1.5 ശതമാനത്തോളം ഉയര്‍ച്ച രേഖപ്പെടുത്തിയാണ് പുതിയ വ്യാപാര ആഴ്ചയിലേക്ക് കടക്കുന്നത്. നിലവില്‍ 16,400 നിലവാരം നിഫ്റ്റി സൂചികയ്ക്ക് ശക്തമായ പിന്തുണ നല്‍കുന്നു. അതേസമയം ബാങ്കിംഗ് സൂചികയാവട്ടെ 2 ശതമാനത്തോളം നഷ്ടമാണ് കഴിഞ്ഞയാഴ്ചയില്‍ കുറിച്ചത്. 37,000-ലെ ശക്തമായ പ്രതിരോധം ദേദിക്കാതെ ബാങ്ക് നിഫ്റ്റിക്ക് മുന്നേറ്റം ദുഷ്‌കരമാണ്. ഇതിനിടെ വരുന്നയാഴ്ചയിലേക്ക് വ്യാപാരത്തിന് പരിഗണിക്കാവുന്ന 4 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
ലാര്‍സണ്‍ & ട്യൂബ്രോ
എന്‍ജിനീയറിംഗ് മേഖലയിലെ വന്‍കിട കമ്പനിയായ ലാര്‍സണ്‍ & ട്യൂബ്രോ (BSE: 500510, NSE: LT) ഓഹരികള്‍ 1,652 രൂപയിലാണ് കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 1,700 രൂപ ലക്ഷ്യമാക്കി ഈ ഓഹരി വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,600 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ കുതിപ്പിന്റെ സൂചനയായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ പ്രകടമാണ്. ടെക്‌നിക്കല്‍ സൂചകമായ ആര്‍എസ്‌ഐയും 'ഓവര്‍ സോള്‍ഡ്' മേഖലയില്‍ നിന്നും കരകയറിയിട്ടുണ്ട്.
ആരതി ഇന്‍ഡസ്ട്രീസ് (SELL)
സ്‌പെഷ്യാല്‍റ്റി കെമിക്കല്‍ മേഖലയിലെ മുന്‍നിര കമ്പനിയായ ആരതി ഇന്‍ഡസ്ട്രീസിന്റെ (BSE: 524208, NSE: AARTIIND) ഓഹരികള്‍ 720 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം നിര്‍ത്തിയത്. ഡെറിവേറ്റീവ് വിഭാഗത്തില്‍ ആരതി ഇന്‍ഡസ്ട്രീസിന്റെ ജൂണിലെ ഫ്യൂച്ചര്‍ കോണ്‍ട്രാക്ട് 725- 730 രൂപ നിലവാരത്തില്‍ നിന്നും ഷോര്‍ട്ട് സെല്‍ ചെയ്യാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഓഹരി 700 രൂപയിലേക്ക് താഴുമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 750 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ഓഹരിയുടെ ചാര്‍ട്ടില്‍ ദുര്‍ബലാവസ്ഥ ദൃശ്യമാണ്. കൂടാതെ ഓഹരി 52- ആഴ്ചയിലെ താഴ്ന്ന നിലവാരത്തിന് സമീപമാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
എച്ച്പിസിഎല്‍
പൊതുമേഖല എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ (BSE: 500104, NSE: HINDPETRO) ഓഹരികള്‍ 233 രൂപയിലാണ് കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. ഓഹരി 230 രൂപ നിലവാരത്തില്‍ നില്‍ക്കുമ്പോള്‍ വാങ്ങാമെന്ന് ആനന്ദ് രാത്തി നിര്‍ദേശിച്ചു. ഇവിടെ നിന്നും 246 രൂപയിലേക്ക് ഓഹരി ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 220 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. അടുത്തിടെ നേരിട്ട തിരുത്തലിന് ശേഷം 220 രൂപ നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ചു.
എലിക്കോണ്‍
നിര്‍മാണ മേഖലയിലേക്ക് വേണ്ട വന്‍കിട ഇലട്രിക് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായ എലിക്കോണ്‍ എന്‍ജിനീയറിംഗിന്റെ (BSE: 505700, NSE: ELECON) ഓഹരികള്‍ വെള്ളിയാഴ്ച 230 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി 225 രൂപയിലേക്ക് എത്തുമ്പോള്‍ വാങ്ങാമെന്ന് ആനന്ദ് രാത്തി നിര്‍ദേശിച്ചു. ഇവിടെ നിന്നും ഓഹരി 255 രൂപയിലേക്ക് ഉയരാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 210 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച 219 നിലവാരത്തിന് മുകളില്‍ കടന്ന് ബ്രേക്കൗട്ട് സ്ഥിരീകരിച്ചിരുന്നു. ഇതിനോടൊപ്പം ഇടപാടുകളുടെ എണ്ണം കൂടിയതും ബ്രേക്കൗട്ടിനെ സാധൂകരിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എല്‍കെപി സെക്യൂരിറ്റീസ്, ആനന്ദ് രാത്തി എന്നിവര്‍ പുറത്തിറക്കിയ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications