വമ്പന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഓഹരികള്‍ കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 15 ശതമാനത്തോളം നേട്ടമുണ്ടാക്കിയപ്പോള്‍ പ്രധാന സൂചികയായ നിഫ്റ്റിക്ക് 10 ശതമാനത്തോളമാണ് മുന്നേറാനായത്. എന്നാല്‍ 2022-ലെ ചത്രം പരിശോധിച്ചാല്‍ സ്ഥിതി മറിച്ചാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 18 ശതമാനത്തോളം നഷ്ടത്തിലാണ് നില്‍ക്കുന്നത്. ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയ ജനുവരി 17-ല്‍ (1953 രൂപ) നിന്നും 22 ശതമാനത്തോളവും തിരുത്തല്‍ നേരിട്ടു. അതേസമയം ബുധനാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ 1.70 ശതമാനം ഇടിഞ്ഞ് 1,526 രൂപ നിലവാരത്തിലാണ് ഇന്‍ഫോസിസ് ഓഹരികള്‍ ക്ലോസ് ചെയ്തത്.

നിലവില്‍ ഓഹരി നിര്‍ണായക സപ്പോര്‍ട്ട് മേഖലയിലാണ് തുടരുന്നത്. കഴിഞ്ഞ ആഴ്ചയില്‍ 1,500- 1,525 നിലവാരങ്ങളില്‍ നിന്നും പിന്തുണയാര്‍ജിക്കുന്നത് കാണാമായിരുന്നു. കഴിഞ്ഞ 5 വ്യാപാര ദിനങ്ങളിലായി ഈ നിലവാരം തകര്‍ക്കപ്പെടാതെ നോക്കിയിട്ടുണ്ട്. ആഗോള സമ്പദ്ഘടനയുടെ വളര്‍ച്ചാ തോത് ഇടിയുന്നതും വര്‍ധിക്കുന്ന ചെലവുകളും കമ്പനികളുടെ ലാഭമാര്‍ജിനെ പ്രതികൂലമായി ബാധിക്കും എന്നതാണ് ഐടി ഓഹരികളിലെ വില്‍പന സമ്മര്‍ദത്തിന് കാരണം. അതേസമയം ഇന്‍ഫോസിസ് (BSE: 500209, NSE : INFY) ഓഹരികള്‍ ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ്ങ് ആവറേജുകള്‍ക്ക് താഴെയാണ് തുടരുന്നത്.

ലക്ഷ്യവില 1,640- 1,740
ഇന്‍ഫോസിസ് ഓഹരിയുടെ ചാര്‍ട്ടില്‍ 'ബുള്ളിഷ് എന്‍ഗള്‍ഫിങ്' പാറ്റേണ്‍ ദൃശ്യമാണ്. ഇതിനോടൊപ്പം നിഫ്റ്റി ഐടി സൂചകിയുടെ ദിവസ ചാര്‍ട്ടില്‍ 'ബുള്ളിഷ് എബിസിഡി ഹാര്‍മോണിക്' പാറ്റേണ്‍ പ്രകടമാണ്. കൂടാതെ സൂചികയിപ്പോള്‍ പിന്തുണ ലഭിക്കാവുന്ന മേഖലയിലുമാണ് നില്‍ക്കുന്നത്. അതിനാല്‍ ഇന്‍ഫോസിസ് ഓഹരികള്‍ ഹ്രസ്വകാല- ഇടക്കാലയളവിലേക്ക് 1,640- 1,680 രൂപ ലക്ഷ്യമാക്കി വാങ്ങാമെന്ന് ബൊണാണ്‍സ പോര്‍ട്ട്‌ഫോളിയോ നിര്‍ദേശിച്ചു. ദീര്‍ഘ കാലയളവില്‍ 1,740 രൂപ നിലവാരത്തിലേക്കും ഓഹരിയെത്താം ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 1,500 നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.

ഇന്‍ഫോസിസ്
ഇന്ത്യന്‍ ഐടി വ്യവസായ മികവിന്റെ ഖ്യാതി ലോകമെമ്പാടും എത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച ബഹുരാഷ്ട്ര ഐടി കമ്പനിയാണ് ഇന്‍ഫോസിസ്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഐടി കമ്പനി കൂടിയാണിത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 6.42 ലക്ഷം കോടിയിലധികം രൂപയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷനുണ്ട്. നിലവില്‍ കടബാധ്യതകള്‍ ഒന്നും തന്നെയില്ലാത്ത ഇന്‍ഫോസിസിന് റേറ്റിങ് ഏജന്‍സിയായ ക്രിസില്‍, ട്രിപ്പിള്‍-എ റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.03 ശതമാനമാണ്.

പാദഫലം
ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ 5,686 കോടി രൂപയാണ് ഇന്‍ഫോസിസിന്റെ വരുമാനം. പാദാനുപാദത്തില്‍ 2.1 ശതമാനം വര്‍ധനയും വാര്‍ഷികാടിസ്ഥാനത്തില്‍ 14.3 ശതമാനം വര്‍ധനയുമാണ് രേഖപ്പെടുത്തിയത്. 22,210 കോടിയാണ് കമ്പനിയുടെ വാര്‍ഷിക അറ്റാദായം. അതേസമയം, മാര്‍ച്ച് പാദത്തില്‍ ഇന്‍ഫോസിസിന്റെ വരുമാനം 32,276 കോടിയാണ്. ഇത് പാദാനുപാദത്തില്‍ 1.3 ശതമാനം വര്‍ധനയാണ്. ഇതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആകെ വരുമാനം 1.21 ലക്ഷം കോടിയായും ഉയര്‍ന്നു. വാര്‍ഷികമായി 21.1 ശതമാനം വളര്‍ച്ചയാണിത്.
ഇതിനോടൊപ്പം അന്തിമ ലാഭവിഹിതവും പ്രഖ്യാപിച്ചു. പ്രതിയോഹരി 16 രൂപ വീതം നല്‍കുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്‌സ് ഡിവിഡന്റ് ഡേറ്റ് മേയ് 31-നും റെക്കോഡ് ഡേറ്റ് ജൂണ്‍ 1-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.