ഓഹരി വിപണിയില്‍ ഏറെ ആകാംക്ഷ ഉണര്‍ത്തിയാണ് ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസി കടന്നുവന്നത്. ഇന്‍ഷുറന്‍സ് മേഖലയിലെ ആധിപത്യവും പൊതുജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയുമൊക്കെ വിപണിയില്‍ അലയൊലികള്‍ തീര്‍ത്തു. എന്നാല്‍ മേയ് 17-ലെ ലിസ്റ്റിങ് ദിനം മുതല്‍ നിക്ഷേപകരെ നിരാശപ്പെടുത്തുന്ന നീക്കമാണ് ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരികള്‍ കാഴ്ചവയ്ക്കുന്നത്. ഇത്തരം തിരിച്ചടികള്‍ക്കിടയിലും അടിസ്ഥാനപരമായ മൂല്യം കണക്കിലെടുത്ത് എല്‍ഐസി ഓഹരികളിൽ നിക്ഷേപത്തിന് നിര്‍ദേശിച്ച് വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെപി മോര്ഗന് രംഗത്തെത്തി.
എല്‍ഐസി
1956-ല്‍ രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല ദേശസാത്കരിച്ചതിലൂടെയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ അഥവാ എല്‍ഐസിയുടെ ജനനം. അന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന 150-ലേറെ ഇന്‍ഷുറന്‍സ് കമ്പനികളേയും അനുബന്ധ സ്ഥാപനങ്ങളേയും പാര്‍ലമെന്റ് പാസാക്കിയ ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ആക്ട് മുഖേനയാണ് കമ്പനിയുടെ രൂപീകരണം. 1956 സെപ്റ്റംബര്‍ 1-ന് എല്‍ഐസി സ്ഥാപിതമായി. അവിടുന്നിങ്ങോട്ട് വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി ചവിട്ടിക്കയറി ഇന്നൊരു മഹാപ്രസ്ഥാനമായി വളര്‍ന്നു പന്തലിച്ചു. നിലവില്‍ രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ 69 ശതമാനം വിപണി വിഹിതവും എല്‍ഐസിയുടെ കൈവശമാണ്.
ഓഹരി വിശദാംശം
എല്‍ഐസിയുടെ ആകെ ഓഹരികളില്‍ 96.5 ശതമാനവും കേന്ദ്രസര്‍ക്കാരിന്റെ പക്കലാണുള്ളത്. 1.43 ശതമാനം ഓഹരികള്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്കും 2.07 ശതമാനം ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകരുടെ കൈവശവുമുണ്ട്. നിലവില്‍ എല്‍ഐസിയുടെ വിപണി മൂല്യം 4.14 ലക്ഷം കോടിയാണ്. ഡിവിഡന്റ് യീല്‍ഡ് 0.23 ശതമാനവും പ്രതിയോഹരി ബുക്ക് വാല്യൂ 16.46 രൂപ നിരക്കിലുമാണ്. ഇതുവരെയുള്ള കാലയളവില്‍ എല്‍ഐസി ഓഹരിയുടെ ഉയര്‍ന്ന വില 949 രൂപയാണ് (ഇഷ്യൂ വില). താഴ്ന്ന വില ഇന്നു രേഖപ്പെടുത്തിയ 650 രൂപയാണ്. അതായത് ഇഷ്യൂ വിലയേക്കാളും 31 ശതമാനം താഴ്ന്ന നിലവാരത്തിലാണ് ഓഹരി ഇപ്പോഴുള്ളത്.
അനുകൂല ഘടകം
പാദാനുപാദത്തില്‍ എല്‍ഐസിയുടെ അറ്റാദായവും ലാഭമാര്‍ജിനും വര്‍ധന കാണിക്കുന്നു. നിലവില്‍ പറയത്തക്ക കടബാധ്യതകള്‍ ഇല്ലെന്നതും ശ്രദ്ധേയം. കമ്പനിയുടെ മുഖ്യ പ്രവര്‍ത്തനത്തില്‍ നിന്നും വരുമാനം കണ്ടെത്താനുള്ള ശേഷി ഉയര്‍ന്ന തോതിലാണ്. ഇതിനോടൊപ്പം കഴിഞ്ഞ 2 വര്‍ഷമായി പ്രവര്‍ത്തനങ്ങളില്‍ നിന്നും പണമൊഴുക്ക് ശക്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ അടുത്തിടെ പുറത്തുവന്ന സാമ്പത്തിക ഫലങ്ങളില്‍ ബാധ്യതകള്‍ക്കുള്ള നീക്കിയിരിപ്പ് കുറഞ്ഞതായും രേഖപ്പെടുത്തുന്നു. വാല്യൂവേഷന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളുടെ ഓഹരികളേക്കാള്‍ വളരെയധികം ഡിസ്കൗണ്ട് നിരക്കിലാണ് എല്‍ഐസി നില്‍ക്കുന്നത്.
ലക്ഷ്യവില 840
തിങ്കളാഴ്ച രാവിലെ 655- 660 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും സമീപ ഭാവിയില്‍ ഓഹരി വില 840 രൂപയിലേക്ക് ഉയരാമെന്നാണ് ജെപി മോര്‍ഗന്റെ അനുമാനം. ഇത് വിപണി വിലയേക്കാള്‍ 30 ശതമാനത്തോളം ഉയരെയാണ്. എങ്കിലും ഐപിഒ-യില്‍ ഓഹരിയുടെ ഇഷ്യൂ വിലയേക്കാള്‍ 12 ശതമാനം താഴെയാണെന്നതും ശ്രദ്ധേയം. അതേസമയം ജൂണ്‍ 30-ന് എല്‍ഐസി പുറത്തുവിടുന്ന എംബഡഡ് വാല്യൂ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബ്രോക്കറേജ് സ്ഥാപനം ഓഹരിയുടെ റേറ്റിങ് പുനര്‍ നിശ്ചയിക്കാനും സാധ്യതയുണ്ട്.
സാമ്പത്തികം
ജനുവരി- മാര്‍ച്ച് പാദത്തില്‍ എല്‍ഐസിയുടെ (BSE: 543526, NSE : LICI) വരുമാനം 2,11,471 കോടിയും ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 39.40 ശതമാനം വര്‍ധനയുമാണ്. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 2,409 കോടിയും മുന്‍ വര്‍ഷത്തേക്കാള്‍ 17.41 ശതമാനം ഇടിവുമാണ് രേഖപ്പെടുത്തിയത്. ഇതിനോടൊപ്പം നിക്ഷേപകര്‍ക്ക് പ്രതിയോഹരി 1.50 രൂപ വീതം ലാഭവിഹിതവും പ്രഖ്യാപിച്ചു. ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗത്തിന്റെ അനുമതിക്ക് വിധേയമായി ലാഭവിഹിതം കൈമാറും.
ആസ്തി മൂല്യം
2021 സെപ്റ്റംബര്‍ 30-ലെ അടിസ്ഥാനത്തില്‍ എല്‍ഐസി കൈകാര്യം ചെയ്യുന്ന ആസ്തി മൂല്യം 40 ലക്ഷം കോടിയിലേറെ രൂപയാണ്. ഇത് രാജ്യത്തെ ബാക്കിയുള്ള എല്ലാ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ ആസ്തി മൂല്യത്തിന്റെ 3.3 മടങ്ങും രണ്ടാം സ്ഥാനത്തുള്ള കമ്പനിയുടെ 16.2 മടങ്ങുമാണ്. രാജ്യത്തെ മ്യൂച്ചല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തിയുടെ ഇരട്ടിയിലധികവും രാജ്യത്തിന്റെ ജിഡിപിയുടെ 18.5 ശതമാനവും മൂല്യം വരും. നിലവില്‍ 28.3 കോടി പോളിസി ഉടമകളും 13.5 ലക്ഷം ഇന്‍ഷുറന്‍സ് ഏജന്റുമാരുമുണ്ട്. കൂടാതെ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യത്തിന്റെ 4 ശതമാനം എല്‍ഐസിയുടെ കൈവശമുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജെപി മോര്ഗന് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!



Click it and Unblock the Notifications