'പക വീട്ടാനുള്ളതാണ്' എന്ന സിനിമ ഡയലോഗിനെ അനുസ്മരിപ്പിക്കും വിധമാണ് വിപണിയില്‍ കഴിഞ്ഞ 2 ദിവസമായി നടന്ന വ്യാപാരത്തിന്റെ അന്തിമഫലം. രണ്ട് മാസത്തിനിടയിലെ ഏറ്റവും വലിയ തിരിച്ചടിക്കാണ് വ്യാഴാഴ്ച സാക്ഷിയായത്. എന്നാല്‍ ആശങ്കകളെയെല്ലാം വകഞ്ഞുമാറ്റി തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച ഈ വര്‍ഷത്തെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന നേട്ടത്തോടെ അതേ നിലവാരത്തിലേക്ക് സൂചികകള്‍ മടങ്ങിയെത്തുക. 'കരടി'ക്കെതിരായ പോരാട്ടത്തില്‍ 'കാള'കള്‍ക്ക് മേല്‍ക്കൈ ലഭിച്ചുവെന്ന തോന്നലുളവാക്കും വിധമാണ് വെള്ളിയാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ ജാഗ്രത വേണമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

മിനിഞ്ഞാന്ന് നേരിട്ട എല്ലാ നഷ്ടങ്ങളും നികത്തി ഏകദേശം 3 ശതമാനം നേട്ടത്തോടെയാണ് പ്രധാന സൂചികകള്‍ കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. അമേരിക്കന്‍ വിപണിയിലെ ഇടിവിനെ തുടര്‍ന്ന് ആഗോള വിപണികളിലുണ്ടായ തകര്‍ച്ചയുടെ ചുവടു പിടിച്ചായിരുന്നു ആഭ്യന്തര വിപണിയിലും വ്യാഴാഴ്ച തകര്‍ച്ചയെ നേരിട്ടത്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ തളരുന്ന സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാന്‍ പലിശ നിരക്ക് കുറച്ച ചൈനീസ് കേന്ദ്ര ബാങ്കിന്റെ നടപടിയില്‍ സന്തുഷ്ടരായ ഏഷ്യന്‍ വിപണികളിലെ കുതിപ്പാണ് ഇവിടെയും മുന്നേറ്റത്തിനുള്ള ആദ്യ തിരി കൊളുത്തിയത്.
ഇതിന് പിന്നാലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് രംഗത്തെത്തിയതും ആഭ്യന്തര സൂചികകള്‍ക്ക് കുതിപ്പ് തുടരാന്‍ കരുത്തേകി.

ചാഞ്ചാട്ടം തുടരും
വിപണിയില്‍ തുടര്‍ന്നുള്ള ആഴ്ചകളിലും ചാഞ്ചാട്ടം തുടരും എന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത്തിന്റെ ചീഫ് ഇന്‍വസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. പ്രധാനമായും ആഗോള സമ്പദ് ശക്തിയായ അമേരിക്കയുമായി ബന്ധപ്പെട്ട രണ്ട് കാരണങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഒന്നാമത്തെ കാരണം, പണപ്പെരുപ്പ ഭീഷണിയെ തുടര്‍ന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തും എന്നതാണ്. ഈ വിഷയം (2023-ല്‍ ഫെഡ് ഫണ്ട് റേറ്റ് 3% വരെ) വിപണി ഒരുവിധം ഉള്‍ക്കൊണ്ടു കഴിഞ്ഞിട്ടുണ്ട്.
രണ്ടാമതായി അമേരിക്കന്‍ സമ്പദ്ഘടന മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്ക. എന്നാല്‍ ഈ വിഷയം വിപണി ഇതുവരെ പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടില്ല. അതിനാല്‍ തന്നെ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്നും വിജയകുമാര്‍ സൂചിപ്പിച്ചു.

സമാനമായി വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പനയും ആഭ്യന്തര വിപണിയുടെ അന്തരീക്ഷത്തെ അലോസരപ്പെടുത്തുന്നുണ്ട്. പലിശ നിരക്ക് ഉയരുന്നതും പണലഭ്യത കുറയുന്നതും യുഎസ് ബോണ്ടിന്റെ ആദായം വര്‍ധിക്കുന്നതുമൊക്കെ വിദേശ നിക്ഷേപകരെ വില്‍പനയ്ക്ക് പ്രേരിപ്പിക്കുന്നു. കൂടാതെ വികസ്വര രാജ്യങ്ങളില്‍ വിദേശ നിക്ഷേപകര്‍ മികച്ച ലാഭത്തില്‍ നില്‍ക്കുന്നതും ഇന്ത്യയില്‍ മാത്രമാണ്. ഇവിടെ ആഭ്യന്തര നിക്ഷേപകര്‍ വാങ്ങിക്കാന്‍ താത്പര്യപ്പെടുന്നതും വിദേശ നിക്ഷേപകരുടെ വില്‍പനയ്ക്ക് അനുകൂല സാഹചര്യം ഒരുക്കുന്നു. ഈ വര്‍ഷം ഇതുവരെ 1.61 ലക്ഷം കോടി രൂപയ്ക്കാണ് വിദേശ നിക്ഷേപകര്‍ ഓഹരി വിറ്റൊഴിഞ്ഞത്.
Also Read: അടുത്തയാഴ്ച ഓഹരി വിഭജനം, ബോണസ് ഓഹരി നല്കുന്ന കമ്പനികള്‍ ഇതാ; കൈവശമുണ്ടോ?

ഇത്തരത്തില്‍ വിദേശ നിക്ഷേപകര്‍ ശമനമില്ലാതെ വില്‍ക്കുന്നതിലൂടെ ഡോളറിനെതിരായ വിനിമയത്തില്‍ രൂപയും തിരിച്ചടി നേരിടുന്നു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വിനിമയ നിരക്കും ഈയാഴ്ച (77.7975) രൂപ രേഖപ്പെടുത്തി. ഇതിനോടൊപ്പം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നതും (113 ഡോളറിലാണ് വ്യാപാരം) ആഭ്യന്തര വിപണിക്ക് പ്രതികൂല ഘടകമാകുന്നു.
അതേസമയം 20 വര്‍ഷത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയ ശേഷം ഡോളര്‍ ഇന്‍ഡക്‌സില്‍ ചെറിയ തിരുത്തല്‍ നേരിട്ട് 105 നിലവാരത്തിലേക്ക് താഴ്ന്നിട്ടുണ്ട്. യുഎസിലെ തൊഴിലില്ലായ്മ നിരക്ക് പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാണ് ഡോളര്‍ ഇന്‍ഡക്‌സിനെ തിരുത്തലിലേക്ക് നയിച്ചത്.
Also Read: ഐടിസിയില്‍ 'ഗോള്‍ഡന്‍ ക്രോസ്' തെളിഞ്ഞു; ഇനി വിപണിയെ കൂസാതെ 400-ലേക്ക് കയറ്റം!

അടുത്തയാഴ്ച ?
വരുന്ന വ്യാപാര ആഴ്ചയില്‍ ആഗോള വിപണികളെ തന്നെ നേരിട്ട് സ്വാധീനിക്കാവുന്ന പ്രധാനപ്പെട്ട സാമ്പത്തിക വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. അതിനാല്‍ പുതിയ ആഴ്ചയിലും ചാഞ്ചാട്ടം പ്രതീക്ഷിക്കാം. യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ മിനിറ്റ്‌സ്, യുഎസ് ജിഡിപി വളര്‍ച്ചാ നിരക്ക്, യുഎസിലെ തൊഴിലില്ലായ്മ നിരക്ക് എന്നിവ മേയ് 27-ന് അവസാനിക്കുന്ന വ്യാപാര ആഴ്ചയ്ക്കിടെ പ്രസിദ്ധീകരിക്കും. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംബന്ധിച്ച റിപ്പോര്‍ട്ടും ഡോളര്‍- രൂപ വിനിമയ നിരക്കും നാലാം പാദഫലങ്ങളും ആഭ്യന്തര വിപണിക്ക് നിര്‍ണായകമാകും.
ഇതിനെല്ലാം പുറമെ അമേരിക്കന്‍ ഓഹരി സൂചികയായ എസ്&പി-500 'ബെയര്‍ മാര്‍ക്കറ്റ്' പരിധിയുടെ തൊട്ടടുത്തേക്ക് എത്തിയിരിക്കുന്നതും തുടര്‍ന്നുള്ള ചലനങ്ങളും നിര്‍ണായകമാകും.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.