ആദ്യ മൂന്ന് ദിവസങ്ങളിലും നഷ്ടം രേഖപ്പെടുത്തിയെങ്കിലും അവസാന രണ്ട് വ്യാപാര ദിനങ്ങളിലെ മുന്നേറ്റത്തോടെ ആഴ്ച കാലയളവില്‍ നേട്ടത്തോടെയാണ് വിപണി കഴിഞ്ഞ വ്യാപാര ആഴ്ച പൂര്‍ത്തിയാക്കിയത്. വെള്ളിയാഴ്ച ഒരു ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കി വ്യാപാരം അവസാനിപ്പിക്കാന്‍ സാധിച്ചതോടെ പ്രധാന സൂചികകള്‍ക്ക് 0.5 ശതമാനം മുന്നേറ്റത്തോടെ ആഴ്ച കാലയളവിലും ക്ലോസ് ചെയ്യാന്‍ കഴിഞ്ഞു. ഇതോടെ തുടര്‍ച്ചയായ രണ്ടാം ആഴ്ചയാണ് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഈയാഴ്ച വിപണിയില്‍ എന്തു പ്രതീക്ഷിക്കാമെന്ന് വിപണി വിദഗ്ധര്‍ വിശദീകരിച്ചതാണ് ചുവടെ ചേര്‍ക്കുന്നത്.
മോത്തിലാല്‍ ഒസ്വാള്
സമീപകാല താഴ്ന്ന നിലവാരമായ 15,735-ല്‍ നിന്നും നിഫ്റ്റി കരകയറിയിട്ടുണ്ട്. എന്നാല്‍ 16,400 നിലവാരത്തില്‍ നിന്നും കഴിഞ്ഞ 14 വ്യാപാര ദിനങ്ങളിലായി പ്രതിരോധം നേരിടുകയുമായിരുന്നു. ടെക്നിക്കല്‍ സൂചകങ്ങളായ ആര്‍എസ്ഐയും എംഎസിഡിയും 'ഓവര്‍ സോള്‍ഡ്' (Oversold) മേഖലയില്‍ നിന്നും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇത് നിലവിലെ നിഫ്റ്റിയുടെ നിലവാരത്തില്‍ നിന്നും തുടര്‍ന്നുള്ള കുതിപ്പിന്റെ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകള്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ 25.99-ല്‍ നിന്നും 21.50 നിലവാരത്തിലേക്ക് ഇറങ്ങിയത് ശുഭസൂചനയാണെന്നും ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള് ചൂണ്ടിക്കാട്ടി.
എന്തു ചെയ്യണം ?
16,250 നിലവാരത്തിന് മുകളില്‍ പിടിച്ചു നില്ക്കാന് സാധിക്കുന്നുണ്ടെങ്കില്‍ ആദ്യം 16,666-ലേക്കും തുടര്‍ന്ന് 17,000 നിലവാരത്തിലേക്കും നീങ്ങാന്‍ നിഫ്റ്റി ശ്രമിക്കും. അതേസമയം 16,161-ലും 16,061 നിലവാരങ്ങളില്‍ നിന്നും പിന്തുണ പ്രതീക്ഷിക്കാം. സമീപകാല തിരുത്തലിനെ ബാങ്കിംഗ്, ധനകാര്യ സേവനം, വാഹനം വിഭാഗങ്ങളിലെ നല്ല ഓഹരികളെ വാങ്ങാം. എന്നാല്‍ പുള്‍ബാക്ക് റാലിയുടെ സാധ്യതകള്‍ മനസിലാക്കി വേണം ഇങ്ങനെ മേടിക്കുന്ന ഓഹരികളെ കൈകാര്യം ചെയ്യേണ്ടത്.
എച്ച്ഡിഎഫ്സി ബാങ്ക്. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, മഹീന്ദ്ര & മഹീന്ദ്ര, ഹീറോ മോട്ടോ കോര്‍പ് ഓഹരികളില്‍ മുന്നേറ്റം പ്രതീക്ഷിക്കാമെന്നും മോത്തിലാല്‍ ഒസ്വാള് സൂചിപ്പിച്ചു.
ആക്സിസ് സെക്യൂരിറ്റീസ്
നിഫ്റ്റിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡിലാണ് രൂപപ്പെട്ടിരിക്കുന്നത്. കൂടാതെ 20 ദിവസ മൂവിങ് ആവറേജ് നിലവാരം മറികടന്ന് ക്ലോസ് ചെയ്തതും ഹ്രസ്വകാലയളവിലേക്കുള്ള അനുകൂല ഘടകവും വിപണിയിലെ അന്തരീക്ഷം മെച്ചപ്പെടുന്നതിന്റെ സൂചനയുമാണ്. നിഫ്റ്റി സൂചികയിലും ബാങ്ക് നിഫ്റ്റിയിലും ഷോര്‍ട്ട് കവറിംഗ് നടക്കുന്നുണ്ട്. വിക്സ് നിരക്കുകള്‍ താഴേക്ക് വരുന്നതും വരും ദിവസങ്ങളില്‍ പുള്‍ബാക്ക് റാലിക്കുള്ള സൂചന നല്‍കുന്നുവെന്നും ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി.
ഇനിയെന്ത് ?
നിഫ്റ്റിക്ക് 16,400 നിലവാരം മറികടന്ന് നിലനില്ക്കാന് സാധിച്ചാല്‍ വീണ്ടും നിക്ഷേപ താത്പര്യം പ്രകടമാകാം. ഇത് സൂചികയെ 16,600- 16,800 നിലവാരങ്ങളിലേക്ക് ഉയര്‍ത്താം. അതേസമയം 16,100 നിലവാരം തകര്‍ക്കപ്പെട്ടാല്‍ വില്പന സമ്മര്‍ദം കൂടുതല്‍ ശക്തമാകും. ഇത് സൂചികയെ വീണ്ടും 15,800- 15,600 നിലവാരങ്ങളിലേക്ക് തള്ളിവിടും. അതേസമയം ഈ വ്യാപാര ആഴ്ചയില്‍ നിഫ്റ്റി 16,600-നും 16,000-നും ഇടിയില്‍ തുടരാനാണ് സാധ്യത. ഈയാഴ്ചയില്‍ ഓട്ടോമൊബീല്‍, ബാങ്കിംഗ്, എഫ്എംസിജി, ഫാര്‍മ വിഭാഗങ്ങളില ഓഹരികള്‍ ബുള്ളിഷ് പ്രണത പ്രകടമാക്കും. സമാനമായി ഐടി വിഭാഗത്തില്‍ ഷോര്‍ട്ട് കവറിംഗ്/ പുള്‍ബാക്ക് റാലിക്കുള്ള സാധ്യതകളും ഉരുത്തിരിയുന്നുണ്ട്.
എഡല്‍വീസ്
- നിഫ്റ്റി:- 'ഡബിള്‍ ബോട്ടം' സപ്പോര്‍ട്ട് മേഖലയായ 15,700 നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ച് 3 ആഴ്ചയോളമായി സൂചിക പിടിച്ചു നില്ക്കുന്നു. ഇപ്പോഴുള്ള കുതിപ്പ് 16,650 വരെ നീണ്ടേക്കാം. 16,150-ലും 16,050-ലും ശക്തമായ സപ്പോര്‍ട്ട് പ്രതീക്ഷിക്കാം. വിപണിയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.
- എന്തുചെയ്യണം:- വാഹന വിഭാഗം ഓഹരികള്‍ വിപണിയെ കവച്ചു വയ്ക്കുന്ന പ്രകടനം ഇടക്കാലയളവില്‍ പുറത്തെടുക്കാനുള്ള സാധ്യതകളുണ്ട്. ടാറ്റ മോട്ടോര്‍സ് ഇത്തരത്തില്‍ പരിഗണിക്കാവുന്ന ഓഹരിയാണ്. റിയാല്‍റ്റി വിഭാഗം ഓഹരികളിലും മുന്നേറ്റം പ്രതീക്ഷിക്കാം. സമാനമായി ബാങ്ക് നിഫ്റ്റി സൂചികയിലും 3 ശതമാനം വരെ മുന്നേറ്റം പ്രതീക്ഷിക്കാം. 37,250 നിലവാരത്തിലേക്ക് ബാങ്ക് നിഫ്റ്റി എത്തുന്നുണ്ടേല് 2% സ്റ്റോപ് ലോസ് കരുതി ഷോര്‍ട്ട് ചെയ്യാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications