കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും കുതിച്ചുപാഞ്ഞ വിപണി 2022-ല്‍ കിതയ്ക്കുകയാണ്. ഈവര്‍ഷം ആദ്യ പകുതിയില്‍ 9 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. ആഗോള ഘടകങ്ങള്‍ പ്രതികൂലമായി തുടരുന്നതും പണപ്പെരുപ്പ ഭീഷണിയും വിദേശ നിക്ഷേപകരുടെ വില്പന ശമിക്കാത്തിനാലും വിപണി ഇപ്പോഴും ചാഞ്ചാട്ടത്തിന്റെ പാതയിലാണ്.
അടുത്തിടെ തിരിച്ചുവരാനുള്ള ശ്രമം 'ബുള്ളു'കള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും വിപണിയില്‍ 'ബെയറു'കള്‍ ആധിപത്യം പിടിച്ചെടുക്കുമെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സ്വപ്നക്കുതിപ്പ് നടത്തിയ ഒരുകൂട്ടം ഓഹരികളും ഇവിടെയുണ്ട്. ഇത്തരത്തില്‍ 2022-ന്റെ ആദ്യ പകുതിയില്‍ ഏറ്റവുമധികം നേട്ടം കൈവരിച്ച 5 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
കൈസര്‍ കോര്പറേഷന്
ഈവര്‍ഷം ആദ്യ പകുതിയില്‍ സ്വന്തമാക്കിയ നേട്ടക്കണക്കില്‍ മുന്നിലെത്തിയത് നാനോ കാപ് കമ്പനിയായ കൈസര്‍ കോര്‍പറേഷന്റെ ഓഹരിയാണ്. ആദ്യ ആറ് മാസത്തിനിടെ ഈ ഓഹരി 3,400 ശതമാനത്തിലേറെ നേട്ടമാണ് കരസ്ഥമാക്കിയത്. ഡിസംബര്‍ 31-ന് വെറും 3 രൂപയില്‍ നിന്ന ഓഹരി ഇന്ന് രാവിലെ 93 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെട്ടത്.
ലേബല്‍, സ്റ്റേഷനറി, മാഗസിന്, കാര്‍ട്ടണ്‍ പ്രിന്റിങ് എന്നിവയാണ് കൈസര്‍ കോര്‍പറേഷന്റെ (BSE : 531780) കര്‍മമണ്ഡലം. ഓഹരിയിലെ കുതിപ്പാണെങ്കിലും കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചമല്ല. മാര്‍ച്ച് പാദത്തില്‍ വരുമാനം 12 കോടിയും അറ്റനഷ്ടം 90 ലക്ഷവുമാണ്. പ്രമോട്ടറിന്റെ കൈവശം 60 ശതമാനത്തോളം ഓഹരികളുണ്ട്.
എസ്ഇഎല്‍ മാനുഫാക്ചറിങ്
2022-ന്റെ ആദ്യ അര്‍ധ വര്‍ഷക്കാലയളവില്‍ 2,200 ശതമാനത്തോളം മുന്നേറ്റം രേഖപ്പെടുത്തിയ എസ്ഇഎല്‍ മാനുഫാക്ചറിങ് ആണ് നേട്ടപ്പട്ടികയില്‍ രണ്ടാമതെത്തിയത്. ജനുവരി ആദ്യം 49 രൂപ നിലവാരത്തിലായിരുന്ന ഈ സ്മോള്‍ കാപ് ഓഹരി ഇന്ന് 965 രൂപയിലാണ് ക്ലോസ് ചെയ്തത്. ടെക്സ്റ്റൈല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി മാര്‍ച്ച് പാദത്തില്‍ 115 കോടി വരുമാനവും 24 കോടി നഷ്ടവും കുറിച്ചു.
അതേസമയം എസ്ഇഎല്‍ മാനുഫാക്ചറിങ്ങിന്റെ (BSE: 532886, NSE-BE : SELMC) ഓഹരികളില്‍ 75 ശതമാനവും പ്രമോട്ടറിന്റെ കൈവശമാണ്. എന്നാല്‍ ഇതിന്റെ 36 ശതമാനത്തോളം ഓഹരി ഏറെ നാളായി ഈട് നല്‍കിയിരിക്കുകയാണ്.
ഗാലപ്സ് എന്റര്‍പ്രൈസസ്
ഈ വര്‍ഷം ഒന്നാം പകുതിയില്‍ 1,500 ശതമാനത്തോളം നേട്ടം കരസ്ഥമാക്കിയ ഗാലപ്സ് എന്റര്‍പ്രൈസസ് ആണ് നേട്ടക്കണക്കില്‍ മൂന്നാമതെത്തിയത്. ജനുവരി ആദ്യവാരത്തില്‍ വെറും 4 രൂപയില്‍ നിന്നിരുന്ന ഓഹരി ഇന്ന് 74.65 രൂപയിലാണ് ക്ലോസ് ചെയ്തത്.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ നാനോ കാപ് ഓഹരിയുടെ സാമ്പത്തിക കണക്കുകള്‍ ലഭ്യമല്ല. വാര്‍ഷിക/ പാദ പ്രവര്‍ത്തന ഫലങ്ങളോ പ്രസിദ്ധീകരിച്ചിട്ടില്ല. കുറഞ്ഞ ലിക്വിഡിറ്റിയും വോളിയവുമാണ് ഗാലപ്സ് എന്റര്‍പ്രൈസസ് (BSE : 531902) ഓഹരിയുടെ കുതിപ്പിനുള്ള ഉത്തേജനം. പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ് 54 ശതമാനം ഓഹരികളും ഉള്ളത്.
എസ് & ടി കോര്പറേഷന്
ഈ വര്‍ഷം ഇതുവരെയുള്ള കാലയളവിലെ നേട്ടക്കണക്കില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നത് എസ് & ടി കോര്പറേഷന് ആണ്. ഈസമയത്തിനുള്ളില്‍ ഓഹരി 1,400 ശതമാനത്തിലധികം മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ജനുവരി ആദ്യം 22 രൂപയിലുണ്ടായിരുന്ന ഓഹരി ഇന്ന് 329 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കണ്‍സ്ട്രക്ഷന്‍/ ടെക്സ്റ്റൈല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ നാനോ കാപ് ഓഹരിയുടെ ഏറ്റവും അവസാനം പ്രസിദ്ധീകരിച്ച പ്രവര്‍ത്തനം ഫലം 2020-ലാണ്. അന്ന് 1 കോടിയാണ് വരുമാനം കാണിച്ചത്. അതേസമയം എസ് & ടി കോര്‍പറേഷന്റെ (BSE : 514197) 73 ശതമാനം ഓഹരികളും പ്രമോട്ടറിന്റെ പക്കലാണ്.
ഹേമാങ് റിസോഴ്സസ്
2022-ന്റെ ആദ്യ പകുതിയിലെ നേട്ടക്കണക്കില്‍ അഞ്ചാം സ്ഥാനത്തെത്തിയത് ഹേമാങ് റിസോഴ്സസ് ആണ്. ഈകാലയളവില്‍ 1,350 ശതമാനം നേട്ടമാണ് ഈ നാനോ കാപ് ഓഹരി സ്വന്തമാക്കിയത്. ജനുവരി ആദ്യ ആഴ്ചയില്‍ വെറും 3 രൂപയില്‍ വ്യാപാരം ചെയ്യപ്പെട്ടിരുന്ന ഓഹരികള്‍ ഇന്ന് 44.85 രൂപയിലാണ് ക്ലോസ് ചെയ്തത്.
കല്‍ക്കരി വ്യാപാരം, റിയല്‍ എസ്റ്റേറ്റ്, ലോജിസ്റ്റിക്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹേമാങ് റിസോഴ്സസ് (BSE : 531178) മാര്‍ച്ച് പാദത്തില്‍ 53 കോടി രൂപ വരുമാനവും 13 കോടി രൂപ അറ്റാദായവും നേടി. അതേസമയം കമ്പനിയുടെ ഡിസംബര്‍ പാദത്തിനു മുന്നെയുള്ള പ്രവര്‍ത്തന ഫലം ലഭ്യമല്ല. കമ്പനിയുടെ 64 ശതമാനം ഓഹരികളും പ്രമോട്ടറിന്റെ കൈവശമാണ്.
പെന്നി സ്റ്റോക്ക്
സാധാരണ രീതിയില്‍ പെന്നി ഓഹരികളുടെ വിപണി മൂല്യവും ഓഹരി ഉടമകളുടെ എണ്ണവും കുറവായിരിക്കും. അപ്രതീക്ഷിതമായ ഊഹാപോഹങ്ങളും തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഒക്കെ ഇത്തരം കമ്പനികളുടെ ഓഹരി വിലയില്‍ വളരെ വേഗം പ്രതിഫലിക്കും. അതിനാല്‍ ഞൊടിയിടയില്‍ പെന്നി സ്റ്റോക്കുകളുടെ വില ഉയരുകയും താഴുകയും ചെയ്യാറുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി ഓഹരികള്‍ കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ച നല്‍കാം. അല്ലാത്തവ നഷ്ടത്തിലും കലാശിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications