കഴിഞ്ഞ 6-8 മാസങ്ങളായി ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ആഭ്യന്തര, ആഗോള ഘടകങ്ങള്‍ വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതോടെ ഓഹരികളിലും തിരിച്ചടി പ്രകടമാണ്. ബഹുഭൂരിപക്ഷം ഓഹരികളിലും തിരുത്തല്‍ ദൃശ്യമാണ്. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം വിപണിയില്‍ മിന്നുന്ന പ്രകടനത്തോടെ അരങ്ങേറ്റം കുറിച്ച ഒരു മിഡ് കാപ് കെമിക്കല്‍ ഓഹരിയിലും 33 ശതമാനം തിരുത്തല്‍ നേരിടുകയാണ്. ഈ ഓഹരിയെ സംബന്ധിച്ച് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തലാണ് ചുവടെ ചേര്‍ക്കുന്നത്.
ക്ലീന്‍ സയന്‍സ് ടെക്നോളജി
ആഗോള, ആഭ്യന്തര വിപണികളില്‍ മുന്‍നിരയില്‍ സ്ഥാനമുള്ള കെമിക്കല്‍ കമ്പനിയാണ് ക്ലീന്‍ സയന്‍സ് & ടെക്നോളജി. പൂനെ ആസ്ഥാനമായി 2003-ലാണ് തുടക്കം. നിര്‍ണായക സവിശേഷ കെമിക്കല്‍ ഉത്പന്നങ്ങളും മരുന്ന് നിര്‍മാണത്തിനു വേണ്ട ഘടക പദാര്‍ത്ഥങ്ങളും എഫ്എംസിജി കെമിക്കലുകളുമാണ് പ്രധാനമായും നിര്‍മിക്കുന്നത്. കുറഞ്ഞ ചെലവില്‍ മികച്ച ഉത്പന്നങ്ങള്‍ ലഭ്യമാക്കിയാണ് ചൈനയില്‍ നിന്നുള്ള ഇറക്കുമതിയെ അതിജീവിച്ചും വിപണി വിഹിതം കരസ്ഥമാക്കുന്നത്. ഇതിനോടൊപ്പം സമയബന്ധിതമായി കരാറുകള്‍ നടപ്പാക്കി വന്‍കിട കമ്പനികളെ സ്ഥിരം ഉപഭോക്താക്കളാക്കി മാറ്റുന്നതിലും മികവ് കാണിക്കുന്നു. 2021 ജൂലൈയിലായിരുന്നു ഓഹരിയുടെ ലിസ്റ്റിങ്
ഓഹരി വില
ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ ക്ലീന്‍ സയന്‍സ് ടെക്നോളജിയുടെ ഓഹരികള്‍ 1,748 രൂപയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരി വിലയില്‍ 3 ശതമാനം മുന്നേറ്റമുണ്ടായി. എന്നാല്‍ ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഓഹരി 30 ശതമാനം തിരുത്തല്‍ നേരിട്ടു. കഴിഞ്ഞ ജൂലൈയിലായി നടന്ന ഐപിഒയില്‍ 900 രൂപയായിരുന്നു ക്ലീന്‍ സയന്‍സ് ടെക്നോളജിയുടെ ഇഷ്യൂ വില. ലിസ്റ്റിങ്ങിന് ശേഷം 200 ശതമാനം വരെ ഓഹരികള്‍ മുന്നേറിയിരുന്നു. തുടര്‍ന്ന് സമീപകാലത്ത് ഓഹരിയില്‍ നേരിട്ട തിരുത്തലില്‍ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 33 ശതമാനത്തോളം വില ഇടിഞ്ഞിട്ടുണ്ട്.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ക്ലീന്‍ സയന്‍സ് & ടെക്നോളജിയുടെ സാമ്പത്തിക സ്ഥിതി ദുര്‍ബലാവസ്ഥയിലാണ് (Piotroski Score: 3). കഴിഞ്ഞ 3 വര്‍ഷമായി കമ്പനിയുടെ വരുമാനം 20.9 ശതമാനവും പ്രവര്‍ത്തനലാഭം 30.1 ശതമാനവും അറ്റാദായം 32.8 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ വിറ്റുവരവ് 204 കോടിയാണ്. ഇത് മുന്‍ പാദത്തേക്കാള്‍ 13 ശതമാനം വളര്‍ച്ചയാണ്. നാലാം പാദത്തിലെ അറ്റാദായം 62 കോടിയാണ്. മൂന്നാം പാദത്തേക്കാള്‍ 9 ശതമാനം വര്‍ധനയാണിത്.
ഓഹരി വിശദാംശം
ക്ലീന്‍ സയന്‍സ് ടെക്നോളജിയുടെ ആകെ ഓഹരികളില്‍ 78.51 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 5.18 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 4.01 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 12.28 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ ക്ലീന്‍ സയന്‍സ് ടെക്നോളജിയുടെ വിപണി മൂല്യം 18,573 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 50.84 രൂപ നിലവാരത്തിലാണുള്ളത്. ഓഹരിയിന്മേലുള്ള ആദായം 34.9 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 46.6 ശതമാനം നിരക്കിലുമാണ്.
ഇനിയെന്ത് ?
- കൊട്ടക് ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസ്- ഈ ഓഹരിക്ക് 'റെഡ്യൂസ്' (Reduce) എന്ന റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. നിലവില്‍ ക്ലീന്‍ സയന്‍സ് ടെക്നോളജിയുടെ ഓഹരിയുടെ വാല്യൂവേഷന്‍ ഉയര്‍ന്നു നില്ക്കുന്നതും ലാഭ മാര്‍ജിന്‍ ഇടിയുന്നതും ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം.
- മോത്തിലാല്‍ ഒസ്വാള്- ക്ലീന്‍ സയന്‍സ് ടെക്നോളജി (BSE: 543318, NSE: CLEAN) ഓഹരികള്‍ക്ക് 1,950 രൂപയാണ് സമീപ ഭാവിയിലേക്കുള്ള ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്.
- നിര്‍മല്‍ ബാങ്- ഈ ഓഹരിക്ക് 'അക്യൂമുലേറ്റ്' (Accumulate) എന്ന് നേരത്തെ നല്‍കിയിരുന്ന റേറ്റിങ് നിലനിര്‍ത്തി. എന്നാല്‍ ക്ലീന്‍ സയന്‍സ് ടെക്നോളജി ഓഹരിക്ക് സമീപ കാലയളവിലേക്ക് നല്‍കിയിരുന്ന ലക്ഷ്യവില 2,000 രൂപയില്‍ നിന്നും 1,800 രൂപയിലേക്ക് താഴ്ത്തി.
- ജെഎം ഫിനാന്‍ഷ്യല്‍- ഈ ഓഹരിക്ക് 'ബൈ' (BUY) റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം സമീപ കാലയളവിലേക്ക് ക്ലീന്‍ സയന്‍സ് ഓഹരിക്ക് 2,450 രൂപയാണ് ലക്ഷ്യവില നല്‍കിയിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications