നിക്ഷേപകര്‍ക്ക് അതുല്യമായ നേട്ടങ്ങള്‍ സമ്മാനിച്ച വര്‍ഷമായിരുന്നു 2021. ആദ്യത്തെ പത്ത് മാസങ്ങള്‍ക്കിടെ അസാധാരണമായ ബുള്‍ തരംഗത്തിനായിരുന്നു ആഭ്യന്തര ഓഹരി വിപണി സാക്ഷ്യംവഹിച്ചത്. ഒക്ടോബര്‍ മധ്യത്തോടെ പ്രധാന സൂചികകള്‍ സര്‍വകാല ഉയര്‍ന്ന നിലവാരം കുറിച്ചു. സമാനമായി മിക്ക ഓഹരികളും അവയുടെ സമീപകാല റെക്കോഡ് വിലനിലവാരം ഇതേകാലയളവില്‍ രേഖപ്പെടുത്തി.
അതസമയം വിപണിയിലെ അനുകൂല സാഹചര്യം മുതലെടുക്കാന്‍ 60-ലധികം കമ്പനികളാണ് 2021 വര്‍ഷക്കാലയളവില്‍ പ്രാഥമിക ഓഹരി വില്‍പ്പനയുമായി (IPO) ദ്വീതിയ വിപണിയിലേക്ക് കടന്നുവന്നത്. ഇതിലൂടെ 1.20 ലക്ഷം കോടിയോളം രൂപ വിവിധ കമ്പനികള്‍ പ്രാഥമിക വിപണിയില്‍ നിന്നും സമാഹരിച്ചു. ഇതുമൊരു സര്‍വ്വകാല റെക്കോഡായിരുന്നു. 2021-ല്‍ ഐപിഒ പൂര്‍ത്തിയാക്കിയ ഓഹരികളില്‍ ബഹുഭൂരിപക്ഷവും ലിസ്റ്റിങ് ദിനത്തിലും തുടര്‍ന്നും മികച്ച നേട്ടമാണ് കരസ്ഥമാക്കിയത്.
എന്നാല്‍ പിന്നീട് പണപ്പെരുപ്പം തലപൊക്കിയതോടെ അടിസ്ഥാന പലിശ നിരക്കുകള്‍ ഉയര്‍ത്തിത്തുടങ്ങുകയും വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി കടുത്ത വില്‍പ്പനയിലേക്കും കടന്നതോടെ ആഭ്യന്തര വിപണിയില്‍ തിരുത്തലുണ്ടായത്. ഇതോടെ കൊട്ടും ആരവുമായി വിപണിയിലേക്ക് കടന്നെത്തിയ പുതുതലമുറ കമ്പനികളുടേയും ഉയര്‍ന്ന മൂല്യമതിപ്പില്‍ ഐപിഒ നടത്തി വിപണിയിലേക്കും കടന്നെത്തിയ ഓഹരികള്‍ ശക്തമായ തിരുത്തല്‍ നേരിട്ടു.
വിപണിയിലും തിരിച്ചടി ശക്തമായതോടെ പിന്നീടിങ്ങോട്ട് പടിപടിയായി ഇറങ്ങിയ പുത്തന്‍ ഓഹരികള്‍ മിക്കതും ഐപിഒയുടെ ഇഷ്യൂ വിലയിലും താഴേക്ക് കൂപ്പുകുത്തി. എന്നാല്‍ ഇക്കഴിഞ്ഞ ജൂണിനിടെ വിപണിയില്‍ ഒരുവര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരം രേഖപ്പെടുത്തിയ ശേഷം ഉടലെടുത്ത അപ്രതീക്ഷിത കുതിപ്പില്‍ പ്രധാന സൂചികകള്‍ നഷ്ടം ഏറെക്കുറെ നികത്തി നില മെച്ചപ്പെടുത്തിയിരുന്നു. ഇതോടെ പുതുതമുറ ഓഹരികളുടേയും ദുരിതകാലം കഴിഞ്ഞുവെന്ന വിലയിരുത്തല്‍ ഉയരുന്നതിനിടെയാണ് 2021 നവംബറില്‍ ഐപിഒ പൂര്‍ത്തിയാക്കിയ ഇരുപതോളം നവാഗത ഓഹരികള്‍ക്കായി പുതിയൊരു 'കെണി' രൂപപ്പെടുന്നത്.
എന്താണ് സംഭവം
കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രാഥമിക ഓഹരി വില്‍പന നടത്തിയ കമ്പനികളുടെ പ്രമോട്ടര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഒരു വര്‍ഷത്തെ 'ലോക്ക്-ഇന്‍ പീരിയഡ്' കാലാവധി അടുത്ത മാസത്തോടെ പൂര്‍ത്തിയാകും. ഇതോടെ ഹ്രസ്വകാല/ ഇടക്കാലയളവില്‍ ഈ 20 ഓഹരികളിലും വില്‍പ്പന സമ്മര്‍ദം നേരിടാമെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ജൂലൈയില്‍ പ്രമോട്ടര്‍മാരുടെ 'ലോക്ക്-ഇന്‍ പീരിയഡ്' കാലാവധി പൂര്‍ത്തിയായപ്പോള്‍ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ ഓഹരികളില്‍ 22 ശതമാനം ഇടിവ് നേരിട്ടു.
പ്രധാന ഓഹരികള്‍
2022 നവംബറില്‍ പ്രമോട്ടര്‍മാരുടെ ലോക്ക് ഇന്‍ പീരിയഡ് കാലാവധി അവസാനിക്കുന്ന പ്രധാന കമ്പനികളും തീയതിയും ഇപ്രകാരമാണ്.
പേടിഎമ്മിന്റെ ഉടമസ്ഥരായ വണ്‍97 കമ്മ്യൂണിക്കേഷന്‍ (നവം. 18), പോളിസി ബാസാറിന്റെ ഉടമകളായ പിബി ഫിന്‍ടെക് (നവം. 15), നൈക്കയുടെ ഉടമസ്ഥരായ എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് (നവം. 10), ഡെല്‍ഹിവെറി (നവം. 24), സഫയര്‍ ഫൂഡ്‌സ് (നവം. 18), റെയിന്‍ബോ ചില്‍ഡ്രന്‍സ് (നവം. 10), പാരദീപ് ഫോസ്‌ഫേറ്റ്‌സ് (നവം. 27), ക്യാമ്പസ് ആക്ടീവവെയര്‍ (നവം. 9), ഫിനോ പേയ്‌മെന്റ്‌സ് ബാങ്ക് (നവം. 12), ടാര്‍സണ്‍സ് പ്രോഡക്ട്‌സ് (നവം. 26), ഗോ ഫാഷന്‍സ് (നവം. 30).
അതേസമയം ഐപിഒയ്ക്ക് മുമ്പെ കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കിയ നിക്ഷേപകര്‍ക്ക് നേരത്തെ ഉണ്ടായിരുന്ന ഒരു വര്‍ഷത്തെ ലോക്ക് ഇന്‍ പീരിയഡ് 2022 ഏപ്രിലിനു ശേഷം 6 മാസമായി മൂലധന വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെബി (SEBI) വെട്ടിച്ചുരുക്കിയിരുന്നു. ഇതിനോടൊപ്പം പ്രമോട്ടര്‍മാര്‍ക്ക് ചുരുങ്ങിയത് 20 ശതമാനം ഓഹരികള്‍ മാത്രം ഒരു വര്‍ഷത്തേക്ക് നിലനിര്‍ത്തിയാല്‍ മതിയെന്നും ഇളവ് നല്‍കിയിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications